Connect with us

Kerala

കെവിനെ കാണാതായ സംഭവത്തില്‍ എസ്പി മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു; വകുപ്പ്തല അന്വേഷണത്തിന് നിര്‍ദേശം

Published

|

Last Updated

കോട്ടയം : കെവിന്‍ പി ജോസഫിനെ കാണാതായ സംഭവത്തില്‍ കോട്ടയം മുന്‍ എസ്പി മുഹമ്മദ് റഫീഖ് മുഖ്യമന്ത്രി പിണറായി വിജയനെ തെറ്റിദ്ധരിപ്പിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് വകുപ്പ് തല അന്വേഷണത്തിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. കെവിനെ കാണാതായ ദിവസം മുഖ്യമന്ത്രി വിവിധ പരിപാടികളുമായി രാവിലെതന്നെ കോട്ടയത്തുണ്ടായിരുന്നു.

കെവിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെയറിഞ്ഞ മുഖ്യമന്ത്രി ഇത് സംബന്ധിച്ച് എസ്പി മുഹമ്മദ് റഫീഖിനോട് അന്വേഷിച്ചു. സംഭവം അന്വേഷിക്കാന്‍ ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന മറുപടിയാണ് എസ്പി മുഖ്യമന്ത്രിക്ക് നല്‍കിയത്.

എന്നാല്‍ വൈകുന്നേരത്തോടെയാണ് സംഭവം അന്വേഷിക്കാന്‍ എസ്പി മുഹമ്മദ് റഫീഖ് ഡിവൈഎസ്പിയോട് നിര്‍ദേശിച്ചത്. കേസ് അന്വേഷിക്കേണ്ട ഗാന്ധിനഗര്‍ എസ്‌ഐ തന്റെ സുരക്ഷാ ചുമതലയിലാണെന്ന വാര്‍ത്ത മുഖ്യമന്ത്രി ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഗാന്ധി നഗര്‍ എസ്‌ഐയെ സുരക്ഷാചുമതലയില്‍നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നാണ് എസ്പി മറുപടി നല്‍കിയത്. ഇതനുസരിച്ചാണ് തന്റെ സുരക്ഷാ സംഘത്തില്‍ ഗാന്ധി നഗര്‍ എസ്‌ഐ ഇല്ലെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. പിന്നീടാണ് താന്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ട കാര്യം മുഖ്യമന്ത്രി അറിയുന്നത്. കേസില്‍ എസ്പി മുഹമ്മദ് റഫീഖിനെ നേരത്തെത്തന്നെ സ്ഥലം മാറ്റിയിരുന്നു.