നിപ്പ രണ്ടാം ഘട്ടത്തിലേക്കെന്ന് സൂചന; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്

Posted on: June 1, 2018 10:59 am | Last updated: June 1, 2018 at 10:59 am
SHARE

കോഴിക്കോട്: നിപ്പാ വൈറസിന്റെ വ്യാപനം രണ്ടാം ഘട്ടത്തിലേക്കെന്ന് സൂചന നല്‍കി റസിലിന്റെ മരണം. രോഗം സ്ഥിരീകരിച്ചവരുടെ നേരത്തെയുള്ളവരുടെ ലിസ്റ്റില്‍ റസില്‍ ഉണ്ടായിരുന്നില്ല. ഇന്നലെയാണ് റസിലിന് രോഗം സ്ഥിരീകരിച്ചതെന്നാണ് സൂചന. ഉടനെ മരണവുമുണ്ടായി. ഈ സാഹചര്യത്തിലാണ് ഇത് വൈറസിന്റെ രണ്ടാം ഘട്ട വ്യാപനമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ കരുതുന്നത്. രണ്ടാം ഘട്ട വ്യാപനത്തിന് നേരത്തെ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും റസിലിന്റെ മരണത്തോടെ ആരോഗ്യവകുപ്പ് കൂടുതല്‍ ജാഗ്രത പാലിക്കുകയാണ്.
ചങ്ങരോത്ത് സൂപ്പിക്കടയിലെ സാബിതില്‍ നിന്ന് രോഗം പകര്‍ന്ന 16 പേരും മരിച്ചിരുന്നു. എന്നാല്‍ ഈ 16 പേരുമായി ബന്ധപ്പെട്ടവരില്‍ നിന്ന് വൈറസ് പകരാനുള്ള സാധ്യതയാണ് ആരോഗ്യ വകുപ്പ് കാണുന്നത്. ഇതിനായി ഇവരുമായി ബന്ധപ്പെട്ടവരെയും മെയ് അഞ്ച് മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് കാഷ്വാലിറ്റി, വിശ്രമമുറി, സി ടി സ്‌കാന്‍ പരിസരം, ബാലുശ്ശേരി ഗവ. ആശുപത്രി എന്നിവിടങ്ങളില്‍ വന്നുപോയവരെയും ഉള്‍പ്പെടുത്തി ലിസ്റ്റ് വിപുലീകരിക്കാനാണ് ആരോഗ്യ വകുപ്പ് ഒരുങ്ങുന്നത്.

നിലവില്‍ 1,407 പേര്‍ രോഗികളുമായി അടുത്തിടപഴകിയ സമ്പര്‍ക്ക ലിസ്റ്റിലുണ്ട്. ഇതാണ് വിപുലീകരിക്കുന്നത്. നിര്‍മാണ തൊഴിലാളിയായ റസില്‍ നേരത്തെ പനിയെ തുടര്‍ന്ന് ബാലുശ്ശേരി മുക്കിലെ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇതേസമയത്ത് നിപ്പാ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ച കോട്ടൂര്‍ സ്വദേശി ഇസ്മാഈലും ഇവിടെ ചികിത്സയിലുണ്ടായിരുന്നു. ഇവിടെ നിന്നാണ് നിപ്പാ വൈറസ് ബാധയേറ്റതെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം.

റസില്‍ പനി മാറി വീട്ടിലെത്തിയെങ്കിലും രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 27നാണ് രോഗ ലക്ഷണങ്ങളോടെ റസിലിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍പ്രവേശിപ്പിച്ചത്. ആദ്യഘട്ടത്തില്‍ ചങ്ങരോത്ത് പഞ്ചായത്തിലെ സൂപ്പിക്കടയിലെ സാബിത്തില്‍ നിന്നാണ് രോഗം പകര്‍ന്നതെങ്കില്‍ റസിലിന് ഇസ്മാഈലില്‍ നിന്നാണ് പകര്‍ന്നത്. ഇതാണ് വൈറസ് രോഗബാധ രണ്ടാം ഘട്ടത്തില്‍ കടന്നെന്ന സൂചന നല്‍കുന്നത്. ഈ ഘട്ടത്തില്‍ രോഗ പ്രതിരോധത്തിന് ജനങ്ങള്‍ ജാഗ്രത വര്‍ധിപ്പിക്കേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

കേരളത്തില്‍ രോഗമുണ്ടാക്കിയ നിപ്പാ വൈറസിന് മലേഷ്യയിലുണ്ടായതിനെക്കാള്‍ ബംഗ്ലാദേശിലുണ്ടായതിനോടാണ് ജനിതക സാമ്യമെന്ന് മണിപ്പാല്‍ സെന്റര്‍ ഫോര്‍ വൈറസ് റിസര്‍ച്ച് മേധാവി ഡോ. ജി അരുണ്‍കുമാര്‍ വ്യക്തമാക്കി. ജനിതക വിശകലനം പൂര്‍ണമാകാന്‍ ഇനിയും സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നിപ്പാ വൈറസ് ബാധയേറ്റ് ബുധനാഴ്ച കോഴിക്കോട് രണ്ട് പേര്‍ മരിച്ചിരുന്നു, കോഴിക്കോട് നെല്ലിക്കോട് ഡിവൈന്‍ വീട്ടില്‍ മധുസൂദനന്‍ (55), കാരശ്ശേരി നെല്ലിക്കാപറമ്പ് സ്വദേശി അഖില്‍ (28) എന്നിവരാണ് മരിച്ചത്. ഇന്നലെ നാല് പേരെ പുതുതായി നിപ്പാ രോഗബാധ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. സരിത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here