Connect with us

Kerala

നിപ്പ ഭീതി: ബാലുശ്ശേരി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും അവധി നല്‍കി

Published

|

Last Updated

കോഴിക്കോട്: നിപ്പ ബാധിച്ച് രണ്ട് പേര്‍ മരിച്ച സാഹചര്യത്തില്‍ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ഒരാഴ്ചത്തേക്ക് അവധി നല്‍കി. ആരോഗ്യവകുപ്പ് ഡയറക്ടറുടേതാണ് ഉത്തരവ്. പകരം സംവിധാനം ഏര്‍പ്പെടുത്തിയതായും ഒപി പ്രവര്‍ത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു. നിപ്പ ബാധിച്ച് മരിച്ച രണ്ട് പേര്‍ ഇവിടെ ചികിത്സയിലായിരുന്നു.

രണ്ട് ദിവസങ്ങളിലായി മൂന്ന് നിപ്പ മരണമുണ്ടായ സാഹചര്യത്തില്‍ ഇവരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവരെ കണ്ടെത്താനും നിരീക്ഷണം ശക്തിപ്പെടുത്താനും ആരോഗ്യവകുപ്പ് തീരുമാനിച്ചു. മേയ് അഞ്ചിന് രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെ മെഡിക്കല്‍ കോളജ് ആശുപത്രി കാഷ്യാലിറ്റി, സി.ടി സ്‌കാന്‍ റൂം, വിശ്രമമുറി എന്നിവിടങ്ങളിലും 14ന് രാത്രി ഏഴുമുതല്‍ ഒമ്പതുവരെയും 18, 19 തീയതികളില്‍ ഉച്ച രണ്ടുവരെയും ബാലുശ്ശേരി ഗവ. ആശുപത്രിയിലും പോയവര്‍ സ്‌റ്റേറ്റ് നിപ സെല്ലില്‍ വിളിച്ചറിയിക്കണം. 0495 2381000 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്. വിളിക്കുന്നവരുടെ പേരുവിവരം ഒരു കാരണവശാലും പുറത്തറിയിക്കില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ജയശ്രീ അറിയിച്ചു.

ഈ ദിവസങ്ങളില്‍ മരിച്ച നെല്ലിക്കാപ്പറമ്പ് മാട്ടുമുറി കോളനിയില്‍ അഖില്‍, കോട്ടൂര്‍ പൂനത്ത് നെല്ലിയുള്ളതില്‍ റസിന്‍ എന്നിവരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവരും നിര്‍ബന്ധമായും നിപ്പ സെല്ലില്‍ വിളിച്ചറിയിക്കേണ്ടതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.