Connect with us

National

ബിഹാറില്‍ ആര്‍ ജെ ഡിയുടെ ശക്തിപ്രകടനം

Published

|

Last Updated

പാറ്റ്‌ന: മഹാസഖ്യം വിട്ട് ബി ജെ പിക്കൊപ്പം ചേര്‍ന്ന് ഭരണം തുടരുന്ന ബിഹാറിലെ നിതീഷ് കുമാര്‍ സര്‍ക്കാറിന് കനത്ത തിരിച്ചടിയാണ് ജോകിഹട്ട് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് തോല്‍വി. ലാലു പ്രസാദ് യാദവിന്റെ അഭാവത്തില്‍ ആര്‍ ജെ ഡിയെ നയിക്കുന്ന മകന്‍ തേജസ്വി യാദവിന് കീഴില്‍ പാര്‍ട്ടി ഒറ്റക്കെട്ടായി നിന്നപ്പോള്‍ നാല്‍പ്പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അവരുടെ സ്ഥാനാര്‍ഥി ഷാനവാസ് ആലമിന്റെ വിജയം. സിറ്റിംഗ് സീറ്റ് മുഹമ്മദ് മുര്‍ഷിദ് ആലമിനെ ഇറക്കി നിലനിര്‍ത്താനുള്ള ജെ ഡി യുവിന്റെ മോഹം ഫലം കണ്ടില്ല.

നിതീഷ് കുമാര്‍ ബി ജെ പി പാളയത്തില്‍ ചേര്‍ന്നതില്‍ പ്രതിഷേധിച്ച് ജോകിഹത് എം എല്‍ എ ആയിരുന്ന സര്‍ഫറാസ് ആലം രാജിവെച്ചതിനെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. സര്‍ഫറാസിന്റെ ഇളയ സഹോദരനാണ് വിജയിച്ച ആര്‍ ജെ ഡി സ്ഥാനാര്‍ഥി ഷാനവാസ് ആലം. സര്‍ഫറാസ് ആലം ആകട്ടെ, പിതാവ് മുഹമ്മദ് തസ്‌ലീമുദ്ദീന്റെ മരണത്തെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന ബിഹാറിലെ അരാരിയ മണ്ഡലത്തില്‍ നിന്ന് ആര്‍ ജെ ഡി ടിക്കറ്റില്‍ പാര്‍ലിമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. കാലിത്തീറ്റ കേസില്‍ ശിക്ഷിക്കപ്പെട്ട് ആര്‍ ജെ ഡി മേധാവി ലാലു പ്രസാദ് യാദവ് ജയിലില്‍ കഴിയുമ്പോള്‍ മകന്‍ തേജസ്വിയുടെ നേതൃത്വത്തില്‍ നേടുന്ന മൂന്നാമത് ജയമാണ് ജോക്ഹട്ടിലേത്. മാര്‍ച്ചില്‍ നടന്ന ജെഹനാബാദ് നിയമസഭാ ഉപതിരഞ്ഞെടുപ്പിലും ആര്‍ ജെ ഡി സ്ഥാനാര്‍ഥി വിജയിച്ചിരുന്നു.

“എന്റെ ചാച്ച (അമ്മാവന്‍) നിതീഷ് കുമാര്‍ പണവും അധികാരവും പ്രയോഗിച്ചിട്ടും സീറ്റ് നിലനിര്‍ത്താനായില്ല. അവസരവാദത്തിനെതിരെ “ലാലുവാദം” നേടിയ വിജയമാണ് ജോകിഹതിലേത്. സര്‍ക്കാര്‍ സംവിധാനം പൂര്‍ണമായും ഉപയോഗിച്ചിട്ടും നിതീഷ് കുമാറിന് പിടിച്ചുനില്‍ക്കാനായില്ല. അദ്ദേഹത്തിന് എന്റെ പിതാവ് ലാലുജിയെ കുറിച്ച് ഇതുവരെ മനസ്സിലായിട്ടില്ല”- വിജയ പ്രഖ്യാപനം വന്നയുടനെ തേജസ്വി യാദവ് മാധ്യമങ്ങളോട് പ്രതികരിച്ചു.

മന്ത്രിസഭാംഗങ്ങളെയും പാര്‍ട്ടിയിലെ വിശ്വസ്തരെയും ഉപയോഗിച്ച് വമ്പന്‍ പ്രചാരണമാണ് ഉപതിരഞ്ഞെടുപ്പില്‍ നിതീഷ് നടത്തിയത്. വലിയ പോരാട്ടം നന്നപ്പോള്‍ വിജയം ജെ ഡി യുവിനൊപ്പം നില്‍ക്കുമെന്നായിരുന്നു നിതീഷിന്റെ കണക്കുകൂട്ടല്‍. പക്ഷേ, സ്ഥാനാര്‍ഥി നിര്‍ണയം തൊട്ട് ജെ ഡി യു തിരിച്ചടി നേരിട്ടു. കൂട്ടബലാത്സംഗം ഉള്‍പ്പെടെ ഏഴ് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മുര്‍ഷിദ് ആലമിനെയാണ് അവര്‍ സ്ഥാനാര്‍ഥിയാക്കിയത്. ഒരു ക്ഷേത്രത്തില്‍ നിന്ന് കാണാതായ വിഗ്രഹം മുര്‍ഷിദ് ആലമിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തതും ജെ ഡി യുവിന് തിരിച്ചടിയായി.

Latest