Connect with us

International

തുടരെ മൂന്നാം ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയതിന് പിന്നാലെ സിദാന്‍ റയല്‍ വിട്ടു

Published

|

Last Updated

റയല്‍ മാഡ്രിഡ് പരിശീലകസ്ഥാനം രാജിവെക്കുന്ന വിവരം സിദാന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കുന്നു. സമീപം റയല്‍ മാഡ്രിഡ് പ്രസിഡന്റ് പെരെസ്‌

മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് തുടരെ മൂന്നാം വട്ടവും റയല്‍ മാഡ്രിഡിന് നേടിക്കൊടുത്ത കോച്ച് സിനദിന്‍ സിദാന്‍ ഏവരെയും ഞെട്ടിച്ചു കൊണ്ട് പരിശീലക സ്ഥാനമൊഴിഞ്ഞു.

റയല്‍ മാഡ്രിഡ് ക്ലബ്ബ് പ്രസിഡന്റ് ഫ്‌ളോറന്റീനോ പെരെസിനൊപ്പം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ സിദാന്‍ ക്ലബ്ബിന്റെ പുതിയ ട്രാന്‍സ്ഫറിനെ കുറിച്ച് സംസാരിക്കാന്‍ പോവുകയാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍, താന്‍ അടുത്ത സീസണില്‍ റയലിനൊപ്പം ഉണ്ടാകില്ലെന്ന് അറിയിക്കുകയാണ് സിദാന്‍ ചെയ്യത്. പെരെസിന്റെ മുഖത്ത് കടുത്ത നിരാശ നിഴലിച്ചു. എന്നാല്‍, സിദാന്‍ വൈകാരികമായ യാത്ര പറയല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു.

റയല്‍ വിടാന്‍ അനുയോജ്യമായ സമയം ഇതാണ്. ക്ലബ്ബിനും എനിക്കും നല്ലത് ബന്ധം വിച്ഛേദിക്കുന്നതാണ്. ഏറെ വിഷമകരമായ കാര്യമാണിതെന്നറിയാം. പക്ഷേ, വളരെ പ്രധാനപ്പെട്ട തീരുമാനമാണിത്. ഇത് റയല്‍മാഡ്രിഡ് വേണ്ടിയെടുക്കുന്ന തീരുമാനമാണ് -സിദാന്‍ പറഞ്ഞു.

റയലിന് വിജയം തുടരാന്‍ സാധിക്കും. എന്നാല്‍, ചെറിയൊരു മാറ്റം അനിവാര്യം. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ടീം മറ്റൊരു ശൈലിയും രീതിയുമൊക്കെ സ്വായത്തമാക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടാണ് താന്‍ പിന്‍മാറുന്നത് – സിദാന്‍ കൂട്ടിച്ചേര്‍ത്തു.

യുവേഫയുടെ ചരിത്രത്തില്‍ വലിയ ഇടം കണ്ടെത്തിയതിന് ശേഷമാണ് സിദാന്‍ റയലിന്റെ കോച്ചിംഗ് കുപ്പായമഴിച്ചത്. തുടരെ മൂന്ന് തവണ ചാമ്പ്യന്‍സ് ലീഗ് നേടുന്ന ആദ്യ കോച്ചാണ് സിദാന്‍. 2016 ജനുവരിയില്‍ റാഫേല്‍ ബെനിറ്റസിനെ റയല്‍ പുറത്താക്കിയതിന് പിന്നാലെയാണ് സിദാന്‍ സ്ഥാനമേറ്റെടുത്തത്.

---- facebook comment plugin here -----

Latest