Connect with us

Sports

മെസിക്ക് ഹാട്രിക്ക്

Published

|

Last Updated

മത്സരഫലങ്ങള്‍

അര്‍ജന്റീന 4-0 ഹെയ്തി
പനാമ 0-0 ഉ.അയര്‍ലന്‍ഡ്
പെറു 2-0 സ്‌കോട്‌ലന്‍ഡ്
ജപ്പാന്‍ 0-2 ഘാന

ബ്യൂണസ്‌ഐറിസ്: ലോകകപ്പ് സന്നാഹ മത്സരത്തില്‍ ലയണല്‍ മെസിക്ക് ഹാട്രിക്ക്. ഹെയ്തിക്കെതിരെ അര്‍ജന്റീന മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് ജയം ആഘോഷിച്ചു. ക്യാപ്റ്റന്‍ ഗോളടിച്ച് കസറിയപ്പോള്‍ സഹതാരങ്ങള്‍ക്ക് ആത്മവിശ്വാസത്തോടെ കളം നിറയാന്‍ സാധിച്ചു.
പതിനേഴാം മിനുട്ടില്‍ പെനാല്‍റ്റി ഗോളോടെയാണ് മെസിയും അര്‍ജന്റീനയും തുടങ്ങിയത്. 58,66 മിനുട്ടുകളില്‍ മെസി ഹാട്രിക്ക് പൂര്‍ത്തിയാക്കി. നാലാം ഗോള്‍ അറുപത്തൊമ്പതാം മിനുട്ടില്‍ മാഞ്ചസ്റ്റര്‍ സിറ്റി സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്യുറോയാണ് നേടിയത്.

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ പതറി നില്‍ക്കുമ്പോള്‍ ഇക്വഡോറിനെതിരെ മെസി നേടിയ ഹാട്രിക്കായിരുന്നു അര്‍ജന്റീനക്ക് പുത്തന്‍ ഉണര്‍വ് ന്ല്‍കിയത്. ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബാഴ്‌സലോണ താരം ക്ലബ്ബ് ഫോം രാജ്യത്തിനായും ആവര്‍ത്തിക്കുന്ന കാഴ്ചയാണ്.
അഗ്യുറോ നേടിയ ഗോള്‍ മെസി ഒരുക്കിയതായിരുന്നു.

പകരക്കാരനായാണ് അഗ്യുറോ കളത്തിലിറങ്ങിയത്. യുവെന്റസ് സ്‌ട്രൈക്കര്‍ ഗോണ്‍സാലോ ഹിഗ്വെയിനും പിഎസ്ജിയുടെ ഏഞ്ചല്‍ഡി മരിയയുമാണ് മെസിക്കൊപ്പം ആദ്യലൈനപ്പില്‍ അറ്റാക്കിംഗ് നിരയില്‍ കളിച്ചത്.

ലോകകപ്പില്‍ ഞങ്ങള്‍ ഫേവറിറ്റുകളല്ല, പക്ഷേ, റഷ്യയില്‍ സാധ്യമായതെല്ലാം ചെയ്തിട്ടേ ഞങ്ങള്‍ മടങ്ങൂ – മത്സരശേഷം മെസി പറഞ്ഞു.

ബൊക്ക ജൂനിയേഴ്‌സ് സ്റ്റേഡിയത്തിലായിരുന്നു അര്‍ജന്റീന ഗോളടിച്ച് കൂട്ടിയത്. ഈ വിജയമോ ഗോളുകളോ പ്രധാനമല്ല. ടീമിനെ സംബന്ധിച്ച് നാട്ടുകാരോട് റഷ്യയിലേക്ക് നല്ല രീതിയില്‍ യാത്ര ചോദിക്കല്‍ മാത്രമായിരുന്നു മത്സരം. അത് സാധിച്ചു – മെസി പറഞ്ഞു. അര്‍ജന്റീന ലോകകപ്പ് തയ്യാറെടുപ്പുകള്‍ക്കായി ബാഴ്‌സലോണയിലേക്ക് യാത്ര തിരിച്ചു.

ജൂണ്‍ പതിനാറിന് ഐസ് ലന്‍ഡുമായാണ് ലോകകപ്പിലെ ആദ്യ മത്സരം. 21ന് ക്രൊയേഷ്യയെയും 26ന് നൈജീരിയെയും നേരിടും. 1986 മെക്‌സിക്കോ ലോകകപ്പ് ഡിയഗോ മറഡോണയുടെ ഇന്ദ്രജാലത്തില്‍ സ്വന്തമാക്കിയ അര്‍ജന്റീനക്ക് പിന്നീട് കപ്പോളമെത്താന്‍ സാധിച്ചെങ്കിലും മുത്തമിടാന്‍ ഭാഗ്യമുണ്ടായില്ല.

നാല് വര്‍ഷം മുമ്പ് ബ്രസീലില്‍ ജര്‍മനിയോട് മെസിപ്പട ഫൈനലില്‍ തോല്‍ക്കുകയായിരുന്നു. ഇത്തവണ, യൂറോപ്പിലെ ടോപ് സ്‌കോറര്‍ ആയ മെസി ബാഴ്‌സലോണക്ക് ലാ ലിഗ കിരീടം നേടിക്കൊടുത്തതിന്റെ ആത്മവിശ്വാസത്തിലാണ്.

കരിയറില്‍ ഏറ്റവും മികച്ച ഫോമിലാണ് മെസി. ഇപ്പോഴില്ലെങ്കില്‍ പിന്നീടൊരിക്കലും ലോകകപ്പില്‍ മുത്തമിടാന്‍ മെസിക്ക് സാധിക്കില്ല.
അര്‍ജന്റീനക്കായി ഏറ്റവുമധികം മത്സരം കളിച്ച താരം എന്ന റെക്കോര്‍ഡ് ഈ മത്സരത്തില്‍ ജാവിയര്‍ മഷെറാനോ സ്വന്തമാക്കി.
ജാവിയര്‍ സനേറ്റിയുടെ റെക്കോര്‍ഡ് പിന്തള്ളിയ മഷെറാനോ 143താം മത്സരമാണ് വെള്ളയും ആകാശനീലയും ജഴ്‌സിയില്‍ കളിച്ചത്.

ജപ്പാന് തോല്‍വി

ലോകകപ്പ് സന്നാഹത്തില്‍ ജപ്പാന് തോല്‍വി. ലോകകപ്പ് യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ട ഘാനയാണ് അകിര നിഷിനോയുടെ സംഘത്തിന് ഷോക്കേല്‍പ്പിച്ചത് (2-0). ജപ്പാന്‍ പരിശീലക സ്ഥാനം ഏറ്റെടുത്തതിന് ശേഷം അകിരയുടെ ആദ്യ മത്സരമായിരുന്നു ഇത്. അഞ്ച് പേരെ പ്രതിരോധത്തില്‍ നിര്‍ത്തിക്കൊണ്ടുള്ള അകിരയുടെ ഫോര്‍മേഷന്‍ തികഞ്ഞ പരാജയമായി. ബൊറൂസിയ ഡോട്മുണ്ടിന്റെ സൂപ്പര്‍താരം ഷിന്‍ജി കഗാവ പകരക്കാരനായാണ് കളത്തിലിറങ്ങിയത്.

ഒമ്പതാം മിനുട്ടില്‍ ഫ്രീകിക്ക് ഗോളിലാണ് ഘാനലീഡെടുത്തത്. അത്‌ലറ്റിക്കോ മാഡ്രിഡിന്റെ തോമസ് പാര്‍ടെയാണ് സ്‌കോര്‍ ചെയ്തത്. അമ്പത്തൊന്നാം മിനുട്ടില്‍ ഇമ്മാനുവല്‍ ബോട്ടെംഗ് പെനാല്‍റ്റി ഗോളില്‍ ലീഡ് വര്‍ധിപ്പിച്ചു.
സ്വിറ്റ്‌സര്‍ലന്‍ഡ്, പരാഗ്വെ സന്നാഹ മത്സരങ്ങള്‍ കൂടി ജപ്പാന് ബാക്കിയുണ്ട്.

Latest