സ്‌കൂള്‍ പ്രവേശനോത്സവ ഗാനത്തെ ചൊല്ലി അധ്യാപക സംഘടനകള്‍ തമ്മില്‍ പോര്

Posted on: May 31, 2018 6:09 am | Last updated: May 30, 2018 at 11:55 pm

കോഴിക്കോട്: സ്‌കൂള്‍ പ്രവേശന ഗാനവുമായി ബന്ധപ്പെട്ട് സി പി എം, സി പി ഐ അനുകൂല അധ്യാപക സംഘടനകളായ കെ എസ് ടി എയും എ കെ എസ് ടി യുവും ഏറ്റുമുട്ടലില്‍. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ അണ്‍ എയ്ഡഡ് സ്ഥാപനത്തിലെ വിദ്യാര്‍ഥിനിയെ കൊണ്ട് ഗാനം പാടിച്ചതും രചനയില്‍ നിന്ന് അധ്യാപകരെ ഒഴിവാക്കിയതുമാണ് കെ എസ് ടി എക്കെതിരെ എ കെ എസ് ടി യു തിരിഞ്ഞത്.

പൊതുവിദ്യാലയങ്ങളില്‍ പ്രതിഭകള്‍ ഉള്ളപ്പോള്‍ സമ്പന്ന വര്‍ഗത്തിന്റെ പ്രതീകമായ അണ്‍ എയ്ഡഡ് സ്ഥാപനത്തിലെ വിദ്യാര്‍ഥിനിയെ കൊണ്ട് ഗാനമാലപിച്ച് വന്‍ തുക ചെലവഴിച്ചത് എന്തിനെന്ന് കെ എസ് ടി എ വ്യക്തമാക്കണമെന്ന് എ കെ എസ് ടി യു പ്രസിഡന്റ് എന്‍ ശ്രീകുമാര്‍ പ്രതികരിച്ചു. എല്ലാ വിദ്യാലയങ്ങളിലും ഗാനാലാപനം നിര്‍ത്തിവെക്കണമെന്നും ഓരോ സ്‌കൂളും അവരവര്‍ തയ്യാറാക്കിയ ഗാനമാലപിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. എസ് എസ് എയുടെ അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസറായ കെ എസ് ടി എ സംസ്ഥാന പ്രസിഡന്റ് അറിയാതെയാണോ അപാകതയെന്ന് വ്യക്തമാക്കണം. ഉന്നത വിദ്യാഭ്യാസ രംഗത്തുള്ള പലരും പൊതു വിദ്യാഭ്യാസത്തെ കുറിച്ച് ഒന്നും അറിയാത്തവരാണ്. ഇവരാണ് തെറ്റുകള്‍ അടിച്ചേല്‍പ്പിക്കുന്നതെന്നും ഗൗരവമുള്ള വിഷയങ്ങളെടുക്കുമ്പോഴുള്ള ജാഗ്രതക്കുറവ് അംഗീകരിക്കാനാകുന്നതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതു വിദ്യാലയങ്ങളില്‍ കഴിവുള്ള നിരവധി പ്രതിഭകളും മികച്ച സംഗീതാധ്യാപകരും നല്ല രീതിയില്‍ കവിതയെഴുതുന്ന അധ്യാപകരുണ്ട്. ഇവരെയെല്ലാം ഒഴിവാക്കി നടത്തിയ ഏകപക്ഷീയ പ്രവേശനോത്സവ ഗാന നിര്‍മാണത്തിന് എത്ര തുകയായെന്ന് വ്യക്തമാക്കണമെന്നും ശ്രീകുമാര്‍ ആവശ്യപ്പെട്ടു.

അതേസമയം, ഗാനം ഇന്ന് പിന്‍വലിക്കണമെന്ന് പറഞ്ഞാല്‍ അംഗീകരിക്കാനാകില്ലെന്ന് കെ എസ് ടി എ സംസ്ഥാന പ്രസിഡന്റ് കെ ജെ ഹരികുമാര്‍ പ്രതികരിച്ചു. കഴിഞ്ഞ വര്‍ഷത്തെ അതേ മാനദണ്ഡം തന്നെയാണ് ഈ വര്‍ഷവും പിന്തുടര്‍ന്നത്. കഴിഞ്ഞ വര്‍ഷം ഇക്കാര്യമുന്നയിക്കാതെ ഇപ്പോള്‍ വിഷയം ഉയര്‍ത്തുന്നതിന് പിന്നില്‍ മറ്റെന്തെങ്കിലും താത്പര്യമുണ്ടായിരിക്കാം. വെറുതെ വിവാദമുണ്ടാക്കാനാണ് ഇത് വലിച്ചിഴക്കുന്നത്. അണ്‍ എയ്ഡഡിലാണോ എയ്ഡഡിലാണോ വിദ്യാര്‍ഥിനി പഠിക്കുന്നതെന്ന് നോക്കിയല്ല പാടിക്കുന്നത്. കലാകാരി എന്ന നിലക്കാണ് ദേവഗിരി സി എം ഐ പബ്ലിക് സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ ശ്രേയ ജയദീപിനെ തിരഞ്ഞെടുത്തത്. പൊതുജനങ്ങള്‍ക്ക് പ്രതിഷേധമുണ്ടെങ്കില്‍ അടുത്ത വര്‍ഷം പുനഃപരിശോധിക്കാം. ഈ വര്‍ഷം ജാഗ്രതക്കുറവുണ്ടായെന്ന് പറയാനാകില്ല. എങ്കില്‍ കഴിഞ്ഞ വര്‍ഷമേ ഉണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു.

കവി മുരുകന്‍ കാട്ടാക്കട രചിച്ച ‘പുസ്തകപ്പൂക്കളില്‍ തേന്‍ കുടിക്കാന്‍’ എന്ന് തുടങ്ങുന്ന സ്‌കൂള്‍ പ്രവേശനോത്സവ ഗാനമാണ് വിവാദമായത്. രണ്ട് വര്‍ഷമായി അധ്യാപകരെ ഒഴിവാക്കി ഒരു കവിയെത്തന്നെ ഗാനരചന നിര്‍വഹിക്കാനേല്‍പ്പിച്ചതാണ് എ കെ എസ് ടിയുവും പ്രതിപക്ഷ അധ്യാപക സംഘടനകളും ചോദ്യം ചെയ്യുന്നത്. ഗാനമാലപിച്ച ശ്രേയ പിന്നണി ഗായികയാണ്. വിജയ് കരുണ്‍ സംഗീതം നല്‍കിയ ഗാനം പൊതു വിദ്യാലയത്തിന്റെ മഹത്വം ഉള്‍ക്കൊള്ളുന്നതാണ്. സി ബി എസ് ഇ വിദ്യാര്‍ഥിനിയെ കൊണ്ട് ഗാനം ആലപിപ്പിച്ചതാണ് പ്രതിഷേധത്തിന് കാരണം. അതേസമയം, കെ പി എസ് ടി എ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ അധ്യാപക സംഘടനകള്‍ ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.