സ്‌കൂളുകള്‍ നാളെ തുറക്കും

കോഴിക്കോട്ടും മലപ്പുറത്തും അഞ്ചിന്
Posted on: May 31, 2018 6:07 am | Last updated: May 30, 2018 at 11:51 pm

തിരുവനന്തപുരം: വേനലവധിക്ക് ശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ നാളെ തുറക്കും. ജൂണ്‍ നാലിന് സ്‌കൂള്‍ തുറക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും പ്രവൃത്തി ദിനങ്ങളുടെ എണ്ണം 200 തികക്കാനായി ഒന്നിന് തന്നെ അധ്യയനം ആരംഭിക്കാന്‍ വിദ്യാഭ്യാസവകുപ്പ് തീരുമാനിക്കുകയായിരുന്നു. അതേസമയം സി ബി എസ് ഇ സ്‌കൂളുകള്‍ക്ക് സര്‍ക്കാറിന്റെ തീരുമാനം ബാധകമല്ലാത്തതിനാല്‍ തിങ്കളാഴ്ചയാണ് ഇവിടങ്ങളില്‍ ക്ലാസ് തുടങ്ങുന്നത്. നിപ്പാ വൈറസ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ സ്‌കൂളുകള്‍ തുറക്കുന്നത് അഞ്ചിലേക്ക് മാറ്റിയിട്ടുണ്ട്.

സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ ഒമ്പതിന് നെടുമങ്ങാട് എല്‍ പി എസ്, ഗവ.ഗേള്‍സ് എച്ച് എസ് എസ് എന്നിവിടങ്ങളില്‍ നടക്കും. രാവിലെ ഒമ്പതിന് ഗവ. എല്‍ പി എസില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ കുട്ടികളെ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് വരവേല്‍ക്കും. 9.25 ന് ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി മുഖ്യാതിഥിയായിരിക്കും. രക്ഷിതാക്കള്‍ക്കുള്ള ബോധവത്കരണ കൈപ്പുസ്തകം- ‘നന്മ പൂക്കുന്ന നാളേക്ക്’ ഡോ. എ സമ്പത്ത് എം പി പ്രകാശനം ചെയ്യും.