Articles
ഹൃദയസ്പര്‍ശിയായ ഒരു പുകയില ചിന്ത

“പുകയിലയും ഹൃദ്രോഗങ്ങളും” എന്നതാണ് ഇന്ന് ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുമ്പോഴുള്ള പ്രമേയം. പുകയിലക്ക് അടിമയായ വ്യക്തിക്ക് ലഭിക്കുന്നതായി പറയപ്പെടുന്ന ആനന്ദകരമായ അവസ്ഥ, മാനസിക സമ്മര്‍ദത്തില്‍നിന്നുള്ള മോചനം തുടങ്ങിയ മിഥ്യകളെ തുറന്നുകാട്ടുകയാണ് പുകയില വിരുദ്ധ ദിനാചരണത്തിന്‍ന്റെ ലക്ഷ്യം. പുകയില ശീലം വരുത്തുന്ന ആരോഗ്യപ്രശ്‌നങ്ങള്‍, പ്രത്യേകിച്ചും ആരോഗ്യമുള്ള ഒരു ഹൃദയത്തിനുണ്ടാക്കുന്ന ദോഷങ്ങള്‍ എന്നിവയും അവക്കുള്ള പരിഹാരമാര്‍ഗങ്ങളും ഇതിലൂടെ ലക്ഷ്യമിടുന്നു. പുകയില ഉപയോഗം നിമിത്തമുള്ള മരണങ്ങള്‍ ഒഴിവാക്കാനുള്ള വിപുലമായ ബോധവത്കരണ പരിപാടികള്‍ ഈ ദിനാചരണത്തോടനുബന്ധിച്ചു നടത്തുന്നു. ഈ വര്‍ഷം “മനുഷ്യഹൃദയ”ത്തിനാണ് പ്രാധാന്യം നല്‍കുന്നത്.
പുകയിലയുടെ ദോഷങ്ങള്‍ പുക വലിക്കുന്നവരില്‍ മാത്രമല്ല, പുകയേല്‍ക്കുന്നവരെയും ബാധിക്കും (സെക്കന്റ് ഹാന്‍ഡ് സ്‌മോക്ക്). ജോലി സ്ഥലങ്ങളിലെ പുകവലി, പുക വലിക്കാത്ത, അതേസമയം പുക ഏല്‍ക്കുന്നവരുടെ ഹൃദയത്തെ 25 മുതല്‍ 30 ശതമാനം വരെ അപായപ്പെടുത്തുകയും അവരില്‍ ഹൃദയാഘാതം ഉണ്ടാവാനുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നു. ഈ കണ്ടെത്തല്‍ അമേരിക്കയില്‍ മേരിലാന്‍ഡിലെ ബെതെസ്ദയിലുള്ള നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌സ് ഓഫ് ഹെല്‍ത്തിന്റെ മൂന്നാമത്തെ വലിയ സ്ഥാപനമായ നാഷനല്‍ ഹാര്‍ട്ട്, ലങ് ആന്‍ഡ് ബ്ലഡ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കണ്ടെത്തലാണ്. അടുത്ത കാലത്തു പുറത്തിറങ്ങിയ ആഗോള ഗാറ്റ്‌സ് 2 റിപ്പോര്‍ട്ടനുസരിച്ച്, ജോലി സ്ഥലങ്ങളിലെ പുകയില ഉപയോഗം, ഗാറ്റ്‌സ്1 റിപ്പോര്‍ട്ടിലെ 17.5 ശതമാനത്തില്‍ നിന്ന് 20.8 ശതമാനമായി കൂടിയിട്ടുണ്ട്. സിഗരറ്റും മറ്റ് പുകയില ഉത്പന്നങ്ങളും സംബന്ധിച്ച നിയമ (കോട്പ)ത്തിലെ നാലാം വകുപ്പിലൂടെ ജോലി സ്ഥലങ്ങളില്‍ പുകവലി നിരോധനം കര്‍ശനമാക്കണമെന്ന് ഈ കണ്ടെത്തല്‍ വെളിപ്പെടുത്തുന്നു.
നിലവിലുള്ള നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിന് ജില്ലാതലങ്ങളില്‍ ഉന്നതതല ഫോറങ്ങള്‍ വേണ്ടതുണ്ട്. ഈ ഫോറങ്ങള്‍ കാലാകാലങ്ങളില്‍ വികസനപ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത് പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുകയും അവ പരിഹരിക്കുന്നതിലേക്ക് സര്‍ക്കാറിന്റെ ശ്രദ്ധ ക്ഷണിക്കുകയും വേണം.
കേരളത്തില്‍ ഇത്തരത്തിലുള്ള ജില്ലാ വികസന സമിതികള്‍ 1957 ജൂണ്‍ 22 മുതല്‍ പ്രവര്‍ത്തിച്ചുവരികയാണ്. 1993ല്‍ ജില്ലാ കലക്ടര്‍ ചെയര്‍മാനും ജില്ലയിലെ എം പിമാര്‍, എം എല്‍ എമാര്‍, എല്ലാ വികസന വകുപ്പുകളുടെയും മേധാവികള്‍, ലീഡ് ബേങ്കിന്റെ പ്രതിനിധികള്‍ എന്നിവര്‍ അംഗങ്ങളായും ഈ സമിതികള്‍ പുനഃസംഘടിപ്പിച്ചു.
എല്ലാ മാസത്തിലും ഈ സമിതികള്‍ യോഗം ചേരുമ്പോള്‍ കോട്പ നടപ്പാക്കല്‍ കാര്യപരിപാടിയില്‍ ഉള്‍പ്പെടുത്തുകയും പ്രവര്‍ത്തനം പരിശോധിക്കുകയും അവലോകനം നടത്തുകയും ചെയ്യുന്നുണ്ട്. ശക്തമായ ഈ മാതൃകാപരിപാടിയിലൂടെ ജോലി സ്ഥലങ്ങളിലെ പുകവലി നിരോധനം കര്‍ശനമാക്കാവുന്നതാണ്. ഇതിലൂടെ ഏവരുടെയും ഹൃദയാരോഗ്യം സംരക്ഷിക്കുകയും മറ്റു ദോഷങ്ങളെ കുറച്ചുകൊണ്ടുവരികയും ചെയ്യാം. ആരോഗ്യപരമായി ചിന്തിച്ച്, പുകയിലയും ഹൃദയവും തമ്മിലുള്ള ബന്ധം ലോകാരോഗ്യ പുകയില വിരുദ്ധ ദിനാചരണത്തിലൂടെ നമുക്ക് സ്പഷ്ടമാക്കണം!