ഊരിപ്പിടിച്ച കഠാരികള്‍ക്കിടയില്‍ ഊളിയിട്ടു പോയ വിജയന്‍ മൈക്കും പേനയും കണ്ടു പേടിക്കില്ല: മുഖ്യമന്ത്രിയെ പരിഹസിച്ച് ജയശങ്കര്‍

Posted on: May 30, 2018 2:09 pm | Last updated: May 30, 2018 at 2:09 pm

തിരുവനന്തപുരം: ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ല താന്‍ എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ പരിഹസിച്ച് അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ. ജയശങ്കര്‍. കേരള മുഖ്യമന്ത്രി ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ല. തിമിലയല്ല, മദ്ദളമല്ല, ഇലത്താളവുമല്ല. ചാനലുകാരുടെ അജണ്ട ഇവിടെ ചെലവാകില്ല. ഇതാള്‍ വേറെയാണ്. ബ്രണ്ണന്‍ കോളജില്‍ ഊരിപ്പിടിച്ച കഠാരികള്‍ക്കിടയില്‍ ഊളിയിട്ടു പോയ വിജയന്‍ മാധ്യമ സിന്‍ഡിക്കേറ്റിന്റെ മൈക്കും പേനയും കണ്ടു പേടിക്കില്ലെന്ന് ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പരിഹസിക്കുന്നു.

ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം….

കേരള മുഖ്യമന്ത്രി ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ല. തിമിലയല്ല, മദ്ദളമല്ല, ഇലത്താളവുമല്ല.

ചേനലുകാരുടെ അജണ്ട ഇവിടെ ചെലവാകില്ല. ഇതാള്‍ വേറെയാണ്. ബ്രണ്ണന്‍ കോളേജില്‍ ഊരിപ്പിടിച്ച കഠാരികള്‍ക്കിടയില്‍ ഊളിയിട്ടു പോയ വിജയന്‍ ഇനി മാധ്യമ സിന്‍ഡിക്കേറ്റിന്റെ മൈക്കും പേനയും കണ്ടു പേടിക്കില്ല.

കെവിന്റെ ദുര്‍മരണവുമായി ബന്ധപ്പെട്ട് ഗാന്ധിനഗര്‍ എസ്‌ഐക്ക് ചെറിയ വീഴ്ച സംഭവിച്ചു. അതിന് അയാളെ സസ്‌പെന്‍ഡ് ചെയ്തു, എസ്പിയെ സ്ഥലംമാറ്റി. സര്‍ക്കാരിന്റെ ഭാഗത്ത് യാതൊരു വീഴ്ചയോ ഉപേക്ഷയോ ഉണ്ടായിട്ടില്ല.

കെവിന്‍ തോട്ടില്‍ കാല്‍വഴുതി വീണു മരിച്ചതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടു കൊണ്ട് വ്യക്തമാണ്. മാധ്യമ പ്രവര്‍ത്തകര്‍ കെട്ടിപ്പൊക്കിയ നുണകള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീഴുകയാണ്.

ജനോപകാരപ്രദമായ പരിപാടികള്‍ നടപ്പാക്കി സധൈര്യം മുന്നേറുന്ന സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ഒരാളെയും അനുവദിക്കില്ല.