കെവിന്‍ വധം: എഎസ്‌ഐ ബിജുവും പോലീസ് ഡ്രൈവറും കസ്റ്റഡിയില്‍

Posted on: May 30, 2018 11:57 am | Last updated: May 30, 2018 at 3:36 pm

കോട്ടയം: മന്നാനം സ്വദേശി കെവിന്‍ ജോസഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ഗാന്ധിനഗര്‍ എഎസ്‌ഐ ബിജുവിനേയും രാത്രി പട്രോളിംഗിന് എഎസ്‌ഐക്കൊപ്പം ഉണ്ടായിരുന്ന പോലീസ് ജീപ്പ് ഡ്രൈവറേയും കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരുന്നതായി ഐജി വിജയ് സാഖറെ അറിയിച്ചു. കെവിനെ തട്ടിക്കൊണ്ടു പോകാന്‍ പോലീസ് സഹായിച്ചതായും ഇരുവരേയും പ്രതിചേര്‍ക്കുന്ന കാര്യത്തില്‍ വൈകീട്ടോടെ വ്യക്തതയുണ്ടാകുമെന്നും ഐജി പറഞ്ഞു. ഇരുവരേയും നേരത്ത, അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. അറസ്റ്റിലായ പ്രതികള്‍ക്കെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

കെവിന്റെ മരണവുമായി ബന്ധപ്പെട്ട് കേസില്‍ ഗാന്ധിനഗര്‍ എസ്‌ഐ ഷിബുവിനും എഎസ്‌ഐ ബിജുവിനുമെതിരേ കൊച്ചി റേഞ്ച് ഐജി ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കെവിനെ തട്ടിക്കൊണ്ടുപോയത് പോലീസിന്റെ അറിവോടെയാണെന്നും എഎസ്‌ഐ ബിജുവിന് ഇതെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നുവെന്നും ഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ശനിയാഴ്ച രാത്രി ഗാന്ധിനഗര്‍ പരിധിയില്‍ പട്രോളിംഗിന് ഉണ്ടായിരുന്നത് എ.എസ്.ഐ ബിജുവാണ്. കെവിനെ തട്ടിക്കൊണ്ടുപോകാന്‍ മൂന്ന് കാറിലെത്തിയ സംഘത്തെ കോട്ടയത്ത് വെച്ച് ഞായറാഴ്ച അര്‍ധരാത്രി പോലീസ് ചോദ്യം ചെയ്തിരുന്നു.

കല്ല്യാണവീട്ടിലേക്കുള്ള വഴിതെറ്റിവന്നതാണെന്നായിരുന്നു ഇവര്‍ പറഞ്ഞത്. തുടര്‍ന്ന് എല്ലാവരുടെയും തിരിച്ചറിയില്‍ കാര്‍ഡുകളും ഡ്രൈവിംഗ് ലൈസന്‍സുകളും വാങ്ങി പകര്‍പ്പുകള്‍ എടുത്ത ശേഷം കൈക്കൂലിയും വാങ്ങി വിട്ടയക്കുകയായിരുന്നു.