Connect with us

Kerala

ദുരഭിമാനക്കൊല: അന്വേഷണം ഊര്‍ജിതമാക്കി പോലീസ്; വിമര്‍ശങ്ങള്‍ തുടരുന്നു

Published

|

Last Updated

തിരുവനന്തപുരം: കെവിന്റെ കൊലപാതകത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. ഐ ജി വിജയ് സാക്കറേയുടെ മേല്‍നോട്ടത്തില്‍ ആറംഗ പ്രത്യേക അന്വേഷണ സംഘത്തിന്റെ ശ്രമഫലമായാണ് ഇന്നലെ ഷാനു ചാക്കോയും പിതാവ് ചാക്കോയും കീഴടങ്ങിയതെന്ന്് പോലീസ് അവകാശപ്പെടുന്നു. എസ് പി ഹരിശങ്കര്‍ ഓപറേഷനല്‍ ഹെഡ് ആയും കോട്ടയം ഡി സി ബി ഡി വൈ എസ് ഗിരീഷ് പി സാരഥി ചീഫ് ഇന്‍വെസ്റ്റിഗേറ്റിംഗ് ഓഫീസറായും രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘത്തില്‍ വി ജി വിനോദ് കുമാര്‍ (ഡി വൈ എസ് പി, പാല), എസ് അശോക് കുമാര്‍ (ഡി വൈ എസ് പി, ഇ ഒ ഡബ്ലു, കോട്ടയം), ജി ഗോപകുമാര്‍ (ഇന്‍സ്‌പെക്ടര്‍) എന്നിവര്‍ അംഗങ്ങളാണ്.

അന്വേഷണ സംഘം അന്വേഷണം വേഗത്തില്‍ നടത്തണമെന്നും അന്വേഷണത്തിന്റെ ഒവറാള്‍ ഇന്‍ ചാര്‍ജ് ആയ ദക്ഷിണമേഖല എ ഡി ജി പി അനില്‍ കാന്തിന് റിപ്പോര്‍ട്ട് ചെയ്യണമെന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദേശിച്ചിട്ടുണ്ട്.

സംസ്ഥാനം മുഴുവന്‍ തിരഞ്ഞതിനുശേഷമാണ് കണ്ണൂരില്‍ ഷാനു ചാക്കോയും പിതാവ് ചാക്കോയും കീഴടങ്ങിയത് ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിനും ശ്രമിച്ചിരുന്നു. ബെംഗളൂരുവില്‍ നിന്ന് വരുന്ന വഴിയിലാണ് ഇവര്‍ കണ്ണൂരില്‍ കീഴടങ്ങിയത്. ശനിയാഴ്ച വിദേശത്ത് നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ ഷാനു ചാക്കോ തിരുവനന്തപുരത്തെത്തിയിരുന്നു. സംഭവത്തിന് ശേഷം ഷാനു തിരുവനന്തപുരത്തെ ഭാര്യ വീട്ടുകാരെ ബന്ധപ്പെട്ടിരുന്നു.
പേരൂര്‍ക്കട വഴയിലയിലുള്ള ഭാര്യവീട്ടില്‍ വൈകുന്നേരം അഞ്ചിന് എത്തിയ ശേഷം ഏഴിന് കോട്ടയത്തേക്ക് പോയി. ഇതിന് ശേഷമാണ് തട്ടിക്കൊണ്ടുപോകലും കൊലപാതകവും നടക്കുന്നത്. സംഭവത്തിന് ശേഷം ഭാര്യ ജസിയെ ഷാനു ഫോണിലും ബന്ധപ്പെട്ടു. പിന്നീട് വീട്ടില്‍ വീണ്ടും വന്ന് പോയതായും സംശയമുണ്ട്. എന്നാല്‍, സംസ്ഥാനമൊട്ടാകെ അരിച്ചു പെറുക്കാന്‍ പ്രത്യേക സംഘങ്ങള്‍ പരക്കം പായുന്നുവെന്ന് പറയുമ്പോഴും എല്ലാത്തിനും ശേഷമാണ് പോലീസ് വീട്ടില്‍ പരിശോധന നടത്താനെത്തിയത്. ഈ സമയം ഷാനു തമിഴ്‌നാട്ടിലേക്കും പിന്നീട് ബെംഗഌരുവിലേക്കും രക്ഷപ്പെട്ടു. കേസില്‍ തുടക്കത്തിലുണ്ടായ മെല്ലെപ്പോക്ക് ഇപ്പോഴും തുടരുന്നുവെകാര്യത്തില്‍ പോലീസ് വിമര്‍ശം ഏറ്റുവാങ്ങുന്നതിനിടെയാണ് ഷാനുവും പിതാവ് ചാക്കോ ജോണും പോലീസിന് മുന്നില്‍ കീഴടങ്ങിയത്. ജെസിയുടെയും വീട്ടുകാരുടെയും മൊഴി പ്രകാരം ഷാനു ശനിയാഴ്ച വീട്ടിലെത്തിയപ്പോഴുള്ള പെരുമാറ്റത്തില്‍ സംശയമുണ്ടായിരുന്നുവെന്നാണ് പോലീസിന് മനസ്സിലായിരിക്കുന്നത്. സഹോദരി നീനു കെവിന്റെ കൂടെപ്പോയതിന്റെ വൈരാഗ്യം ഷാനുവിനുണ്ടായിരുന്നു. സംഭവത്തിന് ശേഷം ഷാനു വിളിച്ചപ്പോള്‍ കെവിന്‍ വാഹനത്തില്‍ നിന്ന് ഓടിരക്ഷപെട്ടെന്ന് പറഞ്ഞതായും ജെസി മൊഴി നല്‍കിയിട്ടുണ്ട്.

അതേസമയം, ഉദ്യോഗസ്ഥ വീഴ്ച തുടര്‍ക്കഥയായതോടെ നാണംകെട്ട നിലയിലായ കേരളാ പോലീസിന് കെവിന്റെ കൊലപാതത്തിനുത്തരവാദികളായ ആറ് പേരെ പിടികൂടിയത് നേരിയ ആശ്വാസമായി. ഒരു വര്‍ഷത്തിനിടെ ഒരു ഐ ജിയും രണ്ട്്് എസ് പിമാരും ഉള്‍പ്പെടെ 24 പേരാണ് നടപടി നേരിട്ടത്. വരാപ്പുഴയില്‍ ശ്രീജിത്ത് എന്ന യുവാവിനെ കള്ളക്കേസില്‍ കുടുക്കി കസ്റ്റഡിയില്‍ മര്‍ദിച്ച് കൊന്നു. മലപ്പുറത്ത് ഗവര്‍ണറുടെ സുരക്ഷാ ഡ്യൂട്ടിയുടെ പേരില്‍ വഴിയാത്രക്കാരന്റെ മൂക്കിന് മുഷ്ടിചുരുട്ടി ഇടിച്ചു. വിദേശവനിതയുടെ തിരോധാനത്തില്‍ അന്വേഷണം വൈകുകയും അവര്‍ കൊല്ലപ്പെടുകയും ചെയ്തു. മലപ്പുറം എടപ്പാളില്‍ തീയറ്ററിലെ ബാല പീഡനത്തിന് തെളിവ് സഹിതം പരാതി ലഭിച്ചിട്ടും പ്രതിയെ അറസ്റ്റ് ചെയ്തില്ല. ഔദ്യോഗിക വാഹനത്തില്‍ റോഡരികില്‍ മദ്യപിച്ച് ഐ ജി. പോലീസ് പ്രതിക്കൂട്ടിലായ സമാന സംഭവങ്ങള്‍ വേറെയും. എന്നിട്ടും പാഠം പഠിച്ചില്ല. ഏറ്റവുമൊടുവില്‍ നവവരനെ തട്ടിക്കൊണ്ടുപോയ പരാതിയില്‍ അന്വേഷണം നടന്നില്ല. പിന്നാലെ ദുരഭിമാനക്കൊല.

പോലീസില്‍ ഗുരുതരപെരുമാറ്റ ദൂഷ്യമുള്ള 365 പേരുണ്ടെന്നാണ് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചിരുന്നത്. 74 പേര്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതികളാണ്. ശുദ്ധീകരണം നടക്കേണ്ട സ്ഥാനത്ത് തലതിരിഞ്ഞ തീരുമാനങ്ങള്‍ ഇപ്പോഴും പോലീസില്‍ തുടരുകയാണ്. മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള ഉദ്യോഗസ്ഥര്‍ പലരും ക്രമസമാധാന ചുമതലയിലില്ല. രാജേഷ് ദിവാന്‍ വിരമിച്ച ശേഷം ഉത്തരമേഖലയില്‍ പ്രത്യേക തലവനില്ല. എല്ലാം ശരിയാക്കാന്‍ പോലീസിന് ഉപദേഷ്ടാവുണ്ടെങ്കിലും ഉള്ളതും ഇല്ലാത്തതും കണക്ക് തന്നെ. എല്ലാത്തിനും പുറമെ കൃത്യമായ പഠനമോ ഉദ്യോഗസ്ഥരുടെ എണ്ണമോ ഇല്ലാതെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ എസ് എച്ച് ഒമാരാക്കിയത് പോലീസ് സ്‌റ്റേഷനുകളുടെ പ്രവര്‍ത്തനത്തിന്റെ താളവും തെറ്റിച്ചു.

---- facebook comment plugin here -----

Latest