ഇന്ധന വിലവര്‍ധനക്കെതിരെ ട്രക്കുകള്‍ സമരത്തില്‍; ബ്രസീലില്‍ ആറ് വിമാനത്താവളങ്ങള്‍ അടച്ചിട്ടു

Posted on: May 30, 2018 6:19 am | Last updated: May 30, 2018 at 12:25 am

ബ്രസീല്‍: ഇന്ധന വില കൂടുന്നതില്‍ പ്രതിഷേധിച്ച് ബ്രസീലില്‍ നടക്കുന്ന ട്രക്ക് സമരം ഒമ്പതാം ദിവസത്തിലേക്ക് പ്രവേശിച്ചു. രാജ്യവ്യാപകമായി ട്രക്കുകളെല്ലാം സമരത്തിലേര്‍പ്പെട്ടതോടെ പല പ്രദേശങ്ങളിലും അവശ്യസാധനങ്ങള്‍ക്ക് ക്ഷാമം നേരിട്ടുതുടങ്ങി. രാജ്യത്തെ പ്രധാന ട്രക്ക് തൊഴിലാളി സംഘടനയുമായി കഴിഞ്ഞ ദിവസം ചര്‍ച്ച ചെയ്ത് ധാരണയിലെത്തിയതായി ബ്രസീല്‍ സര്‍ക്കാര്‍ ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. എന്നാല്‍ വലിയൊരു വിഭാഗം ട്രക്കുകള്‍ ഇപ്പോഴും സമരവുമായി മുന്നോട്ടുപോകുകയാണ്. ട്രക്കുടമകള്‍ ആവശ്യപ്പെട്ട പ്രകാരം ചര്‍ച്ചക്ക് തയ്യാറാണെന്ന് ബ്രസീല്‍ പ്രസിഡന്റ് മൈക്കിള്‍ ടെമെര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇന്ധനവില വര്‍ധന ദിനം പ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഗണ്യമായ തോതില്‍ വിലയില്‍ കുറവ് വരുത്തണമെന്നാണ് ട്രക്കുടമകളുടെ ആവശ്യം.

സമരത്തിലേര്‍പ്പെട്ടിരിക്കുന്ന ട്രക്കുടമകളും ഡ്രൈവര്‍മാരും രാജ്യവ്യാപകമായി റോഡുകള്‍ ഉപരോധിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്യുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോള്‍ തന്നെ ഇന്ധനമുള്‍പ്പടെയുള്ള അവശ്യ സാധനങ്ങളുടെ ക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ധനക്ഷാമം അനുഭവപ്പെട്ടതോടെ എട്ട് വിമാനത്താവളങ്ങള്‍ താത്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. 13 യൂനിവേഴ്‌സിറ്റികള്‍ ക്ലാസുകള്‍ നിര്‍ത്തിവെച്ചിട്ടുമുണ്ട്.