Connect with us

Kerala

സംഭരണത്തിനനുസരിച്ച് വില്‍പ്പനയില്ലാത്തത് മില്‍മക്ക് തിരിച്ചടിയാകുന്നു

Published

|

Last Updated

പാലക്കാട്: ഉത്പാദനക്കുറവിന്റെ പേരില്‍ സ്ഥാപനങ്ങള്‍ നഷ്ടത്തിലേക്ക് കുതിക്കുമ്പോള്‍ ഉത്പാദനക്കൂടുതല്‍ മില്‍മക്ക് തിരിച്ചടിയാകുന്നു. സംഭരണത്തിനനുസരിച്ച് വില്‍പ്പനയില്‍ വര്‍ധനയുണ്ടാകാത്തതാണ് മില്‍മയുടെ പ്രതിസന്ധിക്കിടയാക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 13 ശതമാനം സംഭരണത്തില്‍ വര്‍ധന ഉണ്ടായപ്പോള്‍ വില്‍പ്പനയില്‍ മൂന്ന് ശതമാനമാണ് വര്‍ധന. കഴിഞ്ഞ ദിവസം കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളില്‍ നിന്ന് ഏഴ് ലക്ഷം ലിറ്റര്‍ പാലാണ് മില്‍മയിലെത്തിയത്. റെക്കോര്‍ഡ് സംഭരണമാണ് ഇത്. മുന്‍പത്തെ ദിവസങ്ങളില്‍ 6,85,000 ലിറ്ററായിരുന്നു സംഭരണം. ഇതില്‍ 5,50,000 ലിറ്റര്‍ പാലും പാലുത്പന്നങ്ങളുമായി വിറ്റഴിക്കുമ്പോള്‍ 75,000 ലിറ്റര്‍ പാല്‍ തിരുവനന്തപുരം മേഖലാ യൂനിയന് നല്‍കുന്നുണ്ട്. ബാക്കി 60,000 ലിറ്റര്‍ പാലാണ് മില്‍മക്ക് ബാധ്യത വരുത്തുന്നത്. ഈ പാല്‍ ഇപ്പോള്‍ പാല്‍പ്പൊടിയാക്കി സൂക്ഷിക്കുകയാണ്. ഇതിന്റെ ഷെല്‍ഫ് ലൈഫ് ഒന്‍പത് മാസമാണ്. ഒരു ലിറ്റര്‍ പാല്‍ പൊടിയാക്കാന്‍ 12 രൂപയാണ് ചെലവ്. മില്‍മ ക്ഷീരസംഘങ്ങള്‍ക്ക് നല്‍കുന്ന പാല്‍ വിലയനുസരിച്ച് ഒരു കിലോ പാല്‍പ്പൊടി ഉത്പാദിപ്പിക്കാന്‍ 320 രൂപയോളം ചെലവ് വരുമ്പോള്‍ മാര്‍ക്കറ്റില്‍ 140 രൂപ മാത്രമാണ് ഇതിന് ലഭിക്കുന്നത്.

പാല്‍ സംഭരണത്തില്‍ ഒന്നാം സ്ഥാനം പാലക്കാടിനാണ്. 2,54,538 ലിറ്ററാണ് ഇവിടത്തെ പ്രാദേശിക സംഭരണം. രണ്ടാം സ്ഥാനത്ത് വയനാടിനാണ്. ഇവിടെ സംഭരണം 1,81,546 ലിറ്ററാണ്. കോഴിക്കോട്, മലപ്പുറം ജില്ലകളിലുള്‍പ്പെട്ട കോഴിക്കോട് 1,37,529 ലിറ്ററും കണ്ണൂര്‍ 73,397, കാസര്‍കോട് 52,558 ലിറ്ററുമാണ്. വേനല്‍മഴ നേരത്തെ ലഭിച്ചതിനാല്‍ പച്ചപ്പുല്ല് വര്‍ധിച്ചതും ക്ഷീരമേഖലയിലെ സര്‍ക്കാര്‍ പദ്ധതികളുമാണ് പാല്‍ ഉത്പാദനത്തില്‍ വര്‍ധനയുണ്ടാക്കിയത്. തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നും കേരളത്തിലെത്തുന്ന പാല്‍ കൂടുതല്‍ കമ്മീഷന്‍ നല്‍കി സ്വകാര്യ കച്ചവടക്കാര്‍ വിറ്റഴിക്കുന്നതാണ് മില്‍മയുടെ വില്‍പ്പനയില്‍ കുറവ് വരാന്‍ കാരണമെന്ന് അധികൃതര്‍ പറയുന്നു. അവിടെ ക്ഷീരകര്‍ഷകന് നല്‍കുന്ന പാല്‍വില ഇവിടത്തേതിനെക്കാള്‍ 12 രൂപയോളം കുറവാണ്. ഇതാണ് സ്വകാര്യ പാല്‍വിപണിയുടെ നേട്ടത്തിന് പിന്നില്‍. അവിടെയും പാല്‍ ഉത്പാദനത്തില്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. ഇതുമൂലം പല സംസ്ഥാനങ്ങളിലും പാലിന് വില വെട്ടിക്കുറച്ചതാടി അധികൃതര്‍ പറയുന്നു. മലബാറില്‍ 1153 സംഘങ്ങളില്‍ നിന്നായി പ്രതിദിനം സംഭരിക്കുന്നത് ഏഴ് ലക്ഷം ലിറ്ററാണ്. ഇതില്‍ ചിറ്റൂര്‍ ബ്ലോക്കിലുള്ള അതിര്‍ത്തി സംഘങ്ങള്‍ക്ക് മാത്രമാണ് ക്വാട്ടാ ഏര്‍പ്പെടുത്തിയത്. തമിഴ്‌നാട്ടില്‍ നിന്ന് അതിര്‍ത്തി സംഘങ്ങളിലേക്ക് പാല്‍ എത്താനുള്ള സാധ്യത കണക്കിലെടുത്താണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

Latest