Connect with us

Kerala

പ്രവാചകന്റെ ജീവിതവും സന്ദേശവും ലോകത്തെ നീതിയിലേക്ക് നയിക്കും: മന്ത്രി ജി സുധാകരന്‍

Published

|

Last Updated

സിറാജ് തിരുവനന്തപുരം യൂനിറ്റ് സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: പ്രവാചകന്റെ വിശുദ്ധമായ ജീവിതവും സന്ദേശങ്ങളും ലോകത്തെ അനീതിയില്‍ നിന്ന് നീതിയിലേക്കും ക്രൂരതയില്‍ നിന്ന് കാരുണ്യത്തിലേക്കും സംഘര്‍ഷത്തില്‍ നിന്ന് സമാധാനത്തിലേക്കും നയിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. സിറാജ് തിരുവനന്തപുരം യൂനിറ്റ് സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

മനുഷ്യന്റെ മനസ്സും ശരീരവും ശുദ്ധീകരിക്കാനും കര്‍മങ്ങളെയും ചിന്തകളെയും ചടുലവും സംശുദ്ധവുമാക്കി മുന്നോട്ട് കൊണ്ടുപോകാനുമുള്ള അവസരമായി റമസാന്‍ വ്രതമാസത്തെ കാണണമെന്ന് മന്ത്രി പറഞ്ഞു. വ്രതം വിശ്വാസത്തിനപ്പുറം മനുഷ്യരുടെ ആത്മ സംസ്‌കരണത്തിനുള്ള പരിശീലനമാണ്. ലോകത്തെ സാമൂഹിക വ്യവസ്ഥിതിയില്‍ നിലനില്‍ക്കുന്ന ചൂഷണത്തിനും അസമത്വത്തിനും അധിനിവേശ നീക്കങ്ങള്‍ക്കുമെതിരെ ഏറ്റവും സജീവമായി പ്രതികരിക്കുന്ന സമൂഹമായി ഇസ്‌ലാം സമൂഹം മാറിയിട്ടുണ്ടെന്നും ഇത് വ്രതം നല്‍കുന്ന ഗുണങ്ങളിലൊന്നാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ലോകത്ത് ഏറ്റവും തെറ്റിദ്ധരിപ്പിക്കപ്പെട്ട ജിഹാദെന്ന പദത്തിന്റെ യഥാര്‍ഥ ഇസ്‌ലാമിക വീക്ഷണം വ്രതത്തിലൂടെയാണ് മതം ലോകത്തെ പഠിപ്പിക്കുന്നത്. ഓരോ മനുഷ്യരും സ്വന്തം ശരീരത്തോടും ഇച്ഛയോടുമാണ് യഥാര്‍ഥ സമരം നടത്തേണ്ടതെന്ന ഇസ്‌ലാമിക അധ്യാപനത്തിന്റെ ആവിഷ്‌കാരമാണ് വ്രതമെന്നും ചടങ്ങില്‍ മുഖ്യാതിഥിയായ പി ആര്‍ ഡി ഡയറക്ടര്‍ ടി വി സുഭാഷ് ഐ എ എസ് പറഞ്ഞു. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടര്‍ നീതു സോന, സംസ്ഥാന സാങ്കേതിക സര്‍വകലാശാല പ്രോ. വി സി ഡോ. അബ്ദുര്‍റഹ്മാന്‍, പി ആര്‍ ഡി അഡീ. ഡയറക്ടര്‍മാരായ പി വിനോദ്, കെ സന്തോഷ്‌കുമാര്‍, സിറാജ് എഡിറ്റര്‍ ഇന്‍ ചാര്‍ജ് ടി കെ അബ്ദുല്‍ ഗഫൂര്‍, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ സൈഫുദ്ദീന്‍ ഹാജി, സിറാജ് ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസര്‍ റശീദ് കെ മാണിയൂര്‍ സംസാരിച്ചു. കെ എം ബഷീര്‍ സ്വാഗതവും ടി കെ സി മുഹമ്മദ് നന്ദിയും പറഞ്ഞു.

Latest