തടവുകാരുടെ ബാധ്യത തീര്‍പാക്കാന്‍ വ്യവസായിയുടെ സാമ്പത്തിക സഹായം

Posted on: May 29, 2018 10:14 pm | Last updated: May 29, 2018 at 10:14 pm

ദുബൈ: ദുബൈ ജയിലുകളില്‍ കഴിയുന്ന തടവുകാരുടെ ബാധ്യതകള്‍ തീര്‍പാക്കി മോചനം സാധ്യമാക്കാന്‍ സ്വദേശി വ്യവസായി യാഖൂബ് അല്‍ അലി ഒരു ലക്ഷം ദിര്‍ഹം ദുബൈ പോലീസിന് നല്‍കി. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ നൂറാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായി പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പ്രഖ്യാപിച്ച ഇയര്‍ ഓഫ് സായിദിന്റെ ഭാഗമായും റമസാന്റെ പുണ്യവും കണക്കിലെടുത്താണ് സാമ്പത്തിക സഹായം നല്‍കിയത്. ഇത് രണ്ടാം തവണയാണ് യാഖൂബ് അല്‍ അലി തടവുകാരുടെ മോചനത്തിന് സാമ്പത്തിക സഹായം നല്‍കുന്നത്.

ദുബൈ പോലീസ് മനുഷ്യാവകാശ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് അബ്ദുല്ല അല്‍ മുര്‍റ് ഒരു ലക്ഷം ദിര്‍ഹമിന്റെ ചെക്ക് ഏറ്റുവാങ്ങി. തടവുകാരുടെ ബാധ്യത തീര്‍പാക്കുന്നതിന് പുറമെ ശിക്ഷാ കാലാവധിക്ക് ശേഷം തടവുകാര്‍ക്ക് തങ്ങളുടെ രാജ്യത്തേക്ക് തിരികെ പോകാനുള്ള യാത്രാ ചെലവും സംഭാവനയില്‍ നിന്ന് നല്‍കും.