Connect with us

Kerala

കോട്ടയത്തെ ദുരഭിമാനക്കൊല; ഒരാള്‍ കൂടി പിടിയില്‍

Published

|

Last Updated

കോട്ടയം: പ്രണയത്തിന്റെ പേരില്‍ കോട്ടയം എസ് എച്ച് മൗണ്ട് പിലാത്തറ കെവിന്റെ പി ജോസഫിനെ ദുരഭിമാനക്കൊലക്ക് ഇരയാക്കിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. കെവിനെ വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന മനുവാണ് പിടിയിലായത്. ഇതോടെ കേസില്‍ ആകെ അറസറ്റിലായവരുടെ എണ്ണം ആറായി. ആകെ 14 പ്രതികളാണ് കേസില്‍ ഉള്ളത്. ഇവരെയെല്ലാവരേയും തിരിച്ചറിഞ്ഞതായും കേസിന്റെ അന്വേഷണച്ചുമുതല വഹിക്കുന്ന ഐജി വിജയ് സാഖറെ വ്യക്തമാക്കി.

കെവിനെ തട്ടിക്കൊണ്ട്‌പോകാനുപയോഗിച്ച കാറോടിച്ചിരുന്ന ഡി വൈ എഫ് ഐ നേതാവും നീനുവിന്റെ ബന്ധുവുമായ നിയാസ്, റിയാസ് എന്നിവരെ ഇന്നലെ വൈകീട്ട് അറസ്റ്റ് ചെയ്തിരുന്നു. തമിഴ്‌നാട്ടില്‍ നിന്നാണ് ഇവരെ പിടികൂടിയിരുന്നത്. സംഘത്തിലുണ്ടായിരുന്ന ഇഷാനും നേരത്തെ പേലീസ് പിടിയിലായിട്ടുണ്ട്. കെവിന്റെ ഭാര്യ നീനുവിന്റെ പിതാവ് തെന്മല ഒറ്റക്കല്‍ സാനു ഭവനില്‍ ചാക്കോയും നീനുവിന്റെ സഹോദരന്‍ സാനു ചാക്കോയും ചൊവ്വാഴ്ച രാവിലെ പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയിരുന്നു. നീനുവിന്റെ ബന്ധുക്കളായ റനീസ്, സലാദ്, അപ്പു, ടിറ്റോ, തുടങ്ങിയ പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

ചൊവ്വാഴ്ച വൈകുന്നേരം അഞ്ചോടെയാണ് വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ കേരളത്തെ കണ്ണീരിലാഴ്ത്തി കെവിന്റെ മൃതദേഹം കോട്ടയം ഗുഡ് ഷെപ്പേഡ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചത്. വീട്ടിലും പള്ളിയിലും നടന്ന മരണാന്തര ശുശ്രൂഷകള്‍ക്ക് ശേഷം വൈകീട്ട് അഞ്ചോടെയാണ് സംസ്‌കാരം. കെവിനെ അവസാനമായി ഒരു നോക്ക് കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനുമായി ആയിരങ്ങളാണ് സംക്രാന്തിയിലെ വീട്ടിലേക്കും തുടര്‍ന്ന് നടന്ന വിലാപയാത്രയിലും അനുഗമിച്ചത്.

രാഷ്ട്രീയ സാമൂഹിക മേഖലയിലെ പ്രമുഖരടക്കം നിരവധി പേരാണ് മാന്നാനത്തെ വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവച്ചപ്പോള്‍ കാണാനായി എത്തിയത്. നാടാകെ മാന്നാനത്തേക്ക് മഴയെപ്പോലും വകവയ്ക്കാതെ ഒഴുകിയെത്തി.

പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി രാവിലെ 10.30ഓടെയാണ് കെവിന്റെ മൃതദേഹം നട്ടാശേരി എസ്.എച്ച് മൗണ്ട് ചവിട്ടുവരി പഌത്തറ വീട്ടില്‍ വിലാപയാത്രയായി എത്തിച്ചത്. മൃതദേഹം കൊണ്ടുവരുന്നതറിഞ്ഞ് ആയിരക്കണക്കിന് പേര്‍ വീട്ടിലും പരിസരത്തുമായി കാത്തുനില്‍പുണ്ടായിരുന്നു.

കെവിന്‍ മുങ്ങിമരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. കെവിന്റെ ശരീരത്തില്‍ മുറിവുകളുണ്ടായിരുന്നെങ്കിലും അതൊന്നും മരണകാരണമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ആന്തരികാവയവങ്ങളുടെ പരിശോധനാഫലം ലഭിച്ചാല്‍ മാത്രമെ യഥാര്‍ത്ഥ കാരണം കണ്ടെത്താനാകൂ. കേസിലെ മുഖ്യപ്രതികളായ നീനുവിന്റെ സഹോദരന്‍ സാനു ചാക്കോ, അച്ഛന്‍ ചാക്കോ ജോണ്‍ എന്നിവര്‍ കണ്ണൂര്‍ പൊലീസിന് മുന്പില്‍ കീഴടങ്ങിയിരുന്നു.

Latest