ഉപതിരഞ്ഞെടുപ്പ്: വോട്ടിംഗ് മെഷീനെതിരെ വ്യാപക പരാതി

  • പര്‍വതീകരിക്കുകയാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍
  • ദളിത്- മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ കേടുവന്ന മെഷീനുകള്‍ മാറ്റിയില്ലെന്ന് സ്ഥാനാര്‍ഥി
Posted on: May 29, 2018 6:04 am | Last updated: May 29, 2018 at 12:26 am
പല്‍ഘട് ജില്ലയിലെ ധനിവാരി പോളിംഗ് ബൂത്തിലെ ദൃശ്യം

ലക്‌നോ/ മുംബൈ: ഉത്തര്‍ പ്രദേശിലും മഹാരാഷ്ട്രയിലും ഉപതിരഞ്ഞെടുപ്പ് നടക്കുന്നയിടങ്ങളില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനെതിരെ പരാതിയുമായി പ്രതിപക്ഷം. യു പിയിലെ കൈരാന, നൂര്‍പൂര്‍, മഹാരാഷ്ട്രയിലെ ഭണ്ഡാര- ഗോണ്ടിയ എന്നിവിടങ്ങളിലെ വോട്ടിംഗ് മെഷീനുകള്‍ക്കെതിരെയാണ് സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും എന്‍ സി പിയും രംഗത്തെത്തിയത്. അതേസമയം, ആരോപണം യാഥാര്‍ഥ്യത്തെ പര്‍വതീകരിക്കുകയാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

നൂര്‍പൂരില്‍ 140ഉം കൈരാനയില്‍ 90ഉം വോട്ടിംഗ് മെഷീനുകള്‍ പ്രശ്‌നമുള്ളതായിരുന്നുവെന്ന് എസ് പി വക്താവ് രാജേന്ദ്ര ചൗധരി അറിയിച്ചു. എസ് പി സംസ്ഥാന പ്രസിഡന്റ് നരേഷ് ഉത്തമും ആര്‍ എല്‍ ഡി ദേശീയ വക്താവ് അനില്‍ ദുബെയും തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി. ജെ പി എസ് റാത്തോഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബി ജെ പി സംഘവും കമ്മീഷനെ കണ്ടിട്ടുണ്ട്. മുസ്‌ലിം- ദളിത് ഭൂരിപക്ഷ പ്രദേശങ്ങളില്‍ കേടുവന്ന മെഷീനുകള്‍ മാറ്റിയില്ലെന്ന് കൈരാനയിലെ ആര്‍ എല്‍ ഡി സ്ഥാനാര്‍ഥി തബസ്സും ഹസന്‍ പറഞ്ഞു. കൈരാനയിലെ 16 ലക്ഷം വോട്ടര്‍മാരില്‍ 5.5 ലക്ഷം മുസ്‌ലിംകളും 2.5 ലക്ഷം ദളിതുകളുമാണ്.

മഹാരാഷ്ട്രയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പല്‍ഘട്, ഭണ്ഡാര- ഗോണ്ടിയ ലോക്‌സഭാ മണ്ഡലങ്ങളിലും മെഷീനെതിരെ പരാതി വ്യാപകമാണ്. ഭണ്ഡാര- ഗോണ്ടിയയില്‍ 64 പോളിംഗ് ബൂത്തുകളില്‍ മെഷീന്‍ കേടാണെന്ന് പരാതി ലഭിച്ചിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ ആനന്ദ് വല്‍സാകര്‍ പറഞ്ഞു. രണ്ട് മണ്ഡലങ്ങളില്‍ 140 പോളിംഗ് കേന്ദ്രങ്ങളില്‍ നിന്നായി ഇ വി എം- വി വി പാറ്റ് തകരാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഭണ്ഡാര- ഗോണ്ടിയയില്‍ 35 ബൂത്തുകളിലെ വോട്ടിംഗ് റദ്ദാക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ വോട്ടിംഗ് റദ്ദാക്കിയിട്ടില്ലെന്നും കേടുവന്ന മെഷീനുകള്‍ അറ്റകുറ്റപ്പണി ചെയ്ത് വോട്ടിംഗ് പുനരാരംഭിച്ചതായും കമ്മീഷന്‍ അറിയിച്ചു. മഹാരാഷ്ട്രയില്‍ 156 മെഷീനുകള്‍ മാറ്റി സ്ഥാപിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ചൂട് ഏറ്റാണ് മെഷീനുകള്‍ക്ക് തകരാര്‍ സംഭവിച്ചതെന്നാണ് കമ്മീഷന്റെ പ്രാഥമിക നിഗമനം. വോട്ടിംഗ് മെഷീന്‍ ഉപയോഗം സംബന്ധിച്ച് പരിപൂര്‍ണ പുനരാലോചന വേണമെന്നും ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്നും എന്‍ സി പി നേതാവ് പ്രഫുല്‍ പട്ടേല്‍ ആവശ്യപ്പെട്ടു.

പ്രതിപക്ഷം കമ്മീഷനെ കണ്ടു

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ഉപയോഗിച്ച വോട്ടിംഗ് മെഷീനുകളും വി വി പാറ്റുകളും വ്യാപകമായി കേടായ സംഭവത്തില്‍ പ്രതിപക്ഷ കക്ഷികളും ബി ജെ പിയും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. കോണ്‍ഗ്രസ്, എസ് പി, രാഷ്ട്രീയ ലോക് ദള്‍ എന്നീ പാര്‍ട്ടികളുടെ പ്രതിനിധികളാണ് മുഖ്യ തരിഞ്ഞെടുപ്പ് കമ്മീഷണര്‍ ഓം പ്രകാശ് റാവത്തിനെ കണ്ട് ആശങ്ക അറിയിച്ചത്. കോണ്‍ഗ്രസ് നേതാവ് ആര്‍ പി എന്‍ സിംഗ്, എസ് പി നേതാവ് രാംഗോപാല്‍ റാവത്ത്, ആര്‍ എല്‍ ഡി നേതാവ് അജിത് സിംഗ് എന്നിവരടങ്ങിയ സംഘമാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ ആശങ്ക അറിയിച്ചത്. തൊട്ടുപിന്നിലെ ഭൂപേന്ദ്ര യാദവിന്റെ നേതൃത്വത്തിലുള്ള ബി ജെ പി സംഘവും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ കണ്ടു.

വിഷയത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് ഉറപ്പുനല്‍കി. വി വി പാറ്റ് സംവിധാനങ്ങള്‍ കേടുവന്ന സ്ഥലങ്ങളില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘങ്ങള്‍ ആവശ്യമായ സ്ഥലങ്ങളില്‍ കൃത്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കമ്മീഷന്‍ വ്യക്തമാക്കി.