Connect with us

Kerala

നിപ്പാ വൈറസ്: ഉറവിടം കണ്ടെത്താന്‍ സാമ്പിള്‍ ശേഖരണം ഇന്നും തുടരും

Published

|

Last Updated

കോഴിക്കോട്: നിപ്പാ വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള സാമ്പിള്‍ ശേഖരണം ഇന്നും തുടരും. കഴിഞ്ഞ ദിവസങ്ങളില്‍ മതിയായ അളവില്‍ സാമ്പിളുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണിത്. മഴ കാരണമാണ് സാമ്പിള്‍ ശേഖരണം തടസ്സപ്പെട്ടത്. ഇന്നലെ കുറച്ച് സാമ്പിളുകള്‍ ലഭിച്ചു.

മുംബൈയില്‍ നിന്നുള്ള മൃഗസംരക്ഷണ വകുപ്പിലെയും പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെയും സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്, വനം വകുപ്പ് എന്നിവയുടെയും ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് സാമ്പിളുകള്‍ ശേഖരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പഴംതീനി വവ്വാലുകളുടെ സാമ്പിളുകളാണ് ശേഖരിക്കുന്നത്. നേരത്തെ പ്രാണികളെ ഭക്ഷണമാക്കുന്ന വവ്വാലുകളുടെയും പന്നി, ആട്, മുയല്‍ എന്നിവയുടെയും സ്രവവും മറ്റുമായിരുന്നു പരിശോധനക്കയച്ചിരുന്നത്. ഇതെല്ലാം നെഗറ്റീവ് ആണെന്ന പരിശോധനാ ഫലം വെള്ളിയാഴ്ചയാണ് ഭോപാല്‍ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസില്‍ നിന്ന് ലഭിച്ചത്. ഇന്നത്തോടെ ആവശ്യത്തിന് സാമ്പിളുകള്‍ ലഭിച്ചാല്‍ നാളെ തന്നെ പ്രത്യേക ദൂതന്‍ വഴി വിമാനമാര്‍ഗം സാമ്പിളുകള്‍ ഭോപാലിലേക്ക് അയക്കാനാണ് ഉദ്ദേശ്യമെന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭോപ്പാല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് 48 മണിക്കൂറിനകം പരിശോധനാ ഫലം ലഭിക്കും.

ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്
കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ ധനസഹായം

കോഴിക്കോട്: നിപ്പാ വൈറസ് ബാധ നേരിടാനുള്ള ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ ധനസഹായം. കോഴിക്കോട് മെഡിക്കല്‍ കോളജിന് സാമൂഹിക ഉത്തരവാദിത്വ ഫണ്ടില്‍ ഉള്‍പ്പെടുത്തി കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 25 ലക്ഷം രൂപ കൈമാറി. കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ കൊച്ചിന്‍ കപ്പല്‍ നിര്‍മാണശാല സി എസ് ആര്‍ മേധാവി എം ഡി വര്‍ഗീസ് 25 ലക്ഷം രൂപയുടെ രേഖ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ക്ക് കൈമാറി. തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍, ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍ എല്‍ സരിത, ജില്ലാ കലക്ടര്‍ യു വി ജോസ്, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. രാജേന്ദ്രന്‍, സൂപ്രണ്ട് ഡോ. സജിത്, കൊച്ചിന്‍ ഷിപ്പ് യാഡ് ജനറല്‍ മാനേജര്‍ എന്‍ നീലകണ്ഠന്‍, പ്രൊജക്ട് ഓഫീസര്‍ എ ടി യൂസുഫ്, ഡി എം ഒ. ഡോ. വി ജയശ്രീ സംബന്ധിച്ചു. തൊഴില്‍ മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് തുക അനുവദിച്ചത്.

---- facebook comment plugin here -----

Latest