ആര്‍ എസ് എസ് കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട യുവതിയുടെ പരാതി ഡി ജി പി നിരാകരിച്ചു

  • ഹൈക്കോടതിയെ സമീപിക്കുമെന്ന് യുവതി
  • കേസ് കര്‍ണാടകയിലായതിനാലെന്ന് വിശദീകരണം
Posted on: May 29, 2018 6:03 am | Last updated: May 28, 2018 at 11:29 pm

തിരുവനന്തപുരം: മംഗലാപുരത്തെ ആര്‍ എസ് എസ് പീഡന കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട് സംസ്ഥാനത്തെത്തിയ യുവതിയുടെ സംരക്ഷണം തേടിയുള്ള പരാതി സംസ്ഥാന പോലീസ് മേധാവി നിരാകരിച്ചു. മംഗലാപുരത്ത് ആര്‍ എസ് എസിന്റെ നിയന്ത്രണത്തിലുള്ള പീഡന കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട തൃശൂര്‍ സ്വദേശി അഞ്ജലി പ്രകാശാണ് ഇന്നലെ രാവിലെ പരാതി നല്‍കാനായി പോലീസ് ആസ്ഥാനത്ത് ഡി ജി പി ലോക്‌നാഥ് ബെഹ്‌റയെ കാണാനെത്തിയത്.

ഇതര മതത്തില്‍പ്പെട്ട യുവാവുമായി വിവാഹം ചെയ്യാനൊരുങ്ങുന്ന യുവതി പോലീസ് സംരക്ഷണം ആവശ്യപ്പെട്ടും തന്നെ പീഡനത്തിനിരയാക്കിവര്‍ക്കെതിരെ പോലീസിന്റെ പ്രത്യേക സംഘം അന്വേഷിക്കണമെന്നുമായിരുന്നു ഡി ജി പിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. പോലീസ് സഹായം ലഭിക്കാത്ത സാഹചര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് അഞ്ജലി മാധ്യമപ്രവര്‍ത്തരോട് പറഞ്ഞു.

തങ്ങളുടെ വിവാഹം രജിസ്റ്റര്‍ ചെയ്യാനായി സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം കഴിഞ്ഞ 26ന് അപേക്ഷ നല്‍കിയതായും വിവാഹം തടസ്സപ്പെടുത്താന്‍ ബന്ധുക്കളുടെ ഭാഗത്ത് നിന്ന് നീക്കം നടക്കുന്നതായും പരാതിയില്‍ പറയുന്നുണ്ട്. ജീവന്‍ അപകടത്തിലാണെന്ന ഭീഷണി നിലനില്‍ക്കുന്ന സാഹചരത്തില്‍ പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്നാണ് സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കിയ പരാതിയിലെ പ്രധാന ആവശ്യം. ഇതിനോടൊപ്പം ക്രൂരമായ പീഡനം, തട്ടിക്കൊണ്ടുപോകല്‍, നിയമവിരുദ്ധമായ തടങ്കല്‍, ഗുരുതരമായ ഉപദ്രവങ്ങള്‍, ബലപ്രയോഗം, മയക്കുമരുന്ന് ഉത്പന്നങ്ങള്‍ തുടങ്ങിയവയുടെ ഇരയായ പെണ്‍കുട്ടി സംഭവത്തിനിടയായ സാഹചര്യത്തെ കുറിച്ച് പ്രത്യേക പോലീസ് സംഘം അന്വേഷണം നടത്തണമെന്നും ഡി ജി പിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഇതുസംബന്ധിച്ച് കര്‍ണാടകയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ പരാതി സ്വീകരിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് ഡി ജി പി സ്വീകരിച്ചതെന്നും ഈ സാഹചര്യത്തില്‍ സംരക്ഷണമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും യുവതി പറഞ്ഞു. മംഗലാപുരത്തെ കോടതിയില്‍ നിന്ന് അഞ്ജലിയുടെ സംരക്ഷണം ഏറ്റുവാങ്ങിയ അമ്മാവനും ഭാര്യക്കും മകള്‍ക്കുമൊപ്പമാണ് അഞ്ജലി ഡി ജി പിയെ കാണാനെത്തിയത്.