കോട്ടയത്തെ കൊല

Posted on: May 29, 2018 6:00 am | Last updated: May 28, 2018 at 9:59 pm

സംസ്ഥാനത്തിന് അന്യമായിരുന്ന ദുരഭിമാനക്കൊല കേരളത്തിലേക്കും വ്യാപിക്കുകയാണോ? രണ്ട് മാസത്തിനകം സംസ്ഥാനത്ത് രണ്ട് ദുരഭിമാനക്കൊലകളാണ് നടന്നത്. കഴിഞ്ഞ മാര്‍ച്ച് 23നാണ് മലപ്പുറത്ത് അരീക്കോട്ടെ പൂവത്തിക്കണ്ടിയില്‍ പാലത്തിങ്കല്‍ വീട്ടില്‍ ആതിരയെ പിതാവ് കുത്തിക്കൊന്നത്. ഇപ്പോഴിതാ ജാതി മാറിയുള്ള പ്രണയ വിവാഹത്തില്‍ പ്രകോപിതരായി പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയ കുമാരനെല്ലൂര്‍ പ്ലാത്തറയില്‍ കെവിനെ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നു. തെന്മലയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ ചാലിയക്കരയിലെ തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. മര്‍ദനമേറ്റതിന്റേയും മുറിവുകളുടേയും പാടുകള്‍ മൃതദേഹത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മര്‍ദിച്ചു കൊന്നതാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.

ഹിന്ദു ചേരമന്‍ വിഭാഗത്തില്‍ നിന്ന് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത കുടുംബത്തിലെ അംഗമാണ് കെവിന്‍. പരമ്പരാഗത ക്രിസ്തു മതക്കാരിയാണ് കൊല്ലം തേന്‍മല ഷനുഭവനില്‍ നീനു. മൂന്ന് വര്‍ഷമായി ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നു. നീനുവിന്റെ വീട്ടുകാര്‍ കെവിന്റെ ജാതി പ്രശ്‌നം ചുണ്ടിക്കാട്ടി പ്രണയത്തെ എതിര്‍ക്കുകയും മറ്റൊരു വിവാഹത്തിന് നീനയെ നിര്‍ബന്ധിക്കുകയും ചെയ്തു. വീട്ടുകാര്‍ക്ക് വഴങ്ങാതെ നീനു കെവിനൊപ്പം ഇറങ്ങിപ്പോയി രജിസ്റ്റര്‍ വിവാഹം നടത്തി. ഇതിന് പിന്നാലെയാണ് നീനുവിന്റെ സഹോദരന്റെ നേതൃത്വത്തിലെത്തിയ സംഘം കെവിനെയും കെവിന്റെ ബന്ധു അനീഷിനെയും തട്ടിക്കൊണ്ടുപോയത്. അനീഷിനെ പിന്നീട് സംഘം റോഡില്‍ ഉപേക്ഷിച്ചെങ്കിലും കെവിനെക്കുറിച്ചു വിവരമൊന്നുമില്ലായിരുന്നു. തിരച്ചിലിനൊടുവില്‍ ഇന്നലെ കാലത്ത് കെവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
അരീക്കോട്ട് ആതിരയെ കൊന്നതും വീട്ടുകാര്‍ക്ക് ഇഷ്ടമില്ലാത്ത വിവാഹത്തിന് സന്നദ്ധമായതിന്റെ പേരിലാണ്. സ്വകാര്യ ഡയാലിസിസ് സെന്ററിലെ ജീവനക്കാരിയായിരുന്നു ആതിര. അമ്മ വല്ലിയുടെ ചികിത്സക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയപ്പോള്‍ ഇന്ത്യന്‍ ആര്‍മിയില്‍ ജോലി ചെയ്യുന്ന ബ്രിജേഷുമായി പരിചയപ്പെട്ട ആതിര പിന്നീട് ബ്രിജേഷിനെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചു. കുടുംബം വിവാഹത്തെ എതിര്‍ത്തു. ഇതേച്ചൊല്ലി അച്ഛനും ആതിരയും തമ്മില്‍ തര്‍ക്കം രൂക്ഷമായപ്പോള്‍ വിഷയം പോലീസിലെത്തി. ആരീക്കോട് പൊലീസ് സ്‌റ്റേഷനില്‍ നടന്ന ചര്‍ച്ചയില്‍ അവസാനം അച്ഛന്‍ ബ്രിജേഷുമായുള്ള കല്യാണത്തിനു സമ്മതിച്ചെങ്കിലും സ്‌റ്റേഷനില്‍ നിന്നും വീട്ടിലെത്തിയതോടെ അയാളുടെ മനസ്സില്‍ ദുരഭിമാന ചിന്ത ഉടലെടുക്കുകയും മകളെ നിര്‍ദാക്ഷിണ്യം കൊല്ലുകയുമായിരുന്നു. അടുത്ത കാലം വരെ കേരളീയര്‍ക്ക് അന്യമായിരുന്ന വാക്കായിരുന്നു ദുരഭിമാനക്കൊല. ഉത്തര്‍പ്രദേശ്, ബിഹാര്‍ തുടങ്ങി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടന്നുവരുന്ന ഈ ദുരന്തങ്ങള്‍ ഇപ്പോള്‍ ഇവിടെയും അരങ്ങേറാന്‍ തുടങ്ങിയിരിക്കുന്നുവെന്നത് നാണക്കേടാണ്.

മതത്തിലും ജാതിവ്യവസ്ഥയിലും വിവാഹങ്ങള്‍ക്ക് ചില ചട്ടങ്ങളും കീഴ്‌വഴക്കങ്ങളുമൊക്കെയുണ്ട്. അത് പാലിക്കാന്‍ സാമുദായികമായി അവര്‍ ബാധ്യസ്ഥരാണ്. അത്തരം ചട്ടങ്ങളെ ലംഘിക്കുന്നത് സാമൂഹികമായി കുടുംബത്തിന് ദുഷ്‌പേരും അഭിമാനക്ഷതവും വരുത്തി വെക്കും. ഇക്കാരണത്താല്‍ അവ പാലിക്കാന്‍ വീട്ടുകാര്‍ മക്കളെ നിര്‍ബന്ധിക്കുന്നതും ചട്ടലംഘനങ്ങളെ എതിര്‍ക്കുന്നതും സ്വാഭാവികവും സാധാരണവുമാണ്. ഭരണഘടന അനുവദിക്കുന്ന വിശ്വാസ, ആചാരത്തിന്റെ ഭാഗവുമാണത്. ഇത്തരം എതിര്‍പ്പുകളെ വിമര്‍ശിക്കപ്പെടേണ്ടതല്ല. എന്നാല്‍ മതത്തിന്റെ ചട്ടങ്ങളും സാമുദായിക വിധി വിലക്കുകളും ലംഘിച്ചു ഒരു കുടുംബത്തിലെ അംഗം ജാതി മാറിയോ മതംമാറിയോ വിവാഹം ചെയ്യാനൊരുങ്ങിയാല്‍ ഉപദേശിച്ചു പിന്തിരിപ്പിക്കാനല്ലാതെ, ബലമായി തടയാന്‍ ഇവിടെ കുടുംബക്കാര്‍ക്ക് അവകാശമില്ല. നിയമം സംരക്ഷിക്കാന്‍ വ്യവസ്ഥാപിത മാര്‍ഗങ്ങളുണ്ടെന്നിരിക്കെ വ്യക്തികളും ആള്‍ക്കൂട്ടങ്ങളും അതിനൊരുമ്പെടുന്നത് അരാജകത്വം ഉടലെടുക്കാന്‍ ഇടയാക്കും. ഇത്തരം നിയമലംഘനങ്ങള്‍ പ്രകടമാകുമ്പോള്‍ മതത്തെയും സമുദായങ്ങളെയും കുതിര കയറാറുണ്ട് ചിലര്‍. അത് വിവരക്കേടും അവിവേകവുമാണ്. മതങ്ങള്‍ അണികളെ അതിന്റെ ശാസനകള്‍ അനുസരിക്കാന്‍ ഉപദേശിക്കുകയല്ലാതെ ബഹുസ്വര സമൂഹത്തില്‍ അത് ബലമായി നടപ്പാക്കാന്‍ അനുവദിക്കുന്നില്ല തന്നെ.

കെവിന്‍ കൊല്ലപ്പെടാനിടയായ സംഭവത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചതായി ആരോപണമുണ്ട്. തട്ടിക്കൊണ്ടുപോയ വിവരം ലഭിച്ചിട്ടും നടപടിയെടുക്കുന്നതില്‍ കാലതാമസം വരുത്തിയെന്നാണ് പറയുന്നത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിക്കാണ് നീനുവിന്റെ വീട്ടുകാര്‍ കെവിനെ തട്ടിക്കൊണ്ടുപോയത്. അന്ന് പുലര്‍ച്ചെ ആറ് മണിക്ക് കെവിന്റെ പിതാവ് ജോസഫ് ജേക്കബ് ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനിലെത്തി വിവരം അറിയിക്കുകയും മകനെ രക്ഷിക്കണമെന്നാവശ്യപ്പെടുകയും ചെയ്തിരുന്നു. പോലീസ് അത് ഗൗനിച്ചില്ലെന്നാണ് പറയപ്പെടുന്നത്. തുടര്‍ന്ന് ഞായറാഴ്ച 11 മണിക്ക് നീനു സ്‌റ്റേഷനിലെത്തി ഭര്‍ത്താവിനെ രക്ഷിക്കണമെന്നാവശ്യപ്പെട്ടു. ആ പരാതിയും ആദ്യം സ്വീകരിച്ചില്ലത്രെ. സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് കേസെടുത്തത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ പോലീസിനെതിരെ കേസെടുക്കുന്നത് ആരോപണങ്ങളെ സാധൂകരിക്കുന്നുണ്ട്. പോലീസിനെക്കുറിച്ചു വ്യാപകമായ പരാതി ഉയര്‍ന്നതോടെ ഗാന്ധി നഗര്‍ പോലീസ് സ്‌റ്റേഷന്‍ എസ് ഐ, എ എസ് ഐ എന്നിവരെ സസ്‌പെന്‍ഡ് ചെയ്യുകയും കോട്ടയം എസ് പിയെ സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട് ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം നടത്തി കുറ്റം തെളിഞ്ഞാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. പോലീസിനെതിരായ പരാതികളില്‍ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് മേലുദ്യോഗസ്ഥരും ആഭ്യന്തര വകുപ്പും കൈക്കൊള്ളുന്നതെന്ന് ആക്ഷേപമുണ്ട്. ഇനിയും അത് ആവര്‍ത്തിക്കാനിടയാക്കരുത്.