Connect with us

Articles

ട്രംപിന്റെ ആണവ നയതന്ത്രം

Published

|

Last Updated

അടുത്തമാസം 12-ന് നടത്താനിരുന്ന യു എസ്-ഉത്തരകൊറിയ ഉച്ചകോടിയില്‍ നിന്ന് ട്രംപിന്റെ പിന്‍മാറ്റം കൊറിയന്‍ ഉപദ്വീപിനെ വീണ്ടും സംഘര്‍ഷഭരിതമാക്കുമെന്ന ആശങ്ക പടര്‍ന്നിരിക്കുകയാണ്. ഡൊണാള്‍ഡ് ട്രംപ് നടത്തിയ ഏകപക്ഷീയമായ പിന്‍മാറ്റം ഒരര്‍ഥത്തില്‍ ലോകസമാധാനത്തിനു വേണ്ടിയുള്ള നീക്കങ്ങളില്‍ നിന്നുള്ള അമേരിക്കയുടെ ഒളിച്ചോട്ടമാണ്. എന്നും അമേരിക്ക ലോകസമാധാനത്തിനെതിരായിരുന്നു.
1917-ല്‍ ഒക്‌ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവത്തിനു ശേഷം മുതലാളിത്ത രാജ്യങ്ങളെ ആകെ ഒന്നിപ്പിച്ചുകൊണ്ട് സോഷ്യലിസത്തിനും കമ്യൂണിസത്തിനും എതിരായ കുരിശുയുദ്ധത്തിനാണ് അമേരിക്കന്‍ സാമ്രാജ്യത്വം ഇറങ്ങിത്തിരിച്ചത്. ദേശീയ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള വിമോചനപ്രസ്ഥാനങ്ങളെ അസ്ഥിരീകരിക്കാന്‍ അമേരിക്കയും കൂട്ടാളികളും പദ്ധതിയിട്ടു. അന്നത്തെ അമേരിക്കന്‍ പ്രസിഡന്റായിരുന്ന വുഡ്രോവില്‍സണ്‍ കമ്യൂണിസത്തിനും സോവിയറ്റ് യൂനിയനുമെതിരായ ഒരു കൗണ്ടര്‍ ഇന്റലിജന്‍സ് പ്രോഗ്രാമിനു തന്നെ രൂപം കൊടുകയുണ്ടായി. സോവിയറ്റ് യൂനിയനെ വളഞ്ഞുപിടിച്ച് അക്രമിച്ചു. അമേരിക്കന്‍ ഭരണകൂടത്തിന് പിറകില്‍ പ്രവര്‍ത്തിച്ച കോര്‍പറേറ്റ് മൂലധനതാത്പര്യങ്ങളായിരുന്നു അമേരിക്കയുടെ വിദേശനയവും കുരിശുയുദ്ധങ്ങള്‍ക്കാവശ്യമായ പദ്ധതികളും ആവിഷ്‌കരിക്കുന്നതിന് പിറകില്‍ പ്രവര്‍ത്തിച്ചത്.

ദേശീയ വിമോചനപ്രസ്ഥാനങ്ങള്‍ക്കും സ്വതന്ത്ര വിദേശനയം സ്വീകരിക്കുന്ന രാഷ്ട്രങ്ങള്‍ക്കുമെതിരെ നിരന്തരമായ കടന്നാക്രമണങ്ങളാണ് അമേരിക്ക നടത്തിയത്. അറബ് ദേശീയ ഉണര്‍വുകളെയും ലാറ്റിനമേരിക്കന്‍ വിമോചനപോരാട്ടങ്ങളെയും അസ്ഥിരീകരിക്കാനുള്ള രാഷ്ട്രീയവും സൈനികവുമായ അക്രമണങ്ങള്‍ തുടര്‍ച്ചയായി അഴിച്ചുവിട്ടു. കൊറിയയിലും വിയറ്റ്‌നാമിലും അത്യന്തം നിഷ്ഠൂരമായ സൈനിക കടന്നാക്രമണങ്ങളും ബോംബാക്രമണങ്ങളും നടത്തി. രണ്ടാം ലോകമഹായുദ്ധത്തില്‍ ഫാസിസ്റ്റ് ശക്തികള്‍ പരാജയം സമ്മതിച്ചിട്ടും ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക ആറ്റംബോംബ് വര്‍ഷിച്ചത് തങ്ങളുടെ ലോകമേധാവിത്വം പ്രഖ്യാപിക്കാനായിരുന്നു. കമ്യൂണിസ്റ്റ് വിരുദ്ധ യുദ്ധവെറി സൃഷ്ടിക്കാനാണ് രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അമേരിക്കയും ബ്രിട്ടനുമെല്ലാം കിണഞ്ഞുശ്രമിച്ചത്.

1946-ല്‍ ഫാസിസ്റ്റ്‌വിരുദ്ധ യുദ്ധത്തിന്റെ വിജയമാഘോഷിക്കേണ്ടതില്ലെന്ന് അമേരിക്കയും ബ്രിട്ടനുമെല്ലാം തീരുമാനിക്കുകയായിരുന്നു. ലോകം കമ്യൂണിസ്റ്റ് ഭീഷണിയിലാണെന്നും സോവിയറ്റ് യൂനിയനാണ് ആഗോളഭീഷണിയെന്നും പറഞ്ഞ് നടക്കുകയായിരുന്നു സാമ്രാജ്യത്വ നേതാക്കന്മാര്‍. അന്നത്തെ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ട്രൂമാന്‍ സമാധാനത്തേക്കാള്‍ പ്രധാനം സ്വാതന്ത്ര്യമാണെന്നാണ് പ്രഖ്യാപിച്ചത്. ട്രൂമാന്‍ സിദ്ധാന്തം എന്ന് വിളിക്കപ്പെടുന്ന യുദ്ധപദ്ധതിയുടെ വിളംബരമായിരുന്നു മുതലാളിത്ത ശക്തികള്‍ നടത്തിയത്. കമ്യൂണിസവും ജനാധിപത്യവും തമ്മില്‍ അപരിഹാര്യമായ സംഘട്ടനമാണുള്ളതെന്നാണ് ട്രൂമാന്‍ തന്റെ സിദ്ധാന്തത്തിലൂടെ സ്ഥാപിച്ചത്. സ്വാതന്ത്ര്യമാണ് സമാധാനത്തേക്കാള്‍ പ്രധാനമെന്നും സ്വതന്ത്ര സംരംഭങ്ങള്‍ക്കുനേരെ (മുതലാളിത്ത വ്യവസായ കുത്തകള്‍ക്കുനേരെ) സോഷ്യലിസവും സോവിയറ്റ് യൂനിയനും ഉയര്‍ത്തുന്ന ഭീഷണിയാണ് ലോകം നേരിടുന്ന മുഖ്യവിപത്ത് എന്നുമാണ് ട്രൂമാന്‍ സിദ്ധാന്തിച്ചത്.

അതുകൊണ്ട് ലോകമാകെ അമേരിക്കന്‍ സമ്പ്രദായം സ്വീകരിക്കണം. ലോകത്തിന്റെ അമേരിക്കാവത്കരണമാണ് ട്രൂമാന്‍ സിദ്ധാന്തത്തിന്റെ ലക്ഷ്യവും മാര്‍ഗവും. ഇതിനായി ആണവായുധങ്ങള്‍വരെ ഉപയോഗിച്ചുള്ള ലോകാധിപത്യത്തിനായുള്ള യുദ്ധങ്ങളെക്കുറിച്ചാണ് അമേരിക്കയും കൂട്ടാളികളും അഭിമാനം കൊണ്ടത്. 1946 മാര്‍ച്ച് 5-നാണല്ലോ കുപ്രസിദ്ധമായ ചര്‍ച്ചിലിന്റെ ശീതയുദ്ധം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രസംഗം നടക്കുന്നത്. അമേരിക്കയിലെ മിസോറിയയിലെ ഫള്‍ട്ടനിലുള്ള വെസ്റ്റ്മിനിസ്റ്റര്‍ കോളേജിലായിരുന്നു ചര്‍ച്ചില്‍ പ്രസംഗിച്ചത്. ശ്രോതാവായി അമേരിക്കന്‍ പ്രസിഡന്റ് ട്രൂമാനും എത്തിയിരുന്നു.

കമ്യൂണിസ്റ്റ് ഭീഷണി മറ്റൊരു ലോകയുദ്ധത്തിലേക്ക് നമ്മളെ നയിക്കുകയാണെന്നും അമേരിക്കയും ബ്രിട്ടനും മറ്റ് മുതലാളിത്ത രാജ്യങ്ങളും സോവിയറ്റ് യൂനിയനെതിരെ ഒരു സൈനിക രാഷ്ട്രീയ സഖ്യമാവണമെന്നുമാണ് ചര്‍ച്ചില്‍ ഉദ്‌ബോധിപ്പിച്ചത്. സോവിയറ്റ് യൂനിയനെതിരെ ആണവായുധം വരെ ഉപയോഗിക്കുന്ന യുദ്ധം എത്രയും വേഗത്തില്‍ ആരംഭിക്കണമെന്നാണ് ട്രൂമാനും ചര്‍ച്ചിലും ചിന്തിച്ചത്. സോവിയറ്റ് യൂനിയന്‍ ആണവായുധങ്ങള്‍ ഉണ്ടാക്കുന്നതിനുമുമ്പ് ആറ്റംബോംബ് ഉപയോഗിച്ച് സോവിയറ്റ് യൂനിയനെ നശിപ്പിക്കണമെന്നാണ് ചര്‍ച്ചില്‍ തന്റെ പ്രസംഗത്തില്‍ ഊന്നി പറഞ്ഞത്.

1945 ആഗസ്റ്റ് മാസത്തില്‍ ബ്രിട്ടീഷ് പാര്‍ലിമെന്റിനെ അഭിസംബോധന ചെയ്യവെ, സോവിയറ്റ് ഭീഷണികളെ നേരിടാന്‍ ആറ്റംബോംബ് ഉപയോഗിക്കണമെന്ന് അര്‍ഥശങ്കക്കിടയില്ലാതെ ചര്‍ച്ചില്‍ പറയുകയുണ്ടായി. ട്രൂമാനും ചര്‍ച്ചിലും ആറ്റംബോംബിന്റെ കുത്തക അമേരിക്കയുടെയും ബ്രിട്ടന്റേതുമായി നിലനിര്‍ത്തണമെന്നും ആഗ്രഹിച്ചു. ആറ്റംബോംബിന്റെ ബലത്തില്‍ സോവിയറ്റ് യൂനിയനെയും നവസ്വതന്ത്രരാജ്യങ്ങളെയും നശിപ്പിക്കാനും തങ്ങളുടെ ലോകാധിപത്യം പൂര്‍ത്തീകരിക്കാനും കഴിയുമെന്നാണ് സാമ്രാജ്യത്വശക്തികള്‍ ചിന്തിച്ചത്. അതായത് ആറ്റംബോംബിനെ ഒരു രാഷ്ട്രീയ ഉപകരണമാക്കുകയാണ് രണ്ടാം ലോകമഹാ യുദ്ധാനന്തരം അമേരിക്കയും കൂട്ടാളികളും ചെയ്തത്.

ആറ്റംബോംബിനെ യുദ്ധതന്ത്രമാക്കുന്നതുപോലെ രാഷ്ട്രീയ തന്ത്രമാക്കാനും അമേരിക്ക ശീതയുദ്ധകാലത്തുടനീളം ശ്രമിച്ചു. ട്രൂമാന്റെ പ്രതിരോധവകുപ്പ് സെക്രട്ടറിയായിരുന്ന ഹെന്‍ട്രിസ്റ്റിന്‍സണ്‍ ട്രൂമാന് വിശദീകരിച്ചുകൊടുത്തത് ഇങ്ങനെയായിരുന്നു; “ഈ ആയുധം ശരിയായി ഉപയോഗിക്കുന്നതിന്റെ പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞാല്‍ ലോകസമാധാനവും പാശ്ചാത്യനാഗരികതയും കാത്തുസൂക്ഷിക്കാന്‍ കഴിയുന്ന രീതിയില്‍ ഈ ലോകത്തെ മാറ്റിത്തീര്‍ക്കാന്‍ നമുക്ക് അവസരം ലഭിക്കും.” അമേരിക്കയുടെ ലോകാധിപത്യം മറ്റ് ജനസമൂഹങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ അണുബോംബ് അമേരിക്കക്ക് ശക്തിനല്‍കുമെന്ന വിശ്വാസം അന്നത്തെ യു എസ് സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ജയിംസ് എഫ് ബൈര്‍നസ് വെച്ചുപുലര്‍ത്തിയിരുന്നു. അദ്ദേഹമാണ് “ആറ്റമിക് നയതന്ത്രം” അമേരിക്കന്‍ വിദേശനയത്തിന്റെ അടിസ്ഥാനമാക്കിയത്.

ആണവ സാങ്കേതികവിദ്യയും ആണവായുധങ്ങളും മറ്റ് രാജ്യങ്ങള്‍ ഒരിക്കലും കരഗതമാക്കരുതെന്ന നിര്‍ബന്ധം അമേരിക്കക്ക് എന്നുമുണ്ടായിരുന്നു. സോവിയറ്റ് യൂനിയനും ചൈനയും വടക്കന്‍ കൊറിയയുമെല്ലാം ആണവായുധശേഷി നേടിയ സാഹചര്യമാണ് ആണവായുധനിര്‍വ്യാപനത്തെക്കുറിച്ചുള്ള വാചകമടികളിലേക്ക് അമേരിക്കയെ എത്തിച്ചത്. സോവിയറ്റ് യൂനിയന്‍ ആണവശേഷി നേടുന്നതിനു മുമ്പ് ആണവനിര്‍വ്യാപനത്തിനുവേണ്ടിയുള്ള ലോകാഭിപ്രായങ്ങളെ മാനിക്കാന്‍ അമേരിക്ക തയ്യാറായിരുന്നില്ല. ഇറാനും ഇറാഖിനും വടക്കന്‍കൊറിയക്കുമെല്ലാമെതിരെ ആണവായുധ ഭീഷണി ചൂണ്ടിക്കാട്ടിയാണ് അമേരിക്ക സൈനികനീക്കങ്ങളും യുദ്ധങ്ങളും നടത്തിയത്. രണ്ടാം ഗള്‍ഫ് യുദ്ധത്തില്‍ ഇറാഖിന്റെ ഭൂഗര്‍ഭപടയറകളില്‍ ന്യൂക്ലിയര്‍ബോംബ് ശേഖരിച്ചുവെച്ചിട്ടുണ്ടെന്ന് ആക്ഷേപിക്കുകയായിരുന്നു അമേരിക്കയും സഖ്യശക്തികളും. ബുഷും ടോണിബ്ലയറും ലോകത്തെ കബളിപ്പിക്കുകയായിരുന്നു. മനുഷ്യനാശകാരികളായ ആയുധശേഖരങ്ങള്‍ ഇല്ലാതാക്കാനുള്ള യുദ്ധമെന്നാണ് ഇറാഖിനെ തകര്‍ത്ത അമേരിക്കന്‍ അക്രമണങ്ങള്‍ക്ക് ഇക്കൂട്ടര്‍ ന്യായം ചമച്ചത്.

ഇറാനെതിരായ കുത്തിത്തിരിപ്പുകളും സൈനികാക്രമണ നീക്കങ്ങളും യുറേനിയം സംപുഷ്ടീകരണത്തിന്റെ പേരിലായിരുന്നു. പ്രസിഡന്റ് ഒബാമ ഇറാനുമായുണ്ടാക്കിയ ആണവായുധക്കരാറില്‍ നിന്നും ഏകപക്ഷീയമായി ട്രംപ് പിന്‍മാറുന്നതിലൂടെ അമേരിക്കയുടെ കാപട്യമാണ് ലോകത്തിന്റെ മുമ്പില്‍ അനാവരണം ചെയ്യപ്പെട്ടിരിക്കുന്നത്. കൊറിയന്‍ സര്‍ക്കാറിനെതിരെ സാര്‍വദേശീയതലത്തില്‍ ദശകങ്ങളായി നുണപ്രചാരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് അമേരിക്കയും സാമ്രാജ്യത്വ മാധ്യമങ്ങളും. 1950-53 കാലത്തെ കൊറിയന്‍ യുദ്ധം അമേരിക്കന്‍ അധിനിവേശ താത്പര്യങ്ങളുടെ ദുരന്തഫലമായിരുന്നു. അമേരിക്ക ഇടപെട്ടാണ് കൊറിയന്‍ ഏകീകരണത്തെ തടഞ്ഞതും രണ്ട് രാജ്യങ്ങളായി കൊറിയന്‍ ജനതയെ വിഭജിച്ചതും. വിഭജനത്തിനു ശേഷം സമാധാനസന്ധി ഒപ്പിടാന്‍ അമേരിക്ക തയ്യാറായിരുന്നില്ല.

കൊറിയന്‍ ഉപദ്വീപിലെ അമേരിക്കന്‍ ഔട്ട്‌പോസ്റ്റായി ദക്ഷിണകൊറിയ മാറുകയായിരുന്നു. വടക്കന്‍കൊറിയയെ ലക്ഷ്യമിട്ട് ദക്ഷിണകൊറിയയില്‍ സൈനികതാവളങ്ങള്‍ സ്ഥാപിച്ചു. സൈനിക വിന്യാസം നടത്തി. ഈയൊരു സാഹചര്യമാണ് ഇരുകൊറിയകളും തമ്മിലുള്ള സംഘര്‍ഷത്തിന് കാരണമായത്. വടക്കന്‍ കൊറിയക്കെതിരായ അമേരിക്കയുടെ ഒളിഞ്ഞുംതെളിഞ്ഞുമുള്ള നീക്കങ്ങളാണ് സ്വയം രക്ഷക്കായി ആയുധസംഭരണം നടത്തേണ്ട അവസ്ഥ ആ രാജ്യത്തിനുണ്ടാക്കിയത്. ലോകത്തിന്റെ മുമ്പില്‍ സ്വേച്ഛാധിപത്യ രാജ്യമായി വടക്കന്‍കൊറിയയെ അവതരിപ്പിക്കാനാണ് അമേരിക്ക എന്നും ശ്രദ്ധിച്ചുപോന്നത്.

സംഘര്‍ഷത്തിന്റെയും സംശയത്തിന്റെയും സാഹചര്യമാണ് കഴിഞ്ഞ 65 വര്‍ഷക്കാലമായി ഈ മേഖലയില്‍ നിലനിന്നുപോന്നത്. ഇതിന് അയവുവരുത്തിക്കൊണ്ടാണ് വടക്കന്‍കൊറിയന്‍ പ്രസിഡന്റ് കിംജോംഗ് ഉന്നും ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ജെ ഇന്നും പരസ്പരം കണ്ടതും സംഭാഷണം നടത്തിയതും. ഈ മേഖലയില്‍ സമാധാനം ഉറപ്പുവരുത്താനുള്ള നിര്‍ണായകമായ സംഭാഷണങ്ങള്‍ക്കാണ് ആ ഉച്ചകോടി തുടക്കം കുറിച്ചത്. ആറര ദശകക്കാലത്തിനുശേഷമാണ് ഒരു വടക്കന്‍കൊറിയന്‍ പ്രസിഡന്റ് ദക്ഷിണകൊറിയന്‍ പ്രദേശത്ത് ഉച്ചകോടി സംഭാഷണത്തിന് ചെല്ലുന്നത്. ഇരു കൊറിയകളുടെയും അതിര്‍ത്തിയിലുള്ള ദക്ഷിണകൊറിയന്‍ പ്രദേശമായ ചരിത്രപ്രസിദ്ധമായ പാന്‍മുന്‍ജിയോമിലെ പീസ് ഹൗസിലാണ് ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച നടന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും സാഹചര്യം ഈ മേഖലയിലെ അമേരിക്കന്‍ താത്്പര്യങ്ങള്‍ക്ക് ഭീഷണിയാണ്. അതുകൊണ്ടുതന്നെയാണ് ആണവനിര്‍വ്യാപനത്തിനു വേണ്ടിയുള്ള ഉച്ചകോടിയില്‍ നിന്ന് ട്രംപ് പിന്‍മാറിയിരിക്കുന്നതും. തന്റെ പൂര്‍വികരുടെ ആണവനയതന്ത്രമാണ് ട്രംപും പയറ്റുന്നത്.

---- facebook comment plugin here -----

Latest