കെവിന്റെ മതദേഹം കോട്ടയത്തെത്തിച്ചു; ചൊവ്വാഴ്ച പോസ്റ്റുമോര്‍ട്ടം ചെയ്യും

Posted on: May 28, 2018 9:01 pm | Last updated: May 28, 2018 at 9:01 pm

കോട്ടയം: പ്രണയിച്ചു വിവാഹം കഴിച്ചതിന് വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി കൊല്ലപ്പെടുത്തിയ കെവിന്റെ മൃതദേഹം ചൊവ്വാഴ്ച കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലായിരിക്കും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കുകയെന്നാണ് വിവരം. ആര്‍ ഡി ഒയുടെ നേതൃത്വത്തിലാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കോട്ടയത്തെത്തിച്ചത്. നേരത്തേ, മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകുമെന്നാണ് അറിയിച്ചിരുന്നത്.

കെവിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലെത്തിക്കുന്നത് വരെ വന്‍ പ്രതിഷേധമാണ് പോലീസ് നേരിട്ടത്. നാട്ടുകാരും വിവിധ സംഘടനകളും കൊലപാതകത്തില്‍ പോലീസിന്റെ വീഴ്ച്ചയിലും പ്രതിഷേധവുമായി രംഗത്തെത്തി. കെവിന്റെ മൃതദേഹവുമായെത്തിയ ആംബുലന്‍സ് കോട്ടയം മെഡിക്കല്‍ കോളജില്‍ തടഞ്ഞ്. ദലിത് സംഘടനാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയാണു ആംബുലന്‍സ് തടഞ്ഞത്. ഇതോടെ പ്രദേശത്ത് ഏറെനേരം സംഘര്‍ഷാവസ്ഥ നിലനിന്നു. തുടര്‍ന്ന് മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി.

കെവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്ന കാര്യത്തില്‍ വ്യക്തത വേണമെന്നു ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നും നടപടിക്രമങ്ങളെല്ലാം വിഡിയോയില്‍ പകര്‍ത്തണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ആവശ്യപ്പെട്ടു. സീനിയര്‍ ഡോക്ടര്‍ തന്നെ പോസ്റ്റ്‌മോര്‍ട്ടത്തിനു നേതൃത്വം നല്‍കണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.