ചെങ്ങന്നൂര്‍: ദേശീയ ശ്രദ്ധ നേടിയ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ 76.26 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. 2016 ലെ തിരഞ്ഞെടുപ്പില്‍ 74.36 ആയിരുന്നു പോളിംഗ് ശതമാനം. കോരിച്ചൊരിയുന്ന മഴയെ അവഗണിച്ചും സമ്മതിദാനാവകാശം വിനിയോഗിക്കാനെത്തിയവരുടെ നീണ്ട നിര കൊണ്ട് പോളിംഗ് സ്‌റ്റേഷനുകള്‍ നിറഞ്ഞത് വേറിട്ട കാഴ്ചയായി. കഴിഞ്ഞ തവണത്തേക്കാള്‍ വോട്ടിംഗ് ശതമാനം ഗണ്യമായി വര്‍ധിച്ചത് ഉപതിരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികള്‍ക്കും ആത്മവിശ്വാസം പകരുന്നു. സ്ഥാനാര്‍ഥികളെല്ലാം ഒരുപോലെ വിജയപ്രതീക്ഷയിലാണ്. പോളിംഗ് ബൂത്തുകളിലെല്ലാം നീണ്ട ക്യൂവാണ് രാവിലെ മുതല്‍ തന്നെ ദൃശ്യമായത്. ഇന്നലെ രാവിലെ ഏഴ് മുതല്‍ ആരംഭിച്ച പോളിംഗ് വൈകിട്ട് 8.05 നാണ് അവസാനിച്ചത്.
അങ്ങിങ്ങ് ചില അനിഷ്ട സംഭവങ്ങള്‍ ഉണ്ടായതൊഴിച്ചാല്‍ പൊതുവേ വോട്ടിംഗ് സമാധാന പൂര്‍ണമായിരുന്നു. ഞായറാഴ്ച പകല്‍ ആരംഭിച്ച മഴ ഇന്നലെയും തുടര്‍ന്നതിനാല്‍ മുന്നണികള്‍ ആശങ്കയിലായിരുന്നു. എന്നാല്‍ ആശങ്കകള്‍ക്കൊക്കെ വിരാമമിട്ട് കനത്ത പോളിംഗാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 22 പ്രശ്‌നബാധിത ബൂത്തുകളില്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും സി പി എം- ബി ജെ പി- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ പലയിടങ്ങളിലും കൈയ്യാങ്കളിയുണ്ടായി. മാന്നാര്‍ എന്‍ എസ് എസ് കരയോഗം എല്‍ പി സ്‌കൂളില്‍ കോണ്‍ഗ്രസ്- സി പി എം പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റം മൂത്ത് കൈയേറ്റത്തിന്റെ വക്കോളമെത്തി. പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. മാന്നാര്‍ പഞ്ചായത്ത് കോണ്‍ഗ്രസ് അംഗമായ പ്രകാശ് മൂലയിലിനെ സി പി എം പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി ഉയര്‍ന്നു. പാവുക്കര മണലേല്‍ സ്‌കൂള്‍ ബൂത്തിലും സി പി എം- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ വാഗ്വാദവും നടന്നു. ചെങ്ങന്നൂര്‍ പാണ്ടവന്‍പാറയിലെ ബി ജെ പി ബൂത്ത് ഓഫീസ് ഞായറാഴ്ച രാത്രി സി പി എം പ്രവര്‍ത്തകര്‍ തകര്‍ത്തതായി പരാതി ഉയര്‍ന്നു. ചെറിയനാട് ചെറുവല്ലൂര്‍ പോളിംഗ് ബൂത്തില്‍ പുറത്തുനിന്ന് എത്തിയ സി പി എം പ്രവര്‍ത്തകര്‍ വോട്ട് ക്യാന്‍വാസ് ചെയ്യുന്നുവെന്നാരോപിച്ച് ബി ജെ പി പ്രവര്‍ത്തകര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് വെണ്മണി പോലീസ് എത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി.
മണ്ഡലത്തിലെ വിവിധ ബൂത്തുകളില്‍ യന്ത്രങ്ങള്‍ തകരാറിലായതിനെ തുടര്‍ന്ന് വോട്ടിംഗ് വൈകി. കല്ലിശ്ശേരി വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബൂത്തില്‍ ആറ് തവണയിലേറെയാണ് വോട്ടിംഗ് മെഷീന്‍ തകരാറിലായത്. ഇത് പരിഹരിക്കാന്‍ ഏറെ വൈകിയതിനാല്‍ വോട്ടര്‍മാരില്‍ ചിലര്‍ വോട്ട് രേഖപെടുത്താതെ മടങ്ങിയതായി പറയുന്നു. ഇവിടെ ഉച്ചവരെ 300 വോട്ടുകളാണ് പോള്‍ചെയ്തത്.