ഫ്രാന്‍സിന്റെ ഹീറോയാണ് ഈ യുവ സ്‌പൈഡര്‍മാന്‍

Posted on: May 28, 2018 2:37 pm | Last updated: May 28, 2018 at 5:40 pm

പാരീസ്: പാരീസിലെ ഫ്‌ളാറ്റിന്റെ നാലാം നിലയില്‍ അപകടകരമാംവിധം തൂങ്ങിക്കിട നാലുവയസുകാരനെ സ്‌പൈഡര്‍മാനെപ്പോലെ കെട്ടിടത്തില്‍ക്കയറി രക്ഷിച്ച 22കാരനായ മാലിയന്‍ കുടിയേറ്റക്കാരനാണ് ഇപ്പോള്‍ ഫ്രാന്‍സിന്റെ ഹീറോ. മമൗദു ഗാസമയെന്ന 22 കാരന്റെ ധീര പ്രവര്‍ത്തിയെ അഭിനന്ദിക്കാനായി പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രാണ്‍ ഗാസമയെ തിങ്കളാഴ്ച എലീസീ കൊട്ടാരത്തിലേക്ക് ക്ഷണിച്ചിരിക്കുകയാണ്.

ശനിയാഴ്ച വൈകുന്നേരം പാരീസിലെ തെരുവിലൂടെ നടന്നുപോകവെയാണ് ഗാസമ കുറച്ച് പേര്‍ പേര്‍ ഫ്‌ളാറ്റിന് മുന്നില്‍ തടിച്ച്കൂടി നില്‍ക്കുന്നത് കണ്ടത്. ഫ്്‌ളാറ്റിന് മുകളിലേക്ക് നോക്കിയ ഗാസമ കാണുന്നത് ഒരു കുട്ടി നാലാം നിലയില്‍നിന്നും താഴോട്ട് തൂങ്ങി നില്‍ക്കുന്നതാണ്. ഉടന്‍തന്നെ ഒട്ടും സമയം പാഴാക്കാതെ ഗാസമ കെട്ടിടത്തിന് മുകളിലേക്ക് പറ്റിപ്പിടിച്ച് കയറുകയായിരുന്നു. സിനിമാക്കഥകളിലെ സ്‌പൈഡര്‍മാനെ അനുസ്മരിപ്പിക്കും വിധം നിമിഷങ്ങള്‍ക്കകമാണ് ഇയാള്‍ നാലാം നിലയിലെത്തിയത്. മറ്റൊരാളുടെ സഹായത്തോടെ കെട്ടിടത്തില്‍നിന്നും വീഴാതെ പിടിച്ചുനിന്ന കുട്ടിയെ ഗാസമ കോരിയെടുത്ത് മുകളിലെത്തിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദ്യശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് അഭിന്ദന പ്രവാഹമാണ് ഗാസമക്ക്.