കെവിന്റെ മരണം: പ്രതികള്‍ക്ക് ഡിവൈഎഫ്‌ഐ ബന്ധമെന്ന് ആരോപണം

Posted on: May 28, 2018 12:42 pm | Last updated: May 28, 2018 at 1:46 pm

കോട്ടയം: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ തട്ടിക്കൊണ്ട് പോയ കെവിന്‍ എന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ക്ക് ഡിവൈഎഫ്‌ഐ ബന്ധമുണ്ടെന്ന് ആരോപണം. കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തില്‍ ഡിവൈഎഫ്‌ഐ നേതാവും അനുയായികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഡിവൈഎഫ്‌ഐ തെന്മല യൂനിറ്റ് സെക്രട്ടറി നിയാസാണ് കെവിനെ തട്ടിക്കൊണ്ടുപോയ വാഹനം ഓടിച്ചിരുന്നതെന്നാണ് വ്യക്തമായിരിക്കുന്നത്. സംഘത്തിലെ മറ്റൊരു പ്രധാനിയായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഇഷാനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അതേസമയം, ഇഷാന്‍ ഒഴികെയുള്ള മറ്റ് പ്രതികള്‍ സംസ്ഥാനം വിട്ടതായും തെങ്കാശിയിലെത്തിയതായി സൂചനയുണ്ടെന്നും പോലീസ് വൃത്തങ്ങള്‍ പറയുന്നു. കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരന്‍ ഷാനു അടക്കമുള്ള പത്ത് അംഗ സംഘമാണ് കെവിനെ തട്ടിക്കൊണ്ട് പോയതെന്നാണ് പോലീസ് പറയുന്നത്. മാന്നാനത്തുനിന്നു ഞായറാഴ്ച രാത്രി തട്ടിക്കൊണ്ടു പോയ കെവിനെ ഇന്ന് രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പുനലൂര്‍ ചാലിയക്കര ആറിലാണ് മൃതദേഹം കണ്ടെത്തിയത്.