ഭാര്യവീട്ടുകാര്‍ തട്ടിക്കൊണ്ടുപോയ നവവരന്‍ മരിച്ച നിലയില്‍

Posted on: May 28, 2018 9:51 am | Last updated: May 28, 2018 at 8:47 pm

കോട്ടയം: പ്രണയവിവാഹത്തിന് പിന്നാലെ ഭാര്യയുടെ ബന്ധുവീട്ടുകാര്‍ തട്ടിക്കൊണ്ടുപോയ നവവരനെ മരിച്ച നിലയില്‍ കണ്ടെത്തി. മാന്നാനം സൂര്യകവല കളമ്പുകാട് ചിറയില്‍ കെവിന്‍ പി.ജോസഫ് (23) ആണ് മരിച്ചത്. മൃതദേഹത്തില്‍ ആഴത്തിലുള്ള മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്.
കൊലപാതകമാണെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു. പുനലൂര്‍ ചാലിയക്കര ആറിലാണ് മൃതദേഹം കണ്ടെത്തിയത്. മൂന്ന് ദിവസം മുമ്പാണ് കെവിനെ ഭാര്യയുടെ സഹോദരന്‍ ഉള്‍പ്പെടെയുള്ള പത്തംഗ സായുധ സംഘം വീടാക്രമിച്ച് തട്ടിക്കൊണ്ടു പോയത്. തട്ടിക്കൊണ്ടുപോയത്. വിവാഹം രജിസ്ട്രര്‍ വിവാഹം ചെയ്തതിന് പിന്നാലെയായിരുന്നു ഇത്.

ഒപ്പം കൊണ്ടുപോയ ബന്ധു, മാന്നാനം കളമ്പുകാട്ടുചിറ അനീഷിനെ (30) മര്‍ദിച്ച് അവശനാക്കിയശേഷം വഴിയില്‍ ഉപേക്ഷിച്ചിരുന്നു. കെവിന്‍ പത്തനാപുരത്തുവച്ചു കാറില്‍നിന്നു ചാടി രക്ഷപ്പെട്ടുവെന്ന് അനീഷ് പറഞ്ഞിരുന്നുവെങ്കിലും വിവരമൊന്നുമില്ലായിരുന്നു. തുടര്‍ന്ന്, കെവിന്റെ ഭാര്യ നീനു (20)ന്റെ പരാതിയില്‍ സഹോദരന്‍ ഷാനു ചാക്കോ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെ ഗാന്ധിനഗര്‍ പോലീസ് കേസെടുത്തിരുന്നു. തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറുകളിലൊന്ന് തെന്മല പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

നീനുവും കെവിനും തമ്മില്‍ മൂന്ന് വര്‍ഷമായി പ്രണയത്തിലായിരുന്നു. മറ്റൊരു വിവാഹം നടത്താന്‍ ബന്ധുക്കള്‍ ഉറപ്പിച്ചതോടെ നീനു കെവിനൊപ്പം ഇറങ്ങിപ്പോന്നു. ഇതില്‍ പ്രകോപിതരായി ബന്ധുക്കള്‍ കെവിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. സംഭവത്തില്‍ പോലീസിന്റെ അനാസ്ഥക്കെതിരെ ആരോപണം ശക്തമാണ്. പരാതി നല്‍കിയിട്ടും പോലീസ് നടപടി സ്വീകരിക്കാന്‍ തയ്യാറായില്ലെന്നാണ് ആരോപണം.