Connect with us

Kerala

നിപ്പാ ബാധിച്ച് വീണ്ടും മരണം; ഉറവിടം അജ്ഞാതം

Published

|

Last Updated

കോഴിക്കോട്: നിപ്പാ വൈറസ് റിപ്പോര്‍ട്ട് ചെയ്ത് ഒരു മാസത്തോടടുക്കാറായിട്ടും ഉറവിടം അജ്ഞാതമായി തുടരുന്നു. ഭീതിയൊഴിയാത്ത സാഹചര്യത്തില്‍ ഇന്നലെ ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് മിംസ് ആശുപത്രിയില്‍ ഒരാഴ്ചയായി ചികിത്സയിലായിരുന്ന കോഴിക്കോട് പാലാഴി വടക്കേനാരാട്ട് കലവാണിഭവന്‍ പറമ്പില്‍ അബിന്‍ (26) ആണ് മരിച്ചത്. രോഗ ലക്ഷണങ്ങളോടെയുള്ള മരണം പതിനാല് ആയെങ്കിലും പതിമൂന്ന് പേര്‍ക്ക് മാത്രമാണ് നിപ്പാ സ്ഥിരീകരിച്ചത്.

സാമ്പിള്‍ ശേഖരണം തുടരുന്നു

നിപ്പാ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. നിപ്പാ ബാധിച്ച് മരിച്ച മൂസയും മക്കളായ സാബിത്തും സാലിഹും ആപ്പറ്റയില്‍ പുതുതായി വാങ്ങിയ വീട്ടിലെ കിണറ്റില്‍ കണ്ടെത്തിയ വവ്വാലുകളുടെ രക്തസാമ്പിളുകളുടെ ഫലം പുറത്തുവന്നെങ്കിലും ഇവയില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നില്ല. ഇതേത്തുടര്‍ന്ന് പഴംതീനി വവ്വാലുകളില്‍ പരിശോധന നടത്താനൊരുങ്ങുകയാണ് സംസ്ഥാന മൃഗസംരക്ഷണ വകുപ്പും ആരോഗ്യ വിഭാഗവും. ഇവയുടെ രക്തസാമ്പിളുകള്‍ ഭോപ്പാലിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസ് ലാബിലേക്ക് പരിശോധനക്കയക്കണം. ചെറിയ വവ്വാലുകളില്‍ ഫലം നെഗറ്റീവായത് കൊണ്ട് വവ്വാലുകളല്ല വൈറസ് വാഹകരെന്ന് പറയാന്‍ കഴിയില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

പേരാമ്പ്രയിലെ ജാനകിക്കാട്ടില്‍ പഴങ്ങള്‍ ഭക്ഷിക്കുന്ന വവ്വാലുകളുടെ സാന്നിധ്യം നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നുള്ള സംഘം സ്ഥിരീകരിച്ചിരുന്നു. വവ്വാലുകള്‍ ഭക്ഷിച്ച പല തരത്തിലുള്ള പഴത്തിന്റെ അവശിഷ്ടങ്ങള്‍ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ഇവിടേക്കുള്ള സന്ദര്‍ശനം നിരോധിച്ചിരുന്നു. ഇവിടെ നിന്നുള്‍പ്പെടെയുള്ള നാല് സ്ഥലങ്ങളില്‍ നിന്നുള്ള വവ്വാലുകളെ ശേഖരിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. എന്‍ എന്‍ ശശി സിറാജിനോട് പറഞ്ഞു. പഴം തീനി വവ്വാലുകളെ ശേഖരിക്കുന്നതിനുള്ള ശ്രമങ്ങള്‍ കനത്ത മഴയെ തുടര്‍ന്ന് ഇന്നലെ നിര്‍ത്തിവെച്ചു. ഇന്ന് തുടരും. പഴം തീനി വവ്വാലുകളില്‍ നിന്ന് തന്നെയാകാം വൈറസ് വ്യാപിച്ചതെന്ന നിഗമനമാണ് മൃഗസംരക്ഷണ വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, വൈറസ് വാഹകരായ ഇത്തരം വവ്വാലുകളെ കണ്ടെത്തുക ശ്രമകരമാണ്. ഇത്രയും ദിവസത്തിനിടയില്‍ ഈ വവ്വാലുകള്‍ മറ്റ് സ്ഥലങ്ങളിലേക്ക് പോകാനും സാധ്യതയേറെയാണ്. രോഗ വാഹകരായ വവ്വാലുകളെ തിരിച്ചറിയാന്‍ കഴിയുകയില്ല. വൈറസ് ബാധ പന്നികളിലാണെങ്കില്‍ ദിവസങ്ങള്‍ക്കകം രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് അവ ചത്ത് പോകും. 1998ന് ശേഷം രോഗം പന്നികളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

വലിയ ഇനം വവ്വാലുകള്‍ ഏറെയുള്ള ജാനകിക്കാട്ടില്‍ സാലിഹ് പോയിരുന്നുവെന്നും അവിടെ നിന്നാകാം വൈറസ് പകര്‍ന്നതെന്നും നാട്ടുകാരില്‍ ചിലര്‍ പറയുന്നുണ്ട്. അതിന് ശേഷം ആദ്യം മരിച്ച സാബിത്തിലേക്ക് പകര്‍ന്നതാകാമെന്നും ഒരു നിഗമനമുണ്ട്. ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല. മരപ്പട്ടികള്‍ ചത്തതായുള്ള റിപ്പോര്‍ട്ടുകളും ജാനകിക്കാടിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുണ്ട്. സാബിത്തിന്റെ സഞ്ചാരപഥങ്ങള്‍ പരിശോധിക്കാന്‍ വടകര എസ് പിയെ ചുമതലപ്പെടുത്തിയിരുന്നു. സാബിത്ത് മലേഷ്യ സന്ദര്‍ശിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ രേഖകള്‍ പരിശോധിച്ച പോലീസും ആരോഗ്യ വകുപ്പും തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ അന്വേഷണങ്ങളിലേക്ക് പോകുന്നത്.

ഇന്നലെ മരിച്ച അബിന്‍ അതീവ ഗുരുതരാവസ്ഥയില്‍ ഒരാഴ്ചയോളമായി കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. പനി ബാധിച്ച് ഒളവണ്ണ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയ അബിനിന്റെ രോഗം ഗുരുതരമായതോടെ 19നാണ് മിംസില്‍ പ്രവേശിപ്പിച്ചത്. പാലാഴിയിലെ ഓട്ടോ ഡ്രൈവറായ അബിന് എങ്ങനെ രോഗം ബാധിച്ചു എന്നതിനെക്കുറിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ഈ മാസം ആദ്യം അബിന്‍ പേരാമ്പ്രയിലുള്ള ബന്ധുവീട്ടില്‍ പോയിരുന്നതായി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഓട്ടോയുമായി മെഡിക്കല്‍ കോളജിലെത്തിയപ്പോള്‍ അവിടെ നിന്ന് പകര്‍ന്നതാണോ എന്നും സംശയമുണ്ട്.

വെറസ് ബാധ സ്ഥിരീകരിച്ചവരുടെ ബന്ധുക്കളടക്കം 175 പേര്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഇതുവരെ 99 പരിശോധനാ സാമ്പിളുകളുടെ ഫലം ആരോഗ്യ വകുപ്പിന് ലഭിച്ചു. ഇതില്‍ 83 സാമ്പിളുകളും നെഗറ്റീവാണ്.

ഇന്‍ക്യുബേഷന്‍ പീര്യഡ് ജൂണ്‍ അഞ്ച്

തിരുവനന്തപുരം: നിപ്പാ വൈറസിന്റെ ഇന്‍ക്യുബേഷന്‍ പീര്യഡ് അടുത്ത മാസം അഞ്ചായി നിശ്ചയിക്കുകയും ഇതിനിടയില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ വൈറസ് ബാധ നിയന്ത്രണവിധേയമെന്ന് ഉറപ്പിക്കാനാകുമെന്നും ആരോഗ്യ വകുപ്പ്. നിപ്പാ ബാധ സംബന്ധിച്ച് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരിക്കുകയും പരിശോധനക്കയച്ച സാമ്പിളുകളുടെ ഫലം നെഗറ്റീവ് ആകുകയും ചെയ്ത സാഹചര്യത്തിലാണ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലായി പരിശോധനക്കയച്ച രക്തപരിശോധനാ ഫലം നെഗറ്റീവ് ആയതോടെയാണ് വൈറസ് ബാധ നിയന്ത്രണ വിധേയമാകുന്നുവെന്ന് ആരോഗ്യ വകുപ്പ് ആത്മവിശ്വാസത്തിലെത്തുന്നത്. വൈറസിന്റെ ഇന്‍ക്യൂബേഷന്‍ പീര്യഡ് അടിസ്ഥാനമാക്കി ജൂണ്‍ അഞ്ച് വരെ പുതുതായി ആരിലും നിപ്പാ വൈറസ് സ്ഥീരികരിച്ചില്ലെങ്കില്‍ രോഗം അവസാനിച്ചതായി കണക്കാക്കാമെന്ന നിലപാടിലാണ് ആരോഗ്യ വകുപ്പ്.

നിപ്പാ വൈറസ് രോഗിയില്‍ പടരാനുള്ള നിശ്ചിത സമയപരിധി മൂന്ന് ദിവസം മുതല്‍ 21 ദിവസം വരെയാണ്. ആര്‍ക്കെങ്കിലും വൈറസ് ബാധിച്ചിട്ടുണ്ടെങ്കില്‍ ആദ്യത്തെ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത സമയം മുതല്‍ ജൂണ്‍ അഞ്ച് വരെയാണ് അത് തെളിയാനുള്ള കാലാവധി. ഇതുപ്രകാരം ജൂണ്‍ അഞ്ചിനകം പുതുതായി ആരിലും നിപ്പാ സ്ഥിരീകരിച്ചിട്ടില്ലെങ്കില്‍ നിയന്ത്രണവിധേയമായെന്ന് മനസ്സിലക്കാമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. ഇതുവരെ സംസ്ഥാനത്ത് പതിനേഴ് പേര്‍ക്കാണ് നിപ്പാ സ്ഥിരീകരിച്ചത്.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്

Latest