ഉമ്മന്‍ ചാണ്ടി എഐസിസി ജനറല്‍ സെക്രട്ടറി

Posted on: May 27, 2018 1:21 pm | Last updated: May 28, 2018 at 9:16 am

ന്യൂഡല്‍ഹി: ഉമ്മന്‍ ചാണ്ടിയെ ആന്ധ്രപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാക്കി. നേത്യസ്ഥാനത്ത് മാറ്റങ്ങള്‍ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയുള്ള കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനത്തിന്റെ ഭാഗമായാണിത്.
മുതിര്‍ന്ന നേതാവ് ദ്വിഗ്‌വിജയ
സിംഗിനെ മാറ്റിയാണ് ഉമ്മന്‍ ചാണ്ടിക്ക് തല്‍സ്ഥാനം നല്‍കിയിരിക്കുന്നത്. സിപി ജോഷിയെ ബംഗാള്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ ചുമതലയില്‍നിന്നും മാറ്റി ഗൗരവ് ഗോഗോയെ നിയമിച്ചു. ഇരുവരോടും ഉടന്‍ ചുമതലയേല്‍ക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചിട്ടുണ്ട്.

എഐസിസി ജനറല്‍ സെക്രട്ടറിയായതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമതിയിലും ഉമ്മന്‍ ചാണ്ടി അംഗമായി. പ്രമുഖ നേതാവായിട്ടും പ്രത്യേക പദവികളിലൊന്നും ഉമ്മന്‍ ചാണ്ടിയുണ്ടായിരുന്നില്ല. ഉമ്മന്‍ ചാണ്ടിയെ കെപിസിസി അധ്യക്ഷനാക്കണമെന്ന അഭിപ്രായമുയര്‍ന്നുവന്നിരുന്നെങ്കിലും അദ്ദഹേം താല്‍പര്യം കാണിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഉമ്മന്‍ ചാണ്ടിയെ രാഹുല്‍ ഗാന്ധി ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയര്‍ത്തിയിരിക്കുന്നത്.

തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിനെ ആന്ധ്രയില്‍ പുനരുജ്ജീവിപ്പിക്കുകയെന്ന ദുഷ്‌കര ദൗത്യമാണ് ഉമ്മന്‍ചാണ്ടിക്ക് മുന്നിലുള്ളത്. കര്‍ണാടകയുടെ ചുമതലയേല്‍പ്പിച്ച് കേരളത്തില്‍നിന്നും കെസി വേണുഗോപാലിനേയും പിസി വിഷ്ണുനാഥിനേയും ഹൈക്കമാന്‍ഡ് നേരത്തെ ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയര്‍ത്തിയിരുന്നു.