ഇന്ധന വില മേലോട്ട്തന്നെ ; ഇന്ന് പെട്രോളിന് 16 പൈസയുടേയും ഡീസലിന് 17 പൈസയുടേയും വര്‍ധന

Posted on: May 27, 2018 10:58 am | Last updated: May 27, 2018 at 1:48 pm

തിരുവനന്തപുരം: ജനരോഷത്തെ കണ്ടില്ലെന്ന് നടിച്ചുകൊണ്ട് തുടര്‍ച്ചയായ പതിനഞ്ചാം ദിവസവും പെട്രോള്‍ , ഡീസല്‍ വില വര്‍ധിപ്പിച്ചു. ഞായറാഴ്ച പെട്രോളിന് 16 പൈസയുടേയും ഡീസലിന് 17 പൈസയുടേയും വര്‍ധനയാണുണ്ടായിരിക്കുന്നത്. തിരുവനന്തപുരത്ത് പെട്രോളിന് 82.31 രൂപയും ഡീസലിന് 74.94 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 80.87 രൂപയും ഡീസലിന് 73.52 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 81.23 രൂപയും ഡീസലിന് 73.86 രൂപയുമാണ്.

ഇന്ധന വില നാള്‍ക്ക്‌നാള്‍ കുതിച്ചുയരുമ്പോഴും ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ നികുതി കുറക്കാനുള്ള ഒരു നടപടിയും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ സ്വീകരിച്ചിട്ടില്ല. ഇന്ധന വില കുറക്കുന്നതിന്റെ ഭാഗമായി കേന്ദ്രം എണ്ണക്കമ്പനി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും യാതൊരു ഫലവും കണ്ടില്ല. ദീര്‍ഘകാലാടിസ്ഥാനത്തില്‍ വില പിടിച്ചു നിര്‍ത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്.