Connect with us

Editorial

പാര്‍ട്ടികളുടെ ഫണ്ടിംഗ് സുതാര്യമാകണം

Published

|

Last Updated

കോണ്‍ഗ്രസ് നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് രാഷ്ട്രീയ ലോകത്തെ നിലവിലെ മുഖ്യ ചര്‍ച്ചകളിലൊന്ന്. കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണ് കോണ്‍ഗ്രസ്. അടുത്തിടെ തിരഞ്ഞെടുപ്പ് നടന്ന ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലെ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തെ പോലും ഇത് ബാധിക്കുകയുണ്ടായി. അവിടങ്ങളില്‍ ബി ജെ പിയുടെ പണം വാരിയെറിഞ്ഞുള്ള പ്രചാരണ പരിപാടികളോട് കിടപിടിക്കാനും ആ സംസ്ഥാനങ്ങളില്‍ അധികാരത്തിലെത്താനും കഴിയാതിരുന്നതില്‍ ഫണ്ടിന്റെ അഭാവം നിര്‍ണായകമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഫണ്ടില്ലാത്തതിനാല്‍ കൃത്യമായ സമയത്ത് വിമാന ടിക്കറ്റെടുക്കാന്‍ സാധിക്കാതെ ഒരു മുതിര്‍ന്ന നേതാവിന് ഈ വര്‍ഷം നടന്ന പല തിരഞ്ഞെടുപ്പുകളിലും മേല്‍നോട്ടം വഹിക്കാന്‍ പോലും കഴിഞ്ഞില്ലെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങളെ ഉദ്ധരിച്ചു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആറ് മാസത്തോളമായി പല സംസ്ഥാനങ്ങളിലേയും ഓഫീസുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ പണം അയക്കുന്നത് പാര്‍ട്ടി നേതൃത്വം നിര്‍ത്തിവെച്ചിരിക്കുകയുമാണ്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക് സഭാ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളെ ഇത് ബാധിക്കാതിരിക്കാന്‍ ജനങ്ങളില്‍ നിന്ന് പിരിവ് നടത്താനുള്ള തീരുമാനത്തിലാണ് പാര്‍ട്ടി നേതൃത്വം. പാര്‍ട്ടിക്ക് ജനങ്ങളുടെ പിന്തുണയും സാമ്പത്തിക സഹായവും ആവശ്യമാണെന്നും സഹായിക്കണമെന്നും ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ അഭ്യര്‍ഥന നടത്തിയിട്ടുമുണ്ട്.

നേരത്തെ കോണ്‍ഗ്രസിന് ഫണ്ട് നല്‍കുന്നതില്‍ മുന്‍പന്തിയില്‍ നിന്നിരുന്ന പ്രമുഖ വ്യവസായികളെല്ലാം തങ്ങളുടെ സംഭാവനകള്‍ ബി ജെ പിക്ക് നല്‍കാന്‍ തുടങ്ങിയതാണ് പാര്‍ട്ടിയെ ഈ വിധം പാപ്പരാക്കിയതെന്നാണ് പറയപ്പെടുന്നത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തിലും 21 സംസ്ഥാനങ്ങളിലും ബി ജെ പി ആധിപത്യം സ്ഥാപിക്കുകയും 2009ല്‍ 13 സംസ്ഥാനങ്ങള്‍ ഭരിച്ചിരുന്ന കോണ്‍ഗ്രസ് മൂന്നിടങ്ങളില്‍ ഒതുങ്ങുകയും ചെയ്തതോടെയാണ് കോര്‍പറേറ്റുകള്‍ കോണ്‍ഗ്രസിനെ കൈയൊഴിച്ചു തുടങ്ങിയത്. 2016 – 17 കാലത്ത് ബി ജെ പിക്ക് 1,034 കോടി സംഭാവന ഇനത്തില്‍ കിട്ടിയപ്പോള്‍ കോണ്‍ഗ്രസിന് 225.36 കോടി രൂപയാണ് ലഭിച്ചത്. അതേസമയം കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് ആധിപത്യമുണ്ടായിരുന്ന ഘട്ടത്തില്‍ കോണ്‍ഗ്രസിനായിരുന്നു കൂടുതല്‍ ലഭിച്ചിരുന്നത്. 2004 മുതല്‍ 2015 വരെയുള്ള കാലഘട്ടത്തില്‍ കോണ്‍ഗ്രസിന് 3,323 കോടി രൂപ ലഭിച്ചപ്പോള്‍ 2,125 കോടിയാണ് ബി ജെ പിക്ക് ലഭിച്ചത്. കൂടൂതല്‍ രാഷ്ട്രീയ സ്വാധീനമുള്ള പാര്‍ട്ടിക്ക് വേണ്ടിയാണ് എന്നും വ്യവസായികളുടെയും ബിസിനസുകാരുടെയും സംഭാവനകള്‍ ഒഴുകുന്നത്.

കള്ളപ്പണം വെളുപ്പിക്കാനുളള ഏറ്റവും എളുപ്പ വഴിയാണ്പാര്‍ട്ടികള്‍ക്കു സംഭാവന നല്‍കല്‍. ഈയിനത്തില്‍ ആര്‍ക്കും എത്ര വേണമെങ്കിലും കൊടുക്കാം. അതിന്റെ കണക്ക് ആരുടെ മുമ്പിലും ബോധിപ്പിക്കേണ്ടതില്ല. പാര്‍ട്ടികളുടെ വരുമാനത്തില്‍ 75 ശതമാനവും ഉറവിടം വെളിപ്പെടുത്താത്തതാണ്. കള്ളപ്പണച്ചാക്കിനു മുകളിലാണു മിക്ക പാര്‍ട്ടികളുടെയും അസ്തിവാരം. ദേശീയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനകളില്‍ 90 ശതമാനവും കോര്‍പറേറ്റുകളില്‍ നിന്നാണെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ ഡി ആര്‍ ) വെളിപ്പെടുത്തുന്നു. കോര്‍പറേറ്റ് കമ്പനികള്‍ക്ക് നല്‍കാവുന്ന സംഭാവനയുടെ പരിധി അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ നീക്കിയതും വന്‍തുക നല്‍കുന്ന കമ്പനികളുടെ പേരുവിവരം രാഷ്ട്രീയപാര്‍ട്ടികളും ഏതൊക്കെ പാര്‍ട്ടികള്‍ക്ക് നല്‍കിയെന്ന് കമ്പനികളും പുറത്തുവിടേണ്ടതില്ലെന്ന നിയമ ഭേദഗതി കൊണ്ടു വന്നതും ഈ കള്ളക്കളി നിര്‍ബാധം തുടരാനാണല്ലോ. അവസാന മൂന്ന് വര്‍ഷത്തെ ലാഭവിഹിതത്തിന്റെ 7.5 ശതമാനം തുക മാത്രമേ പാര്‍ട്ടികള്‍ക്ക് നല്‍കാന്‍ പാടുള്ളൂ എന്നതായിരുന്നു നേരത്തെ വ്യവസ്ഥ. ഇപ്പോള്‍ അത്തരം പരിധികളൊന്നുമില്ല. നിയമഭേദഗതിയോടെ കോര്‍പറേറ്റുകള്‍ക്ക് കള്ളപ്പണം സുരക്ഷിതമാക്കാന്‍ കൂടുതല്‍ സൗകര്യമായി. പാര്‍ട്ടികള്‍ക്ക് കൂടുതല്‍ സമ്പത്ത് ആര്‍ജിക്കുകയുമാകാം. രാഷ്ട്രീയ പാര്‍ട്ടികളെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ പെടുത്തി 2013 ല്‍ കേന്ദ്ര വിവരാവകാശ കമ്മീഷന്‍ ഇറക്കിയ ഉത്തരവ് രാജ്യത്തെ പാര്‍ട്ടികള്‍ സംഘടിതമായി അട്ടിമറിച്ചതോടെ ഇവരുടെ കള്ളക്കളികള്‍ ജനം അറിയുമെന്ന ഭയവും വേണ്ടതില്ല.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ചെലവിട്ടത് 2,000 കോടിയാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കെങ്കിലും 20,000 കോടി രൂപ വരുമെന്നാണ് അനൗദ്യോഗിക കണക്ക്. കോര്‍പറേറ്റ്, രാഷ്ട്രീയ കൂട്ടായ്മയാണ് ഈ പണത്തിന്റെയും മുഖ്യ ഉറവിടം. എന്തുകൊണ്ടാണ് സര്‍ക്കാറുകള്‍ ജനതാത്പര്യങ്ങള്‍ മാറ്റിവെച്ചു കോര്‍പറേറ്റുകളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതെന്ന ചോദ്യത്തിനുള്ള ഉത്തരം ഇവിടെ ലഭ്യമാണ്. തങ്ങളെ സഹായിക്കുന്ന കോര്‍പറേറ്റുകളെയും ബിസിനസുകാരെയും തിരിച്ചു സഹായിക്കാന്‍ അധികാരത്തിലിരിക്കുന്നവര്‍ നിര്‍ബന്ധിതരാകുന്നു.

ആയിരങ്ങള്‍ കടം വാങ്ങിയ സാധാരണക്കാരന്റെ കഴുത്തിന് പിടിക്കുന്ന പൊതുമേഖലാ ബേങ്കുകള്‍ കോര്‍പറേറ്റുകളുടെ സഹസ്രകോടികള്‍ എഴുതിത്തള്ളുന്നതിന്റെയും സര്‍ക്കാര്‍ സഹസ്രകോടികളുടെ നികുതിയിളവുകള്‍ നല്‍കുന്നതിന്റെയും പിന്നാമ്പുറമിതാണ്. രാജ്യത്ത് അഴിമതി തഴച്ചു വളരുന്നതിന് സാഹചര്യമൊരുക്കുന്നതും രാഷ്ട്രീയ, കോര്‍പറേറ്റ് അവിശുദ്ധ ബന്ധമാണ്. പാര്‍ട്ടികള്‍ ഫണ്ടുകള്‍ക്ക് കോര്‍പറേറ്റുകളെ ആശ്രയിക്കുന്ന സ്ഥിതി മാറി സാധാരണക്കാരനെ ആശ്രയിക്കുന്ന അവസ്ഥയിലേക്ക് മടങ്ങി വരണം. എങ്കിലേ അഴിമതി നിയന്ത്രിക്കപ്പെടുകയും അധികാരത്തിലിരിക്കുന്നവര്‍ സാധാരണക്കാരന്റെ ക്ഷേമത്തെക്കുറിച്ചു ചിന്തിക്കുകയും ചെയ്യൂ. കമ്പനി നിയമത്തിലും പാര്‍ട്ടി ഫണ്ടിംഗ് സംബന്ധിച്ച നിയമത്തിലും ഇതിന് സഹായകമായ നിലയില്‍ ഭേദഗതി വരുത്തേണ്ടതുണ്ട്. പക്ഷേ, പൂച്ചക്കാര് മണി കെട്ടും?

Latest