Connect with us

Education

ശിവ് നാദര്‍ സര്‍വകലാശാലയില്‍ ഇന്റര്‍നാഷനല്‍ റിലേഷന്‍സ് പഠിക്കാം, സ്‌കോളര്‍ഷിപ്പോടെ

Published

|

Last Updated

ഗ്രെയ്റ്റര്‍ നോയ്ഡയിലെ പ്രശസ്തമായ ശിവ് നാദര്‍ സര്‍വകലാശാലയില്‍ പുതിയ അധ്യയന വര്‍ഷം ഇന്റര്‍നാഷനല്‍ റിലേഷന്‍സില്‍ ബിരുദകോഴ്‌സ് തുടങ്ങുന്നു. നിലവിലുള്ള കോഴ്‌സ് വൈവിധ്യങ്ങള്‍ക്കു പുറമെയാണിത്. ഇന്റര്‍നാഷനല്‍ റിലേഷന്‍സിലും അനുബന്ധ മേഖലകളിലും ഊന്നിയുള്ളതാണ് കോഴ്‌സ്. ഡവലപ്‌മെന്റ് സ്റ്റഡീസ്, ഇക്കോളജിക്കല്‍ എക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ് തുടങ്ങിയവ കോഴ്‌സിന്റെ ഭാഗമായി വരും. കാലാവസ്ഥാ വ്യതിയാനം, അസമത്വവും സാമൂഹിക നയവും, ലോക അഭയാര്‍ഥി രാഷ്ട്രീയം, രാജ്യാന്തര സുരക്ഷ, അന്താരാഷ്ട്ര ബന്ധങ്ങളുടെ ചരിത്രം, ഇന്ത്യന്‍ വിദേശനയം, പരിസ്ഥിതിയും സാമ്പത്തികശാസ്ത്രവും, ലോക രാഷ്ട്രീയ സിദ്ധാന്തങ്ങള്‍ തുടങ്ങിയവ കോഴ്‌സിലെ പാഠ്യവിഷയങ്ങളായിരിക്കും.

നിലവിലെ സ്‌കോളര്‍ഷിപ്പിനൊപ്പം ഗിഫ്റ്റഡ് സ്റ്റുഡന്റ് സ്‌കോളര്‍ഷിപ്പ് എന്ന പേരില്‍ സര്‍വകലാശാല പുതിയൊരു സ്‌കീമും പ്രഖ്യാപിച്ചു. 201819 ബാച്ചിലെ വിദ്യാര്‍ഥികള്‍ക്ക് 40 കോടി രൂപയുടെ സ്‌കോളര്‍ഷിപ്പാണ് ഇതുവഴി സര്‍വകലാശാല നല്‍കുക. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ യൂനിവേഴ്‌സിറ്റി ഇതിനകം 160 കോടി രൂപ സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ വിതരണം ചെയ്തിട്ടുണ്ട്. മുന്‍പരീക്ഷയില്‍ മികവു പുലര്‍ത്തിയ വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണമായും സൗജന്യവിദ്യാഭ്യാസം നല്‍കുന്നതിനാണ് സ്‌കോളര്‍ഷിപ്പ്. 12ാം ക്ലാസില്‍ ആദ്യത്തെ 10 റാങ്കുകാര്‍ക്ക് ഈ സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടായിരിക്കും. സ്‌കോളര്‍ഷിപ്പ് ഫൊര്‍ ഹയര്‍ എജ്യുക്കേഷന്‍ നേടിയ ഇന്‍സ്‌പെയര്‍ വിദ്യാര്‍ഥികളെയും ജെഇഇയിലെ ആദ്യ 500 റാങ്കുകാരെയും സ്‌കോളര്‍ഷിപ്പിനായി പരിഗണിക്കും.
പൂര്‍ണമായും മെറിറ്റ് അടിസ്ഥാനത്തിലാണ് സര്‍വകലാശാലയിലെ പ്രവേശനമെന്ന് ചാന്‍സലര്‍ ഡോ. എസ്.എന്‍ ബാലകൃഷ്ണന്‍ പറഞ്ഞു. ഒരു കാറ്റഗറിയിലും സംവരണം ഉണ്ടായിരിക്കില്ല. പഠനകാലത്തേയ്ക്കുള്ള ജീവിതച്ചെലവ് ഉള്‍പ്പെടെ നല്‍കുന്നവയും അല്ലാത്തവയുമായ സ്‌കോളര്‍ഷിപ്പുകള്‍ ഉണ്ട്. പ്ലസ് ടു മാര്‍ക്കിന് പുറമെ സര്‍വകലാശാല നടത്തുന്ന ആപ്റ്റിറ്റിയൂഡ് ടെസ്റ്റിലൂടെ മാനകമികവ്, യുക്തി, വാചികവും രചനാപരവുമായ ആശയവിനിമയം തുടങ്ങിയവ കൂടെ പരിശോധിച്ചാണ് സ്‌കോളര്‍ഷിപ്പ് നല്‍കുക. അക്കാഡമിക് പ്രൊഫിഷ്യന്‍സ് ടെസ്റ്റിലൂടെ വിദ്യാര്‍ഥികളുടെ വിഷയാധിഷ്ഠിത വിവരവും പരിശോധിക്കും.
ബാച്ച്‌ലര്‍ ഒഫ് ആര്‍ട്‌സ് (റിസര്‍ച്ച്), ബാച്ച്‌ലര്‍ ഒഫ് സയന്‍സ് (റിസര്‍ച്ച്), ബാച്ച്‌ലര്‍ ഒഫ് മാനെജ്‌മെന്റ് സ്റ്റഡീസ്, ബാച്ച്‌ലര്‍ ഒഫ് ടെക്‌നോളജി എന്നിവയാണ് അക്കാദമിക് പ്രോഗ്രാമുകള്‍.  www.snu.edu.in  എന്ന വെബ്‌സൈറ്റില്‍ വിവരങ്ങള്‍ ലഭ്യമാണ്. മേയ് 28 ആണ് അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി. ജൂണ്‍ 4നകം അഭിരുചി പരീക്ഷകള്‍ക്ക് ഹാജരാവണം.

വിഷയങ്ങളിലെ വൈവിധ്യവും അവയിലെ പ്രായോഗിക പരിശീലനവും നേടിയെടുക്കുന്നതിനുള്ള അവസരം വിദ്യാര്‍ഥികള്‍ക്ക് ഒരുക്കുന്നതിനാണ് സര്‍വകലാശാലയുടെ ശ്രമമെന്ന് ചാന്‍സലര്‍ ഡോ. എസ്.എന്‍ ബാലകൃഷ്ണന്‍ പറഞ്ഞു. ശാസ്ത്രവും മാനവികതയും ഇഴുകിച്ചേര്‍ന്ന തലത്തിലാവണം വിദ്യാഭ്യാസം. വിദ്യാര്‍ഥികള്‍ അവരുടെ കഴിവുകള്‍ കണ്ടെത്തി പുറത്തെടുക്കുന്ന തരത്തിലുള്ളതാവണം അത്. മികവും വൈദഗ്ധ്യവും സാമൂഹിക പ്രതിബദ്ധതയും ഉത്തരവാദിത്തവും ചേര്‍ന്നതാവണം വിദ്യാഭ്യാസം. മികച്ച വിദ്യാര്‍ഥികളെ കണ്ടെത്തി അവര്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിലൂടെ ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം അവര്‍ക്കു നല്‍കാനാണ് സര്‍വകലാശാലയുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

Latest