മെകുനു കൊടുങ്കാറ്റ്; ഒമാനില്‍ ബാലിക മരിച്ചു; 30 പേരെ രക്ഷപ്പെടുത്തി

Posted on: May 26, 2018 3:11 pm | Last updated: May 28, 2018 at 9:29 pm

സലാല: രാജ്യം ആശങ്കയോടെ എതിരേറ്റ മെകുനു കൊടുങ്കാറ്റ് സലാലയിലും പരിസരങ്ങളിലും വിവിധ നാശനഷ്ടങ്ങല്‍ വിതച്ചു. ദോഫാര്‍ ഗവര്‍ണറേറ്റിലെ സഹല്‍നൂത്തില്‍ ചുമര് തകര്‍ന്ന് പരുക്കേറ്റ 12 വയസ്സുകാരി മരിച്ചു. മറ്റൊരു സംഭവത്തില്‍ മൂന്ന് ഏഷ്യന്‍ വംശജര്‍ക്ക് പരുക്കേറ്റു.
സലാല സെന്‍ട്രല്‍ മാര്‍ക്കറ്റിന് സമീപം സ്വദേശി കുടുംബത്തിലെ ആറ് പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. മിര്‍ബാത്തില്‍ വെള്ളത്തില്‍ കുടുങ്ങിക്കിടന്ന 16 ഏഷ്യന്‍ വംശജരെ രക്ഷപ്പെടുത്തി. മറ്റൊരു സ്ഥലത്ത് നിന്നും ടുണീഷ്യന്‍ കുടുംബത്തിലെ ആറ് പേരെയും സൈനിക വിഭാഗം രക്ഷപ്പെടുത്തി. താഖയില്‍ നിന്നാണ് മറ്റു രണ്ട് പേരെ രക്ഷപ്പെടുത്തിയത്.

സിവില്‍ ഡിഫന്‍സ് രക്ഷാപ്രവര്‍ത്തനം

ശക്തമായ കാറ്റില്‍ ഇളകിക്കിടന്ന ചുമര്‍ തകര്‍ന്ന് ശരീരത്തിലേക്ക് വീണാണ് ബാലികയുടെ മരണം സംഭവിച്ചതെന്ന് റോയല്‍ ഒമാന്‍ പോലീസ് വ്യക്തമാക്കി. പരുക്കേറ്റ മൂന്ന് പേര്‍ക്കും സിവില്‍ ഡിഫന്‍സ് ആംബുലന്‍സില്‍ എത്തിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കി. രക്ഷപ്പെടുത്തിയ മറ്റുള്ളവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും റോയല്‍ ഒമന്‍ പോലീസ് അറിയിച്ചു.
ഭീതിയോടെയാണ് ഇന്നലെ പകല്‍ സമയം സലാല നിവാസികള്‍ കഴിച്ചുകൂട്ടിയത്. വീട് അടച്ച് സുരക്ഷിതമായിരുന്നു മലയാളികള്‍ അടക്കമുള്ളവര്‍. രാവിലെ കുറച്ച് പേര്‍ മാത്രം പുറത്തിറങ്ങിയെങ്കിലും പുറത്തിറങ്ങരുതെന്ന് അധികൃതരുടെ നിര്‍ദേശം വന്നതോടെ മുഴുവന്‍ ആളുകളും താമസ സ്ഥലങ്ങളിലേക്ക് മടങ്ങി. വൈകിട്ടോടെ ചില ഭാഗങ്ങളില്‍ വൈദ്യുതി നിലയ്ക്കുക കൂടി ചെയ്തതോടെ ഒറ്റപ്പെട്ട സ്ഥിതിയിലായിരുന്നു പ്രദേശവാസികള്‍.
താഴെ നിലയിലെ വീടുകളില്‍ നിന്നും വീട്ടുപകരണങ്ങള്‍ അടക്കം ഒഴുകിപ്പോയി. കാര്‍പോര്‍ച്ചില്‍ നിര്‍ത്തിയിട്ട വാഹനങ്ങളെല്ലാം വെള്ളത്തില്‍ മുങ്ങിയ നിലയിലായിരുന്നു. ചില വാഹനങ്ങള്‍ ശക്തമായ വെള്ളത്തില്‍ ഒലിച്ചുപോകുകയും ചെയ്തു. പാചക വാതക സിലിന്‍ഡറുകള്‍ ഉള്‍പ്പടെ വെള്ളത്തില്‍ ഒഴുകി.

ആര്‍ ഒ പി ഷെല്‍ട്ടറില്‍ കഴിയുന്ന വിദേശികള്‍

സിവില്‍ ഡിഫന്‍സിന്റെയും റോയല്‍ ഒമാന്‍ പോലീസിന്റെയും വിവിധ ഷെല്‍ട്ടറുകളാണ് ഇന്നലെ തുറന്നത്. കൂടുതല്‍ പേരെ ഷെല്‍ട്ടറുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. വ്യാഴാഴ്ച രാത്രി തന്നെ നിരവധി പേരെ മാറ്റിയിരുന്നു. എന്നാല്‍, ഇന്നലെ പകലില്‍ വെള്ളം കയറിയതും തകര്‍ന്നതുമായ വീടുകളില്‍ കഴിഞ്ഞവരെയും മാറ്റി താമസിപ്പിച്ചു. ഇവര്‍ക്ക് വേണ്ട വസ്ത്രം, പുതപ്പ്, ഭക്ഷണം തുടങ്ങിയ ആവശ്യ വസ്തുക്കളെല്ലാം പോലീസ് എത്തി വിതരണം ചെയ്തു. ആയിരക്കണക്കിന് പേരെയാണ് ഷെല്‍ട്ടറുകളിലേക്ക് മാറ്റിയത്.
ദല്‍ക്കൂത്തിലാണ് കൂടുതല്‍ മഴ ലഭിച്ചത്. 121.14 മില്ലി മീറ്റര്‍. സദാഹ് (76.4 മില്ലിമീറ്റര്‍), മിര്‍ബാത്ത് (55.6 മില്ലിമീറ്റര്‍), സലാല തുറമുഖം (47.8) എന്നിങ്ങനെയാണ് മറ്റിടങ്ങളില്‍ പെയ്ത മഴയുടെ അളവ്.