ഗോവയില്‍ കാമുകന്റെ മുന്നില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; രണ്ട് പേര്‍ അറസ്റ്റില്‍

Posted on: May 26, 2018 12:53 pm | Last updated: May 26, 2018 at 5:56 pm

പനജി: ദക്ഷിണ ഗോവയിലെ ബീച്ചില്‍ കാമുകന്റെ മുന്നില്‍ വെച്ച് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശികളായ സഞ്ജീവ് ധനഞ്ജയ്പാല്‍ (23), റാം സന്തോഷ് ബാരിയ (19) എന്നിവരാണ് അറസ്റ്റിലായത്.

കേസില്‍ പോലീസ് തിരയുന്ന മൂന്നാമനും ഇന്‍ഡോര്‍ സ്വദേശിയുമായ ആള്‍ക്ക് വേണ്ടി പോലീസ് അന്വേഷണം തുടങ്ങി. കൂട്ടബലാത്സംഗം, കവര്‍ച്ച തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഗോവയില്‍ വിനോദ സഞ്ചാരത്തിന് എത്തിയവരാണ് ഇവര്‍.

കഴിഞ്ഞ ദിവസം രാത്രി തെക്കന്‍ ഗോവയിലെ സേര്‍നാഭട്ട് ബിച്ചില്‍ വച്ചാണ് സംഭവം. ബീച്ചിലെത്തിയ യുവാവിന്റെയും യുവതിയുടെയും വസ്ത്രങ്ങള്‍ അക്രമികള്‍ വലിച്ച് കീറുകയും ഫോട്ടോ എടുക്കുകയും ചെയ്തു. ശേഷം പണം ആവശ്യപ്പെട്ടു. പിന്നീട് മൂന്ന് പേരും ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.