അട്ടപ്പാടി പീഡനം: പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടയാളെ പിടികൂടി

Posted on: May 26, 2018 12:31 pm | Last updated: May 26, 2018 at 2:23 pm
അട്ടപ്പാടിയില്‍ ആദിവാസി ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതികളെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു വന്നപ്പോള്‍

പാലക്കാട്: പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട അട്ടപ്പാടി പീഡനക്കേസിലെ പ്രതി പിടിയില്‍. നെല്ലിപ്പതി ഊര്, വീനസ് രാജിനെ മണ്ണാര്‍ക്കാട് പൂഞ്ചോലയിലെ ബന്ധുവീട്ടില്‍ നിന്നാണ് പിടികൂടിയത്. അട്ടപ്പാടിയില്‍ 12 വയസ്സുകാരിയായ ആദിവാസി ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഇയാള്‍. പിടിയിലായ എല്ലാ പ്രതികളെയും കോടതിയില്‍ ഹാജരാക്കാന്‍ ഇറക്കുന്നതിനിടെയാണ് ഇയാള്‍ രക്ഷപ്പെട്ടത്.

ഇന്നലെ വൈകീട്ട് ഏഴിനാണ് സംഭവം. സ്ത്രീയുള്‍പ്പെടെ 12 പ്രതികളുമായി ഷോളയൂര്‍ പോലീസാണ് മണ്ണാര്‍ക്കാട് സ്‌പെഷല്‍ കോടതിയില്‍ എത്തിയത്. ജഡ്ജിക്ക് മുമ്പാകെ ഹാജരാക്കാന്‍ പോലീസ് വാഹനത്തില്‍ നിന്ന് ഇവരെ ഇറക്കുന്നതിനിടെയാണ് സംഭവം. ആദിവാസി ബാലികയെ പീഡിപ്പിച്ച കേസില്‍ ഇടനിലക്കാരിയായ സ്ത്രീ ഉള്‍പ്പെടെ 12 പ്രതികളെ ഷോളയൂരില്‍ വെച്ചാണ് കഴിഞ്ഞ ദിവസം രാത്രിയോടെ കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്തിന് ശേഷം ഇന്നലെ രാവിലെയോടെ ആനക്കട്ടി സ്വദേശി ഇന്ദുജ (19), വീനസ് രാജ് (20) കാരറ, നെല്ലിപ്പതി സ്വദേശികളായ രതീഷ് (20), ശിവകുമാര്‍ (22), കുമാര്‍ (23), ഭൂതിവഴി സ്വദേശികളായ രാജേഷ് (25), കുമാര്‍ (22), സുധീഷ് (21), താഴെ സമ്പാര്‍കോട് സ്വദേശികളായ മണികണ്ഠന്‍ (20), രാമരാജ് (20), കാരയൂര്‍ സ്വദേശികളായ അരവിന്ദ് (22), ഈശ്വരന്‍ (20) എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കേസില്‍ ഒരാളെ കൂടി പിടികിട്ടാനുണ്ടെന്നാണ് അഗളി പോലീസ് നല്‍കുന്ന വിവരം. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ആനക്കട്ടി സ്വദേശിയായ 12 കാരിയെ അയല്‍വാസിയായ യുവതി അമ്പലത്തിലെ ഉത്സവത്തിനെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് കൊണ്ടുപോകുന്നത്. ഈ സമയത്ത് വീട്ടില്‍ കുട്ടിയുടെ മുത്തശ്ശി മാത്രമേ ഉണ്ടായിരുന്നുള്ളൂ.

വൈകീട്ട് കൂലിപ്പണിക്ക് പോയ അമ്മ തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ അന്വേഷിച്ച് തുടങ്ങിയത്. അയല്‍വാസിയായ യുവതിയുടെ മൊബൈല്‍ ഫോണിലേക്ക് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്നാണ് ഇവര്‍ പോലീസില്‍ പരാതി നല്‍കുന്നത്. രണ്ട് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് അട്ടപ്പാടി മേഖലയില്‍ വെച്ച് തന്നെ കുട്ടിയെ കണ്ടെത്തിയത്. കോട്ടത്തറ ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുള്ളതായി തെളിയുന്നത്. തുടര്‍ന്ന് കുട്ടിയെ കൂട്ടിക്കൊണ്ടുപോയ യുവതിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രതികളെക്കുറിച്ച് സൂചന ലഭിക്കുന്നതും ഒരാളൊഴികെ മറ്റെല്ലാവരും പിടിയിലാകുന്നതും.