ജന്മഭൂമി വാര്‍ത്ത അടിസ്ഥാനരഹിതം; സാബിത്ത് മലേഷ്യയില്‍ പോയിട്ടില്ലെന്ന് യാത്രാരേഖ

Posted on: May 26, 2018 12:13 pm | Last updated: May 26, 2018 at 2:05 pm
SHARE

കോഴിക്കോട്: നിപ്പ വൈറസ് ബാധ മൂലം മരിച്ച പേരാമ്പ്ര ചങ്ങരോത്ത് വളച്ചുകെട്ടിയില്‍ സാബിത്ത് മലേഷ്യയില്‍ പോയിട്ടില്ലെന്ന് യാത്രാ രേഖ. പാസ്‌പോര്‍ട്ട് പ്രകാരം സമീപകാലത്ത് സാബിത്ത് യാത്ര ചെയ്തത് യുഎഇയിലേക്ക് മാത്രമാണ്. 2017 ഫെബ്രുവരിയില്‍ പോയ സാബിത്ത് ആറ് മാസം ദുബൈയിലുണ്ടായിരുന്നു. മറ്റൊരു രാജ്യത്തേക്കും സാബിത്ത് പോയിട്ടില്ലെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. യാത്ര രേഖകള്‍ ബന്ധുക്കള്‍ പോലീസിന് കൈമാറും.

നിപ്പ ബാധിച്ച് ആദ്യം മരിച്ച സാബിത്ത് മലേഷ്യയിലായിരുന്നുവെന്ന രീതിയില്‍ ജന്മഭൂമി പത്രം വാര്‍ത്ത നല്‍കിയിരുന്നു. മലേഷ്യയിലായിരുന്ന സാബിത്ത് അവിടെ വെച്ച് രോഗ ബാധിതനായെന്നും പനിയും ശക്തമായ വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മലേഷ്യയില്‍ ചികിത്സ തേടിയെന്നും താത്കാലിക മരുന്ന് നല്‍കിയ ശേഷം എത്രയും പെട്ടെന്ന് നാട്ടിലേക്ക് പോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയെന്നുമാണ് വാര്‍ത്തയില്‍ പറഞ്ഞിരുന്നത്. സാബിത്ത് നാട്ടിലെത്തിയത് രോഗ ലക്ഷണങ്ങളോടെയായിരുന്നുവെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു.

എന്നാല്‍, ബന്ധുക്കള്‍ ഇക്കാര്യം നിഷേധിച്ചു. വാര്‍ത്തയില്‍ യാതൊരു അടിസ്ഥാനമില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. പത്രത്തില്‍ വന്ന വാര്‍ത്ത വേദനാജനകമാണ്. സാഹിലും സഹോദരന്‍ സാബിത്തും ദുബൈയില്‍ പോയിരുന്നു. ജോലി ആവശ്യാര്‍ത്ഥമാണ് ഇരുവരും ഇവര്‍ പോയിരുന്നത്. രണ്ട് പേരും ഒരുമിച്ചാണ് തിരിച്ചുവന്നതെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇത് വ്യക്തമാക്കുന്നതാണ് ഇവരുടെ യാത്രാ രേഖകള്‍. രോഗ ബാധക്ക് പിന്നില്‍ വവ്വാല്‍ അല്ലെന്ന് സ്ഥിരീകരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here