ഒരാഴ്ച അതിശക്തമായ മഴക്ക് സാധ്യത; മുന്നറിയിപ്പ്

Posted on: May 26, 2018 8:55 am | Last updated: May 26, 2018 at 12:15 pm

തിരുവനന്തപുരം: അടുത്ത ഒരാഴ്ച കേരളത്തില്‍ അതിശക്തമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കന്യാകുമാരിക്കു താഴെ അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രണ്ട് അന്തരീക്ഷ ചുഴികള്‍ രൂപപ്പെട്ടതാണ് മഴ ശക്തമാകാന്‍ കാരണം. കാറ്റിന്റെ വേഗം മണിക്കൂറില്‍ 35- 45 കിലോമീറ്ററായിരിക്കും. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം, ജൂണ്‍ ഒന്നിന് മുമ്പ് കാലവര്‍ഷം കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത 48 മണിക്കൂറില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ആന്‍ഡമാന്‍ ദ്വീപുകളിലെത്തും. സാധാരണഗതിയില്‍ ജൂണ്‍ ഒന്നിനാണ് കേരളത്തില്‍ കാലവര്‍ഷമെത്തിച്ചേരേണ്ടത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ മാത്രമാണ് കാലവര്‍ഷം ജൂണ്‍ ഒന്നിന് കേരളത്തിലെത്തിയത്.

അതേസമയം സംസ്ഥാനത്ത് വേനല്‍മഴ തുടരുകയാണ്. ഇത്തവണ ഇരുപത് ശതമാനം അധികം മഴയാണ് ലഭിച്ചത്. കോഴിക്കോട്, വയനാട് ജില്ലകളില്‍ സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ 56, 53 ശതമാനം വീതം മഴ ലഭിച്ചു. എട്ട് ജില്ലകളില്‍ സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ കൂടുതലാണ് വേനല്‍ മഴ.