Connect with us

Kerala

സംസ്ഥാനത്ത് പോസ്റ്റല്‍ മേഖല സ്തംഭിച്ചു

Published

|

Last Updated

തിരുവനന്തപുരം: ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡാക് സേവക് ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പോസ്റ്റല്‍ ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക് അഞ്ചാം ദിവസത്തിലേക്ക് കടക്കവേ സംസ്ഥാനത്ത് പോസ്റ്റല്‍ മേഖല സ്തംഭിച്ചു.

സര്‍ക്കാര്‍ ജോലിക്കുള്ള അഭിമുഖ കാര്‍ഡുകള്‍ ഉള്‍പ്പെട അത്യാവശ്യമായി നല്‍കേണ്ട തപാല്‍ ഉരുപ്പടികള്‍ കഴിഞ്ഞ നാല് ദിവസമായി പോസ്റ്റ് ഓഫീസുകളില്‍ കെട്ടിക്കിടക്കുകയാണ്. നിലവില്‍ സംസ്ഥാനത്തെ 5500 തപാല്‍ ഓഫീസുകളും 35 റെയില്‍വേ മെയില്‍ സര്‍വീസ് കേന്ദ്രങ്ങളും അഡ്മിനിസ്‌ട്രേറ്റീവ്, അക്കൗണ്ട്‌സ് ഓഫീസുകളുമാണ് പൂര്‍ണമായും സമരത്തില്‍ പങ്കെടുക്കുന്നത്.

സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളുടെ അഭിമുഖ കാര്‍ഡുകള്‍, സ്‌കൂള്‍-കോളജ് പ്രവേശന അറിയിപ്പുകള്‍, കിടപ്പിലായ രോഗികളുടെ പെന്‍ഷന്‍ തുക, അത്യാവശ്യമായി കിട്ടേണ്ട കത്തുകള്‍ തുടങ്ങിയവയാണ് യഥാസമയം ഉപഭോക്താവിന് ലഭ്യമാക്കാനാകാതെ പോസ്റ്റ് ഓഫീസുകളില്‍ കിടക്കുന്നത്. സ്പീഡ് പോസ്റ്റല്‍ സെന്ററുകളും സേവിംഗ്‌സ് തപാല്‍, തപാല്‍ ലൈഫ് ഇന്‍ഷ്വറന്‍സ് എന്നിവയും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജി ഡി എസ് ജീവനക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാറിന്റെ ആനുകൂല്യങ്ങളൊന്നും ലഭ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് നാഷനല്‍ ഫെഡറേഷന്‍ ഓഫ് പോസ്റ്റല്‍ എംപ്ലോയിസ്, ഫെഡറേഷന്‍ ഓഫ് നാഷനല്‍ പോസ്റ്റല്‍ ഓര്‍ഗനൈസേഷന്‍സ് എന്നീ സംഘടനകളാണ് പണിമുടക്കിന് നേതൃത്വം നല്‍കുന്നത്. എന്നാല്‍ പിന്നീട് വിവിധ ട്രേഡ് യൂനിയനുകളും പണിമുടക്കിന് പിന്തുണയുമായെത്തിയിട്ടുണ്ട്.