Connect with us

Sports

ഇന്ന് കാണേണ്ട കളിയുണ്ട്

Published

|

Last Updated

യുര്‍ഗന്‍ ക്ലോപ് : ലിവര്‍പൂളിന്റെ കോച്ച്. നേരത്തെ ജര്‍മന്‍ ക്ലബ്ബ് ബൊറുസിയ ഡോട്മുണ്ടിനൊപ്പം നിരവധി കിരീട നേട്ടങ്ങള്‍, സിനദിന്‍ സിദാന്‍: റയല്‍മാഡ്രിഡ് കോച്ച്. റയലിനൊപ്പം കളിക്കാരനായും കോച്ചായും ചാമ്പ്യന്‍സ് ലീഗ് നേടിയ ഇതിഹാസം

കീവ്: യൂറോപ്യന്‍ ക്ലബ്ബ് ഫുട്‌ബോളില്‍ ഇന്ന് പട്ടാഭിഷേകം. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ റയല്‍ മാഡ്രിഡ്-ലിവര്‍പൂള്‍ ക്ലാസിക് പോര് ഇന്ന് ഇന്ത്യന്‍ സമയം രാത്രി 12.15ന്. കഴിഞ്ഞ രണ്ട് തവണയും കപ്പുയര്‍ത്തിയ റയല്‍ മാഡ്രിഡ് ഹാട്രിക്ക് നേടി ചരിത്രമെഴുതാന്‍ ആഗ്രഹിക്കുമ്പോള്‍ ലിവര്‍പൂള്‍ 2005ന് ശേഷം യൂറോപ്പില്‍ മേല്‍വിലാസമുണ്ടാക്കാമെന്ന കണക്ക് കൂട്ടലില്‍.

ഇത്തവണ ചാമ്പ്യന്‍സ് ലീഗില്‍ റയലും ലിവര്‍പൂളും ചേര്‍ന്ന് അടിച്ച് കൂട്ടിയത് 25 ഗോളുകളാണ്. അതുകൊണ്ടു തന്നെ ഫൈനലില്‍ ഗോള്‍ വല ലക്ഷ്യമാക്കി തുരുതുരായുള്ള ഷൂട്ടിംഗ് കാണാം. റയലിന് ക്രിസ്റ്റിയാനോ റൊണാള്‍ഡോയെങ്കില്‍ ലിവര്‍പൂളിന് മുഹമ്മദ് സാലയാണ് തുറുപ്പ് ചീട്ട്.
വിവിധ ചാമ്പ്യന്‍ഷിപ്പുകളിലായി സീസണില്‍ മുഹമ്മദ് സാല നേടിയത് 42 ഗോളുകള്‍.
റയലിനായി ക്രിസ്റ്റിയാനോയുടെ സംഭാവന 41 ഗോളുകളാണ്. ഒപ്പത്തിനൊപ്പം നില്‍ക്കുന്ന മികവ്.

ബാഴ്‌സലോണ മജീഷ്യന്‍ ലയണല്‍ മെസിയെ പോലെ ഇടത് കാലില്‍ വൈദഗ്ധ്യമുള്ള താരമാണ് സാല. അതിവേഗത്തില്‍ ബോക്‌സിലേക്ക് കുതിച്ചെത്താനും ഷൂട്ട് ചെയ്യാനുമുള്ള സാലയുടെ മികവ് സീസണില്‍ ദൃശ്യമായതാണ്. റയലിന്റെ ലോകഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഫ്രീകിക്കുകളും ഹെഡ്ഡറുകളും ലിവര്‍പൂളിന്റെ നെഞ്ചിടിപ്പേറ്റും.

അഞ്ച് വര്‍ഷത്തിനിടെ നാലാം തവണയാണ് റയല്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ പ്രവേശിച്ചത്. പന്ത്രണ്ട് തവണ യൂറോപ്പില്‍ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡിന്റെ റെക്കോര്‍ഡ് സമീപകാലത്തൊന്നും തകര്‍ക്കാന്‍ സാധിക്കില്ല. ലിവര്‍പൂള്‍ അഞ്ച് തവണയാണ് യൂറോപ്പിലെ രാജകീയ പട്ടം സ്വന്തമാക്കിയത്.

യൂറോപ്പില്‍ തുടരെ അഞ്ച് വട്ടം ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡ് അതിന് ശേഷം ഇപ്പോഴാണ് തുടരെ വിജയിച്ച് വിസ്മയം സൃഷ്ടിച്ചത്. ഡിസ്‌റ്റെഫാനോയുടെ ഐതിഹാസിക റയല്‍ നിരയോട് കിടപിടിക്കും വിധമാണ് ക്രിസ്റ്റ്യാനോയുടെ റയല്‍ മാഡ്രിഡിന്റെ സമീപകാല യൂറോപ്യന്‍ പ്രകടനം.

ലിവര്‍പൂള്‍ 4-3-3 ഫോര്‍മേഷനില്‍ അറ്റാക്കിംഗ് മൂഡിലാകും ഗ്രൗണ്ടില്‍ അണിനിരക്കുക. മുഹമ്മദ് സാല-സാദിയോ മാനെ- കുട്ടീഞ്ഞോ ത്രയങ്ങളാകും ലിവര്‍പൂളിന്റെ മുന്‍നിരയില്‍. സിനദിന്‍ സിദാന്റെ റയല്‍ മാഡ്രിഡ് 4-4-2 ഫോര്‍മേഷനിലാകും കളിക്കുക. ക്രിസ്റ്റിയാനോ റൊണാള്‍ഡോക്കൊപ്പം ഫ്രഞ്ച് സ്‌ട്രൈക്കര്‍ കരീം ബെന്‍സിമ.

മധ്യനിരയില്‍ ചടുലത കാണിക്കുക ലിവര്‍പൂളായിരിക്കും. കാരണം, മുഹമ്മദ് സാല വിനാല്‍ഡം, ഹെന്‍ഡേഴ്‌സന്‍, മില്‍നര്‍ എന്നിവരെ മധ്യനിരയില്‍ സഹായിക്കാന്‍ ഇറങ്ങിക്കളിക്കും. പ്ലേ മേക്കിംഗ് റോളിലും കൗണ്ടര്‍ അറ്റാക്കിംഗ് റോളിലും സാല പ്രയത്‌നിച്ച് കളിക്കുന്നതിലാകും ലിവര്‍പൂളിന്റെ കുതിപ്പ്. ഇതിനെ തടയാന്‍ റയല്‍ മാഡ്രിഡിന്റെ പ്രതിരോധത്തില്‍ വിംഗ് ബാക്ക് മാര്‍സലോക്കാണ് ചുമതല. ബ്രസീലിയന്‍ താരം കൂടുതല്‍ സമയവും എതിര്‍ ഹാഫിലേക്ക് അറ്റാക്ക് ചെയ്ത് കയറിക്കളിക്കുന്ന കാഴ്ചയാണ്. ഇത് റയലിന്റെ അറ്റാക്കിംഗിനെ അങ്ങേയറ്റം സഹായിക്കാറുണ്ട്. സെമിയില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ മാര്‍സലോ നേടിയ ഗോള്‍ തന്നെ ഉദാഹരണം. പക്ഷേ, സാലയെ പോലെ അതിവേഗത്തില്‍ ഡിഫന്‍സ് തകര്‍ത്തെറിയുന്ന മുന്നേറ്റതാരത്തെ മുഴുവന്‍ സമയം മാര്‍ക്ക് ചെയ്യേണ്ടതുണ്ട്. ഇവിടെ മാര്‍സലോക്ക് പിഴക്കാന്‍ സാധ്യത ഏറെയാണ്. ഇത് തന്നെ ലിവര്‍പൂള്‍ കോച്ച് യുര്‍ഗന്‍ ക്ലോപിന്റെ ഗെയിം പ്ലാന്‍. സെര്‍ജിയോ റാമോസും റാഫേല്‍ വരാനെയും ഡാനി കര്‍വായാലുമാണ് റയലിന്റെ പ്രതിരോധ നിരയിലെ മറ്റ് താരങ്ങള്‍. റാമോസിന് പ്രായമായിരിക്കുന്നു. മാര്‍സലോ കയറിപ്പോവുകയും ദ്രുതവേഗം അറ്റാക്ക് ചെയ്യുന്ന സാദിയോ മാനെയും സാലയും ഇരമ്പിയെത്തുകയും ചെയ്താല്‍ റാമോസിന് പ്രതാപകാലത്തെ മികവോടെ ഡിഫന്‍ഡ് ചെയ്യാന്‍ സാധിക്കുമോ എന്നത് ചോദ്യമാണ്.

അസെന്‍സിയോ, കൊവാസിച്, കാസിമെറോ വാസ്‌ക്വുസ് എന്നിവരാണ് റയലിന്റെ മധ്യനിര.
ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്ന മാസ്മരിക സ്‌ട്രൈക്കറെ തളയ്ക്കാന്‍ ലിവര്‍പൂള്‍ എന്തും ചെയ്യും. വാന്‍ജികും ലോറനും മുഴുവന്‍ സമയം ക്രിസ്റ്റിയാനോയെ ബോക്‌സിനുള്ളില്‍ മാര്‍ക്ക് ചെയ്യാനുണ്ടാകും. ഇടത് വിംഗ് ബാക്കായി റോബര്‍ട്‌സനും വലത് വിംഗ് ബാക്കായി അലക്‌സാണ്ടര്‍ അര്‍നോള്‍ഡും കളിക്കും.

ലിവര്‍പൂളിന്റെ അറ്റാക്കിംഗിനെ ചെറുക്കാന്‍ സിനദിന്‍ സിദാന്‍ തന്റെതന്ത്രം ഒന്ന് മാറ്റിപ്പിടിക്കുകയാണെങ്കില്‍ അത് 4-1-4-1 ഫോര്‍മേഷനിലാകും. ബയേണ്‍ മ്യൂണിക്കിനെ തളച്ചത് ഇങ്ങനെയായിരുന്നു. ക്രിസ്റ്റിയാനോയെ ഏകസ്‌ട്രൈക്കറാക്കി ഹോള്‍ഡിംഗ് മിഡ്ഫീല്‍ഡര്‍ കാസിമെറോയെ പ്രതിരോധത്തിനും മധ്യനിരക്കും ഇടയില്‍ കളിപ്പിക്കുന്ന രീതി. ഇസ്‌കോ-ക്രൂസ്,മോഡ്രിച്-വാസ്‌ക്വുസ് എന്നിവരാകും ക്രിസ്റ്റിയാനോക്ക് പിറകില്‍. ഗോളി നവാസിനും കാസിമെറോക്കും ഇടയിലായി മാര്‍സലോ-റാമോസ്-വരാനെ-കര്‍വായാല്‍ എന്നിവര്‍ പ്രതിരോധമറയൊരുക്കും.

സിദാന്‍ യുവെന്റസിനെതിരെ പയറ്റിയ തന്ത്രം 4-3-1-2 ആണ്. ഇസ്‌കോ പ്ലേ മേക്കറുടെ റോളില്‍. ക്രിസ്റ്റിയാനോയും ബെന്‍സിമയും സ്‌ട്രൈക്കിംഗ് പാര്‍ട്ണര്‍മാര്‍. ഇത് ക്രിസ്റ്റ്യാനോക്ക് കൂടുതല്‍ അവസരങ്ങളൊരുക്കിയിരുന്നു. സാലയെ തടയാന്‍ മധ്യനിരയില്‍ ക്രൂസിനും പ്രതിരോധത്തില്‍ മാര്‍സലോക്കും ഡ്യൂട്ടി. വലത് വിംഗില്‍ മോഡ്രിചിന് പിറകിലായി കര്‍വായാല്‍. മധ്യനിരയില്‍ ഇസ്‌കോയിലേക്ക് പന്തെത്തിക്കാനും ഡിഫന്‍ഡ് ചെയ്യാനുമായി കാസിമെറോ. റാമോസും വരാനെയും സെന്റര്‍ ബാക്കില്‍.

യൂറോപ്പില്‍ ഏറ്റവും അപകടകാരികളായ മുന്നേറ്റ ത്രയങ്ങളെ (ഫിര്‍മിനോ-സാനെ-സാല) മാറ്റി നിര്‍ത്തിക്കൊണ്ട് ലിവര്‍പൂള്‍ കോച്ച് ക്ലോപ് ഫോര്‍മേഷനുണ്ടാക്കില്ലെന്ന് ഉറപ്പാണ്. അതുകൊണ്ട് തന്നെ ഏറ്റവും മികച്ച ഫോര്‍മേഷന്‍ ഏതെന്ന അവസാനിക്കാത്ത ചിന്ത സിദാനില്‍ നിക്ഷിപ്തമാണ്.

ലിവര്‍പൂള്‍ സ്‌ക്വാഡ്:

ഗോള്‍ കീപ്പര്‍മാര്‍ : ലോറിയസ് കാരിയസ്, സിമോണ്‍ മിഗ്നോലെറ്റ്, ഡാനി വാര്‍ഡ്.
ഡിഫന്‍ഡര്‍മാര്‍ : നഥാനിയേല്‍ ക്ലൈന്‍, വിര്‍ഗില്‍ വാന്‍ ഡിക്, ദെയാന്‍ ലോറന്‍, റാഗ്നര്‍ ക്ലാവന്‍, ആല്‍ബര്‍ട്ടോ മൊറേനോ, ആന്‍ഡ്രൂ റോബര്‍ട്‌സന്‍, ട്രെന്റ് അലക്‌സാണ്ടര്‍-അര്‍നോള്‍ഡ്, നഥാനിയേല്‍ ഫിലിപ്‌സ്.
മിഡ്ഫീല്‍ഡര്‍മാര്‍ : ജോര്‍ജിനിയോ വിനാല്‍ഡം, ജെയിംസ് മില്‍നര്‍, ജോര്‍ദന്‍ ഹെന്‍ഡേഴ്‌സന്‍, ആദം ലല്ലാന, എമ്‌റെ കാന്‍, കുര്‍ടിസ് ജോണ്‍സ്, റാഫേല്‍ കമാചോ.
ഫോര്‍വേഡുകള്‍ : റോബര്‍ടോ ഫിര്‍മിനോ, മുഹമ്മദ് സാല,സദിയോ മാനെ, ഡാനി ഇന്‍ഗ്‌സ്, ഡൊമിനിക് സൊലാങ്കെ, ബെന്‍വുഡ്ബണ്‍.

റയല്‍ മാഡ്രിഡ് സ്‌ക്വാഡ്:

ഗോള്‍ കീപ്പര്‍മാര്‍ : നവാസ്, കസിയ, ലൂക
ഡിഫന്‍ഡര്‍മാര്‍ : ഡാനി കര്‍വായാല്‍, സെര്‍ജിയോ റാമോസ്, റാഫേല്‍ വരാനെ, നാചോ, മാര്‍സലോ, തിയോ, വാലെയോ, അഹ്‌റാഫ്.
മിഡ്ഫീല്‍ഡര്‍മാര്‍ : ടോണി ക്രൂസ്, ലൂക മോഡ്രിച്, കാസിമെറോ, അസെന്‍സിയോ, ഇസ്‌കോ, സെബലോസ്, ലോറന്റെ, കോവാസിച്.
ഫോര്‍വേഡുകള്‍ : ക്രിസ്റ്റിയാനോ റൊണാള്‍ഡോ, കരീം ബെന്‍സിമ, ഗാരെത് ബെയില്‍, ലുകാസ് വാസ്‌ക്വുസ്, മയോറല്‍.

Latest