യഥാര്‍ഥ മനുഷ്യനാകാം

ഇഹലോകത്തായാലും പരലോകത്തായാലും അല്ലാഹു ഒരാളെ ഉന്നത സ്ഥാനം നല്‍കി അനുഗ്രഹിക്കാന്‍ ഉദ്ദേശിച്ചാല്‍ അവനെ മത പണ്ഡിതനാക്കും. മനുഷ്യലോകം അറിയേണ്ട എല്ലാകാര്യങ്ങളും, നിര്‍ബന്ധമായതും അല്ലാത്തതുമായ മുഴുവന്‍ കാര്യങ്ങളും അല്ലാഹു നബി (സ)ക്ക് പഠിപ്പിച്ച് കൊടുത്തിട്ടുണ്ട്. എന്നിട്ടും അല്ലാഹു നബിയോട് പറഞ്ഞത് ഇല്‍മിനെ വര്‍ധിപ്പിച്ച് തരാന്‍ അല്ലാഹുവിനോട് തേടണമെന്നാണ്. വിജ്ഞാന ലോകം അത്രയും വിശാലമാണ്.
Posted on: May 26, 2018 6:00 am | Last updated: May 26, 2018 at 12:53 am

അറിവ് അല്ലാഹുവിന്റെ അനുഗ്രഹമാണ്. അറിവ് നേടുമ്പോഴാണ് മനുഷ്യന്‍ യഥാര്‍ഥ മനുഷ്യനാകുന്നത്. അറിവില്ലാത്തവന്‍ മൂഢനായിരിക്കും. ഇസ്‌ലാം അറിവിന് ഏറെ പ്രാധാന്യം നല്‍കിയിട്ടുണ്ട്. അത് മതപരമായ അറിവായാലും ഭൗതിക അറിവായാലും. മതപരമായ അറിവാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. അറിവ് നേടുന്നതും അതിന് വേണ്ടി സദസ്സുകള്‍ സംഘടിപ്പിക്കുന്നതും അല്ലാഹുവിന്റെ വലിയ അനുഗ്രഹവും പുണ്യ കര്‍മവുമാണ്. നബി (സ) പറയുന്നു: അല്ലാഹു ഒരാളില്‍ നന്മ ഉദ്ദേശിച്ചാല്‍ അവനെ അല്ലാഹു മത പണ്ഡിതനാക്കും. അതായത് ഇഹലോകത്തായാലും പരലോകത്തായാലും അല്ലാഹു ഒരാളെ ഉന്നത സ്ഥാനം നല്‍കി അനുഗ്രഹിക്കാന്‍ ഉദ്ദേശിച്ചാല്‍ അവനെ മത പണ്ഡിതനാക്കുമെന്ന് സാരം. ഇരു ലോകത്തും മനുഷ്യന്‍ വിജയിക്കാനുള്ള പ്രധാന മാര്‍ഗമാണ് അറിവ്. അറിവുള്ളവന് ലഭിക്കുന്ന അത്രയും ഉന്നതമായ സ്ഥാനം മറ്റൊരാള്‍ക്കും ലഭിക്കുകയില്ലെന്ന് ഈ തിരുവചനത്തില്‍ നിന്ന് വ്യക്തമാകുന്നു.

അറിവ് നേടുന്നതിന് പ്രായമോ വലിപ്പമോ മാനദണ്ഡമല്ല. ജീവിതത്തിലുടനീളം അറിവ് കരസ്ഥമാക്കിയാലും അത് അവസാനിക്കുകയില്ല. പലരുംചിന്തിക്കുന്നത് കേവലം മദ്‌റസാ പഠനത്തോടെ മതപരമായ അറിവ് അവസാനിച്ചു എന്നാണ്. ഇത് തികച്ചും മൗഢ്യമായ ധാരണയാണ്.
നബി (സ) തങ്ങളോട് തന്നെയുള്ള അല്ലാഹുവിന്റെ കല്‍പ്പന ഈ വിഷയത്തില്‍ ശ്രദ്ധേയമാണ.് പരിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു: നബിയേ, പറയുക അല്ലാഹുവേ എനിക്ക് നീ വിജ്ഞാനം വര്‍ധിപ്പിച്ച് തരേണമേ (ത്വാഹ; 114). അറിവിനെ വര്‍ധിപ്പിച്ച് തരാന്‍ വേണ്ടി നബിയേ നിങ്ങള്‍ അല്ലാഹുവിനോട് തേടണമെന്നാണ് ഖുര്‍ആന്‍ പറയുന്നത്. മനുഷ്യലോകം അറിയേണ്ട എല്ലാകാര്യങ്ങളും, നിര്‍ബന്ധമായതും അല്ലാത്തതുമായ മുഴുവന്‍ കാര്യങ്ങളും അല്ലാഹു നബി (സ)ക്ക് പഠിപ്പിച്ച് കൊടുത്തിട്ടുണ്ട്. നബി (സ) തന്നെ ഒരിക്കല്‍ പറഞ്ഞു: ലോകത്തുള്ള എല്ലാ വസ്തുക്കളെകുറിച്ചും ഏറ്റവും അറിയുന്നവന്‍ ഞാന്‍ ആകുന്നു. എന്നെക്കാള്‍ അറിയുന്നവന്‍ മറ്റൊരാളില്ല. എന്നെപ്പോലെ അറിയുന്നവനായും ഒരാളില്ല. എന്നിട്ടും അല്ലാഹു നബിയോട് പറഞ്ഞത് ഇല്‍മിനെ വര്‍ധിപ്പിച്ച് തരാന്‍ അല്ലാഹുവിനോട് തേടണമെന്നാണ്. വിജ്ഞാന ലോകം അത്രയും വിശാലമാണ്. അത് നേടിയെടുത്ത് മുഴുവനാക്കാന്‍ സാധ്യമല്ല.

അല്ലാഹുവിനെ പറ്റിയും മറ്റു കാര്യങ്ങളും എല്ലാം നബി (സ) ക്ക് പഠിപ്പിച്ച് കൊടുത്തിട്ടുണ്ട്. എന്നാലും അറിവ് നേടുന്നത് അവസാനിപ്പിക്കാന്‍ സാധിക്കില്ല. മതപരമായ അറിവ് പ്രത്യേകിച്ച് അല്ലാഹുവിനെ സംബന്ധിച്ചുള്ള അറിവ് ഒരുകാലത്തും അത് എഴുതിത്തീര്‍ക്കാനോ പറഞ്ഞവസാനിപ്പിക്കാനോ സാധ്യമല്ല. അതുകൊണ്ടാണ് നബി (സ)യോട് ഇല്‍മിനെ വീണ്ടും വീണ്ടും ചോദിക്കാന്‍ പറഞ്ഞത്. അല്ലാതെ നബി (സ)ക്ക് കുറവുള്ളത് കൊണ്ടല്ല. മറിച്ച് ഇല്‍മ് എന്നത് വര്‍ധിക്കുന്നതായത് കൊണ്ടാണ്. മറ്റൊരു കാര്യവും വര്‍ധിപ്പിക്കാന്‍ വേണ്ടി പ്രാര്‍ഥിക്കണമെന്ന് അല്ലാഹുതആല നബിയോട് കല്‍പ്പിച്ചിട്ടില്ല. ഇതില്‍ നിന്ന് തന്നെ ഇല്‍മിന്റെ മഹത്വം എത്രമാത്രമാണെന്ന് നമുക്ക് ഗ്രഹിക്കാവുന്നതാണ്.

അറിവുള്ള മനുഷ്യന്‍ ചിലപ്പോള്‍ ജിന്നുകളേക്കാളും മലക്കുകളേക്കാളും ഉന്നതനായിത്തീരും. സുലൈമാന്‍ നബി (അ) യുടെ മന്ത്രിയായിരുന്ന ആസഫ്ബ്‌നു ബര്‍ഖിയയുടെ ചരിത്രം ഈ വിഷയത്തില്‍ പ്രധാന സംഭവമായി ഖുര്‍ആന്‍ വിവരിക്കുന്നു. ബില്‍ഖീസ് രാജ്ഞിയും കൂട്ടരും ഇവിടെ എത്തുന്നതിന് മുമ്പ് രാജ്ഞിയുടെ സിംഹാസനം കൊണ്ടുവരാന്‍ ആര്‍ക്കാണ് കഴിയുകയെന്ന് സുലൈമാന്‍ നബി (അ) ചോദിച്ച അവസരത്തില്‍ ഇഫ്‌രീത് എന്ന ജിന്ന് ആദ്യം പ്രതികരിച്ചു. അങ്ങ് ഇരുന്ന സ്ഥലത്ത് നിന്ന് എണീക്കുന്നതിന് മുമ്പായി ഞാന്‍ കൊണ്ടുവരാം. പക്ഷേ സുലൈമാന്‍ നബി തൃപ്തനായില്ല. ഉടനെ ആസഫ്ബ്‌നു ബര്‍ഖിയ എന്ന മഹാന്‍ പറഞ്ഞു. ഞാന്‍ കൊണ്ടുവരാം. കണ്ണ് ചിമ്മിത്തുറക്കുന്നതിന് മുമ്പ് ഞാനത് താങ്കള്‍ക്ക് കൊണ്ടുവന്നുതരാം. ആ ആയത്തിന്റെ തുടര്‍ച്ചയായി ഖുര്‍ആന്‍ പറയുന്നു. ആ നിമിഷം തന്നെ ആ സിംഹാസനം അവിടെയെത്തിയതായി കണ്ടു. ഈ സംഭവത്തിലെ ആസഫിനെപ്പറ്റി ആയത്തിന്റെ തുടക്കത്തില്‍ ഖുര്‍ആന്‍ വിഷേശിപ്പിക്കുന്നു. വേദഗ്രന്ഥത്തില്‍ നിന്ന് വിജ്ഞാനം കരസ്ഥമാക്കിയിട്ടുള്ള ആളാണ് ആ പണ്ഡിതനെന്ന്. അപ്പോള്‍ ഇല്‍മുള്ള മനുഷ്യന്‍ ജിന്നിനേക്കാളും മലക്കിനേക്കാളും ഉന്നതിയിലെത്തിയതായി ബോധ്യപ്പെടുത്തിത്തരികയാണിവിടെ.

ആസഫ്ബ്‌നു ബര്‍ഖിയ അവിടെ പറഞ്ഞ ശൈലിയെ കുറിച്ച് പണ്ഡിതന്‍മാര്‍ പറയുന്നു. ഞാനാണത് കൊണ്ടുവരിക മറ്റാരുമല്ല എന്ന രൂപത്തില്‍ ഉറപ്പിച്ച് പറയാന്‍ ആസഫിന് സാധിച്ചത്. അദ്ദേഹത്തിന് ഇല്‍മ് ഉള്ളത് കൊണ്ടാണ്. ഈ റമസാന്‍ മാസം അല്ലാഹുവിനെ പറ്റിയും അവന്റെ മതത്തെപറ്റിയും കൂടുതല്‍ അറിവ് കരസ്ഥമാക്കാന്‍ ഉപയോഗപ്പെടുത്തണം. അവര്‍ക്കാണ് ഇരു ലോകത്തും വിജയമുള്ളത്.

(തയ്യാറാക്കിയത്: അനസ് സഖാഫി ക്ലാരി)