Connect with us

Articles

എല്ലാം തകര്‍ത്ത രണ്ടു വര്‍ഷം

Published

|

Last Updated

സംസ്ഥാന മന്ത്രിസഭയുടെ രണ്ടു വര്‍ഷത്തെ വിലയിരുത്തുമ്പോള്‍ ആദ്യം വിലയിരുത്തേണ്ടത് മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനമാണ്. അദ്ദേഹം നേരിട്ട് കൈകാര്യം ചെയ്യുന്ന വകുപ്പാണ് ആഭ്യന്തരം. എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെട്ട നിലയിലാണ് പൊലീസിന്റെ പൊരുമാറ്റം.

പൊലീസിനെ രാഷ്ട്രീയവത്കരിച്ചു എന്നതാണ് ഇടതു സര്‍ക്കാറിന്റെ ഏറ്റവും അപകടകരമായ നീക്കങ്ങളിലൊന്ന്. സി പി എം ലോക്കല്‍ സമ്മേളനങ്ങള്‍ പോലെയാക്കി പൊലീസ് അസോസിയേഷന്‍ സമ്മേളനങ്ങള്‍. ജനങ്ങളുടെ സൈ്വര്യ ജീവിതം ഉറപ്പാക്കാന്‍ നിക്ഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ട പൊലീസ് സേനയില്‍ വിഭാഗീയതയുടെ വിഷവിത്തുകള്‍ പാകുകയാണ് സര്‍ക്കാര്‍ ചെയ്തത്. പിഞ്ചു കുഞ്ഞുങ്ങള്‍ മുതല്‍ വയോ വൃദ്ധകള്‍ വരെ പീഡിപ്പിക്കപ്പെടുന്ന വാര്‍ത്തകള്‍ ഈ രണ്ടാം വാര്‍ഷികത്തിലും നിലക്കുന്നേയില്ല.

യു ഡി എഫ് സര്‍ക്കാര്‍ പൂര്‍ണവിരാമമിട്ടിരുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ ഇരട്ടി ശക്തിയോടെ മടങ്ങിയത്തി എന്നതാണ് മറ്റൊന്ന്. സി പി എമ്മിനോടൊപ്പം ചേര്‍ന്ന സി പി ഐയുക്കും രക്തത്തിന്റെ രുചി പിടിച്ചു തുടങ്ങിയിരിക്കുന്നു. ഗവര്‍ണര്‍ക്ക് നാല് തവണയാണ് ക്രമസമാധാന നിലയെപ്പറ്റി സര്‍ക്കാറിനോട് വിശദീകരണം തേടേണ്ടി വന്നത്. വികസനമെന്നാല്‍ തറക്കല്ലിടല്‍ അല്ലെന്ന് പ്രതിപക്ഷ നേതാവ് അറിയണമെന്നാണ് പിണറായി പ്രസംഗിച്ചത്. തറക്കല്ലിടണമെങ്കില്‍ തന്നെ പുതിയ എന്തെങ്കിലും പദ്ധതി വേണ്ടേ? കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിന്റെ പണി അവതാളത്തിലാണെന്ന് കരാറുകാരയ അദാനി ഗ്രൂപ്പ് രേഖാമൂലം സര്‍ക്കാറിനെ അറിയിച്ചിരിക്കുകയാണ്. യു ഡി എഫ് സര്‍ക്കാര്‍ ചെയ്തിരുന്ന പോലെ പണിക്ക് ആവശ്യമായ പിന്തുണ നല്‍കാനോ മേല്‍നോട്ടം വഹിക്കാനോ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. 48 മാസം കൊണ്ടാണ് പണി പൂര്‍ത്തിയാക്കേണ്ടത്. ഇനി അവശേഷിക്കുന്നത് 20 മാസം. പണി 25 ശതമാനം പോലും പൂര്‍ത്തിയായിട്ടില്ല.

കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടം 45 മാസം കൊണ്ടാണ് യു ഡി എഫ് കാലത്ത് പൂര്‍ത്തിയാക്കിയത്. ഈ സര്‍ക്കാര്‍ വന്നിട്ട് 24 മാസം കഴിഞ്ഞു. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം എവിടെയെങ്കിലും എത്തിയോ? കണ്ണൂര്‍ വിമാനത്താവളത്തിന്റെ പണി മിക്കവാറും പൂര്‍ത്തിയാക്കി വിമാനവും ഇറക്കിയ ശേഷമാണ് യു ഡി എഫ് അധികാരമൊഴിഞ്ഞത്. ഇപ്പോഴത്തെ അവസ്ഥ എന്താണ്? തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോയുടെ കഥകഴിഞ്ഞ മട്ടാണ്. യു ഡി എഫ് സര്‍ക്കാര്‍ വിജയകരമായി നടപ്പാക്കിയിരുന്ന സാമൂഹിക സുരക്ഷാ പദ്ധതികളെല്ലാം തകിടം മറിച്ചു. പകരം കൊണ്ടു വന്ന ലൈഫ്, ഹരിത കേരളം, ആദ്രം, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നിവയൊന്നും ടേക്ക് ഓഫ് ചെയ്തിട്ടുമില്ല.

യു ഡി എഫ് സര്‍ക്കാര്‍ സാമ്പത്തിക അച്ചടക്കമില്ലായ്മ കാട്ടി എന്ന കുറ്റം ചുമത്തി ധവള പത്രമിറക്കിയ ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തി രണ്ട് വര്‍ഷമാകുന്നതിന് മുന്‍പ് കേരളത്തെ സാമ്പത്തിക പ്രതിസന്ധിയുടെ നടുക്കയത്തിലേക്ക് തള്ളിയിട്ടു എന്നതാണ് വസ്തുത. വികസന സ്വപ്‌നങ്ങളെല്ലാം സര്‍ക്കാര്‍ പടുത്തുയര്‍ത്തുന്നത് കിഫ്ബി എന്ന സങ്കല്‍പത്തിന്മേലാണ്. 50,000 കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബി വഴി നടപ്പാക്കുമെന്ന് പറയുന്നത്. കൈയിലുള്ളത് നാലായിരം കോടി രൂപയും. ബാക്കി ഗള്‍ഫില്‍ ചിട്ടി നടത്തി സ്വരൂപിക്കുമെന്നാണ് പറയുന്നത്. അതേ സമയം കിഫ്ബിയുടെ കൈവശമുള്ള 4000 കോടിയില്‍ 1227 കോടി നിക്ഷേപിച്ചിരിക്കുന്നത് സി പി എം ഇത് വരെ ബ്ലേഡ് കമ്പനികള്‍ എന്ന് ആക്ഷേപിച്ചിരുന്ന ന്യൂജനറേഷന്‍ ബാങ്കുകളിലാണ്.

എല്ലാം ശരിയാക്കുമെന്ന മോഹന വാഗ്ദാനം നല്‍കി അധികാരത്തില്‍ വന്ന ഇടതു സര്‍ക്കാര്‍ എല്ലാം തകര്‍ത്തെറിയുകയാണ് ചെയ്തത്. വികസന രംഗത്തും ക്രമസമാധാന രംഗത്തും കാര്‍ഷിക വ്യാവസായിക രംഗങ്ങളിലും വന്‍തിരിച്ചിടിയാണ് സംസ്ഥാനം നേരിട്ടത്.