നരേന്ദ്ര മോദിയുടെ ജനപ്രീതി കുറയുന്നു

നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ബി ജെ പിക്ക് അഗ്നി പരീക്ഷയാകുമെന്ന് സര്‍വേ
Posted on: May 26, 2018 6:07 am | Last updated: May 26, 2018 at 12:18 am

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനസമ്മിതി കുറഞ്ഞുവെന്നും അടുത്ത് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബി ജെ പിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്നും വ്യക്തമാക്കി എ ബി പി- സി എസ് ഡി എസ് സര്‍വേ ഫലം. ബി ജെ പി സര്‍ക്കാറില്‍ അസംതൃപ്തിയുള്ളവരുടെ എണ്ണം കൂടിവരികയാണെന്നും സര്‍വേ വ്യക്തമാക്കുന്നു.

2018 ജനുവരിയില്‍ ജനപ്രീതിയില്‍ മോദിയും രാഹുലും തമ്മില്‍ 17 ശതമാനത്തിന്റെ വ്യത്യാസം ഉണ്ടായിരുന്നുവെങ്കില്‍ ഇപ്പോഴത് 10 ശതമാനം മാത്രമായി കുറഞ്ഞിരിക്കുന്നുവെന്നും സര്‍വേ വ്യക്തമാക്കുന്നു. 19 സംസ്ഥാനങ്ങളില്‍ നിന്നായി 15,859 പേരില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണ് സര്‍വേ.

ഈ വര്‍ഷാവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിലും മധ്യപ്രദേശിലും ബി ജെ പിക്ക് നേരിടേണ്ടി വരിക കനത്ത പ്രതിസന്ധിയായിരിക്കുമെന്ന് സര്‍വേ പറയുന്നു.

ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ മധ്യപ്രദേശില്‍ 49 ശതമാനം വോട്ട് കോണ്‍ഗ്രസിനും ബി ജെ പിക്ക് 34 ശതമാനവും മറ്റുള്ളവര്‍ക്ക് 17 ശതമാനവും വോട്ടുകളായിരിക്കും ലഭിക്കുക. സംസ്ഥാനത്ത് കടുത്ത ഭരണ വിരുദ്ധ വികാരമാണ് നിലനില്‍ക്കുന്നതെന്നും സര്‍വേ വ്യക്തമാക്കുന്നു. യു പിയില്‍ ഉണ്ടാക്കിയിട്ടുള്ള എസ് പി- ബി എസ് പി സഖ്യവും സംസ്ഥാന ബി ജെ പിയിലെ പ്രശ്‌നങ്ങളും കോണ്‍ഗ്രസിന് മധ്യപ്രദേശില്‍ ഗുണകരമാകുമെന്നാണ് സര്‍വേ വിലയിരുത്തുന്നത്.

രാജസ്ഥാനിലും കോണ്‍ഗ്രസ് വലിയ നേട്ടം കൈവരിക്കുമെന്നാണ് സര്‍വേ പറയുന്നത്. രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധ്യക്ഷനും യുവനേതാവുമായ സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവ് നടത്തും. കോണ്‍ഗ്രസിന് 44 ശതമാനവും ബി ജെ പിക്ക് 39 ശതമാനവും വോട്ടുകളാണ് സര്‍വേ പ്രവചിക്കുന്നത്. 2013ലെ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് ഇവിടെ 45 ശതമാനം വോട്ടാണ് ലഭിച്ചിരുന്നത്. കോണ്‍ഗ്രസിന് 33 ശതമാനം മാത്രമായിരുന്നു.

ഈ വര്‍ഷം ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് ലോക്സഭാ സീറ്റുകളിലും ആറില്‍ നാല് നിയമസഭാ സീറ്റിലും കോണ്‍ഗ്രസിനായിരുന്നു ജയം. പരാജയങ്ങളെ തുടര്‍ന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റായിരുന്ന അശോക് പര്‍നാമി മാര്‍ച്ച് 16ന് രാജി വെച്ചതോടെ രാജസ്ഥാനിലെ ബി ജെ പിക്ക് നേതൃത്വമില്ലാത്ത അവസ്ഥയാണ്. നിലവില്‍ ബി ജെ പി മികച്ച പ്രകടനം കാഴ്ച വെച്ച സംസ്ഥാനങ്ങളെക്കുറിച്ചും സര്‍വേ അഭിപ്രായം വ്യക്തമാക്കുന്നുണ്ട്. യു പിയില്‍ ബി ജെ പിയുടെ വോട്ട് ശതമാനം 35ലേക്ക് കൂപ്പുകുത്തുമെന്നും മറ്റു പ്രാദേശിക പാര്‍ട്ടികള്‍ 53 ശതമാനത്തിലേക്ക് ഉയരുമെന്നും സര്‍വേ പറയുന്നു. മഹരാഷ്ട്രയിലും എന്‍ ഡി എ സഖ്യത്തിന് തിരിച്ചടിയായിരിക്കും. ബീഹാറില്‍ ജെ ഡി യു- ബി ജെ പി സഖ്യം തത്കാലം പിടിച്ചു നില്‍ക്കുമെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. ബംഗാളില്‍ മമതാ ബാനര്‍ജി വലിയ മാര്‍ജിനില്‍ നില്‍ക്കുമെന്നാണ് സര്‍വേ പറയുന്നത്.

പ്രധാനമന്ത്രിയെക്കുറിച്ച് അസംതൃപ്തരുടെ എണ്ണം കൂടി വരികയാണെന്നും സര്‍വേ വ്യക്തമാക്കുന്നു. നോട്ട് നിരോധനം, ജി എസ് ടി, തൊഴിലില്ലായ്മ, ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നേരെയുള്ള അക്രമങ്ങള്‍, വരുമാനത്തിലെ കുറവ്, തുടങ്ങിയ വിഷയങ്ങളാണ് മോദി സര്‍ക്കാറിന്റെ മതിപ്പില്‍ കുത്തനെയുള്ള ഇടിവ് വരുത്തിയതെന്നും സര്‍വേ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനസമ്മിതി കുറഞ്ഞുവരുമ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൂടുതല്‍ ജനസമ്മതി നേടുന്നതായി സര്‍വേ സൂചിപ്പിക്കുന്നു. 2019ല്‍ മോദി സര്‍ക്കാറിന് ഭരിക്കാന്‍ അവസരം ലഭിക്കില്ലെന്ന് കരുതുന്നവരാണ് സര്‍വേയില്‍ പങ്കെടുത്ത 47 ശതമാനം പേരും. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ച് മുസ്‌ലിംകള്‍ക്കിടയില്‍ കേന്ദ്രത്തെക്കുറിച്ചുള്ള അസംതൃപ്തി വര്‍ധിക്കുകയാണെന്നും സര്‍വേ അഭിപ്രായപ്പെടുന്നു. ഭൂരിപക്ഷം ഹിന്ദു സമുദായക്കാരിലും സര്‍ക്കാര്‍വിരുദ്ധ വികാരമുണ്ടെന്ന് സര്‍വേയില്‍ പറയുന്നു.