ഹൈദരാബാദിലും ‘നിപ്പ’യെന്ന് സംശയം; രണ്ട് പേരുടെ രക്ത സാംപിള്‍ പരിശോധനക്കയച്ചു

Posted on: May 25, 2018 5:39 pm | Last updated: May 25, 2018 at 5:39 pm

ഹൈദരാബാദ്: കേരളത്തിന് പുറമെ ഹൈദരാബാദിലും നിപ്പ വൈറസ് ബാധയുണ്ടായതായി സംശയം. തെലങ്കാനയിലാണ് രണ്ട് പേര്‍ക്ക് രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഇവരുടെ രക്ത, സ്രവ സാംപിളുകള്‍ പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. രോഗ ബാധ സംശയിക്കുന്നവരെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.

രോഗബാധ സംശയിക്കുന്ന രണ്ട് പേരില്‍ ഒരാള്‍ അടുത്തിടെ കേരളത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നതായി തെലങ്കാന ആരോഗ്യ വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. ഐടി ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. രണ്ടാമത്തെയാള്‍ കേരളത്തില്‍ വന്നിട്ടില്ല. ഇരുവരുടെയും രക്ത സാംപിള്‍ പരിശോദന റിപ്പോര്‍ട്ട് പുറത്തവന്ന ശേഷമേ രോഗം സ്ഥിരീകരിക്കാനാകൂ. രക്തസാംപിളുകള്‍ എച്ച് വണ്‍ എന്‍ വണ്‍ പരിശോധനക്ക് വിധേയമാക്കാനും നിര്‍ദേശിച്ചതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

നേരത്തെ കര്‍ണാടകയില്‍ രണ്ട് പേര്‍ക്ക് രോഗം സംശയിച്ചിരുന്നു. എന്നാല്‍ പരിശോധനയില്‍ നിപ്പയല്ലെന്ന് തെളിഞ്ഞു.