Connect with us

Ongoing News

നിപ്പ: ആദ്യം മരിച്ച സാബിത്തിന്റെ യാത്രാ പശ്ചാത്തലം പരിശോധിക്കും

Published

|

Last Updated

കോഴിക്കോട്: കേരളത്തില്‍ ഭീതിവിതച്ച നിപ്പ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണങ്ങള്‍ വേണമെന്ന് ആവശ്യം. ഈ രോഗം ബാധിച്ച് ആദ്യം മരണത്തിന് കീഴടങ്ങിയ പേരാമ്പ്ര സൂപ്പിക്കടയിലെ സാബിത്തിന്റെ യാത്രാ പശ്ചാത്തലം പരിശോധിക്കണമെന്ന് സര്‍വകക്ഷി യോഗത്തില്‍ ആവശ്യമുയര്‍ന്നു. ദീര്‍ഘകാലമായി വിദേശത്ത് ജോലി ചെയ്തിരുന്ന സാബിത്ത് മരിക്കുന്നതിന് ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്. ഈ സാഹചര്യത്തില്‍ സാബിത്തിന് മറ്റേതെങ്കിലും സ്ഥലത്ത് നിന്നാണോ രോഗബാധയുണ്ടായത് എന്ന് അറിയേണ്ടതുണ്ടെന്നും സര്‍വകക്ഷി യോഗത്തില്‍ ആവശ്യമുയര്‍ന്നു. നിപ്പ സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കാനാണ് സര്‍വകക്ഷി യോഗം ചേര്‍ന്നത്.

വിദേശത്ത് നിന്ന് നാട്ടിലെത്തിയ സാബിത്ത് ഉദരസംബന്ധമായ രോഗത്തിന് ചികിത്സ തേടിയിരുന്നു. ഇതിന് ശേഷമാണ് വവ്വാലുകള്‍ താമസിച്ചിരുന്ന കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയത്. തുടര്‍ന്ന് ആരോഗ്യനില വഷളാകുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

വവ്വാലുകളില്‍ നിന്നാണ് വൈറസ് ബാധ ഉണ്ടായതെന്നാണ് ആരോഗ്യവകുപ്പുന്റെ നിഗമനം. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല. വെള്ളിയാഴ്ച വൈകി കിണറില്‍ നിന്ന് പിടികൂടിയ വവ്വാലുകളുടെ രക്ത പരിശോധന ഫലം വന്നശേഷമേ ഇക്കാര്യം ഉറപ്പിക്കാനാകൂ. പരിശോധനയില്‍ വവ്വാലുകള്‍ക്ക് വൈറസ് ബാധ ഇല്ലെന്ന് തെളിഞ്ഞാല്‍ ഉറവിടം കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം ആവശ്യമായി വരും. ആ ഘട്ടത്തില്‍ സാബിത്തിന്റെ യാത്രാ പശ്ചാത്തലം പരിശോധിക്കുകയാകും അടുത്ത വഴി.