തൂത്തുക്കുടി വെടിവെപ്പ്: തമിഴ്‌നാട് ബന്ദ് തുടങ്ങി

Posted on: May 25, 2018 9:37 am | Last updated: May 25, 2018 at 12:37 pm

ചെന്നൈ: വേദാന്ത ഗ്രൂപ്പിന്റെ സ്റ്റര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരെ സമരം ചെയ്തവരെ പോലീസ് വെടിവെച്ച് കൊന്ന സംഭവത്തില്‍
പ്രതിപക്ഷ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത സംസ്ഥാന ബന്ദ് തുടങ്ങി. രാവിലെ മുതല്‍ വൈകീട്ട് വരെയാണ് ബന്ദ്. ഡിഎംകെ ആഹ്വാനം ചെയ്ത ബന്ദിന് കോണ്‍ഗ്രസ്, മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം, സിപിഐ, സിപിഎം, മുസ്‌ലിം ലീഗ് തുടങ്ങിയ പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, പ്ലാന്റ് അടച്ചു പൂട്ടാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് തൂത്തുക്കുടിയില്‍ പുതുതായി ചുമതലയേറ്റ കലക്ടര്‍ സന്ദീപ് നന്ദൂരി അറിയിച്ചു. പ്ലാന്റ് ഉപേക്ഷിക്കണമെന്നാണ് സര്‍ക്കാറിന്റെ നിലപാട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ പ്രക്ഷോഭങ്ങളിലേക്ക് നീങ്ങരുതെന്ന് കലക്ടര്‍ ആവശ്യപ്പെട്ടു. അതിനിടെ, പ്ലാന്റ് അടച്ചു പൂട്ടാന്‍ തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് (ടി എന്‍ പി സി ബി) ഉത്തരവിട്ടു. ഇന്നലെ രാവിലെയോടെ പ്ലാന്റിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു. വേദാന്ത ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പ്ലാന്റ് വന്‍ പാരിസ്ഥിതിക, ആരോഗ്യ പ്രശ്‌നങ്ങള്‍ വരുത്തിവെക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ നടത്തിവന്ന സമരം വെടിവെപ്പില്‍ കലാശിച്ചിരുന്നു. രണ്ട് തവണയുണ്ടായ വെടിവെപ്പില്‍ 13 പേരാണ് കൊല്ലപ്പെട്ടത്.