Connect with us

Kerala

എസ് ഐയെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു

Published

|

Last Updated

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിക്കുള്ളില്‍ അഭിഭാഷകരുടെ ഗുണ്ടായിസം. ജില്ലാ കോടതിയില്‍ ജാമ്യ ഹരജിയുടെ പോലീസ് റിപ്പോര്‍ട്ടുമായി എത്തിയ എസ് ഐയെ അഭിഭാഷകര്‍ സംഘം ചേര്‍ന്ന് ആക്രമിച്ചു. വിഴിഞ്ഞം പോര്‍ട്ട് എസ് ഐ അശോകനാണ് മര്‍ദനമേറ്റത്. ഇത് പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകനേയും അഭിഭാഷകര്‍ വിരട്ടിയോടിച്ചു. മര്‍ദനത്തെ തുടര്‍ന്ന് നെഞ്ചുവേദന അനുഭവപ്പെട്ട എസ്‌ഐ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

അഡ്വ. വള്ളക്കടവ് മുരളിയുടെ നേതൃത്വത്തില്‍ ഒരുകൂട്ടം അഭിഭാഷകരാണ് തന്നെ മര്‍ദിച്ചതെന്നാണ് എസ് ഐയുടെ മൊഴി. ജീവന്‍ രക്ഷിക്കാനായി എസ്‌ഐ അശോകന്‍ ജില്ലാ ജഡ്ജിയുടെ ചേംബറില്‍ കയറിയെങ്കിലും അവിടെവെച്ചും അഭിഭാഷകര്‍ മര്‍ദിച്ചെന്നും പരാതിയുണ്ട്. തുടര്‍ന്ന് കൂടുതല്‍ പോലീസ് സംഘം എത്തിയാണ് എസ് ഐയെ രക്ഷപ്പെടുത്തിയത്.

പൊതുസ്ഥലത്ത് മദ്യപിച്ചതിന് ഒരാഴ്ച മുമ്പ് വള്ളക്കടവ് മുരളിക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അന്ന് അശോകന്‍ ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍ എസ് ഐ ആയിരുന്നു. ഇത് കള്ളക്കേസാണെന്ന് ആരോപിച്ചായിരുന്നു വള്ളക്കടവ് മുരളിയുടെ നേതൃത്വത്തില്‍ എത്തിയ അഭിഭാഷകരില്‍ ചിലര്‍ ചേര്‍ന്ന് അശോകനെ ആക്രമിച്ചത്. ആക്രമണം നടത്തിയ അഭിഭാഷകര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.