കര്‍ണാടക നല്‍കുന്ന പ്രതീക്ഷകള്‍

Posted on: May 25, 2018 6:00 am | Last updated: May 24, 2018 at 10:31 pm

കര്‍ണാടകയില്‍ ചുണ്ടിനും കപ്പിനുമിടയില്‍ നഷ്ടപ്പെടുമെന്ന് ആശങ്കിച്ചിരുന്ന മതേതര കക്ഷി ഭരണം തിരിച്ചു പിടിച്ചുവെന്നത് മാത്രമല്ല, രാജ്യത്തെ പ്രതിപക്ഷ കക്ഷികളുടെ ഐക്യനിരക്ക് വേദിയായി എന്നതാണ് കുമാരസ്വാമി സര്‍ക്കാറിന്റെ അധികാരാരോഹണ ചടങ്ങ് കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്. മുന്‍ പ്രധാനമന്ത്രിയും ദള്‍ ദേശീയ അധ്യക്ഷനുമായ എച്ച് ഡി ദേവഗൗഡ, കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, തെലുങ്കുദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡു, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ബി എസ് പി നേതാവ് മായാവതി, സി പി ഐ നേതാവ് ഡി രാജ, എന്‍ സി പി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ആര്‍ ജെ ഡി നേതാവ് തേജസ്വി യാദവ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കുകയുണ്ടായി.

2019ലെ പൊതുതിരഞ്ഞെടുപ്പില്‍ ബി ജെ പിക്കെതിരെ രൂപപ്പെടാനിരിക്കുന്ന പ്രതിപക്ഷ സഖ്യമെന്ന നിലയിലും ദക്ഷിണേന്ത്യ പിടിച്ചെടുക്കാനുള്ള ബി ജെ പിയുടെ നീക്കങ്ങള്‍ക്കുള്ള ശക്തമായ താക്കീതുമായാണ് ഈ ഒത്തുകൂടലിനെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷമുള്ള പ്രസംഗത്തില്‍ കുമാരസ്വാമി അക്കാര്യം വ്യക്തമാക്കുകയും ചെയ്തു. ‘സത്യപ്രിതജ്ഞാ ചടങ്ങിന് സാക്ഷിയാകാനല്ല ഈ നേതാക്കളെല്ലാം ഇവിടെയെത്തിയത്. ഞങ്ങളെല്ലാം ഒന്നാണെന്നും 2019ലെ തിരഞ്ഞെടുപ്പോടെ രാജ്യത്തെ രാഷ്ട്രീയ സാഹചര്യം മൊത്തത്തില്‍ മാറുമെന്ന സന്ദേശം നല്‍കാനാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ കക്ഷികള്‍ക്കിടയിലെ അനൈക്യം മുതലെടുത്ത് ബി ജെ പി സംസ്ഥാനങ്ങളൊന്നൊന്നായി പിടിച്ചടക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് ഒരു വിശാല ഐക്യം രൂപപ്പെടേണ്ടതിനെക്കുറിച്ചു അടുത്തിടെയായി പ്രതിപക്ഷ നിരയില്‍ ചര്‍ച്ച സജീവമാണ്. മതേതര സഖ്യത്തിന്റെ ഘടനയെ സംബന്ധിച്ച അഭിപ്രായ വ്യത്യാസം കാരണം ഇക്കാര്യത്തില്‍ യോജിപ്പിലെത്താന്‍ അവര്‍ക്കായിട്ടുമില്ല. ബി ജെ പിക്കും കോണ്‍ഗ്രസിനും ബദലായുള്ള മൂന്നാം മുന്നണിയാണ് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ സ്വപ്‌നം. ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിന് പിന്നാലെ ഇക്കാര്യം അദ്ദേഹം സൂചിപ്പിക്കുകയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ബിഎസ് പി നേതാവ് മായാവതി എന്നിവരുമായി ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍, ഒരു മൂന്നാം മുന്നണിയല്ല, കോണ്‍ഗ്രസിനെ കൂടി ഉള്‍പ്പെടുത്തിയുള്ള വിശാല സഖ്യമാണ് ആവശ്യമെന്നും അത്തരമൊരു കൂട്ടുകെട്ടിന് മാത്രമേ ബി ജെ പിയെ പ്രതിരോധിക്കാനാവുകയുള്ളുവെന്നാണ് മമതാ ബാനര്‍ജിയുടെ പക്ഷം. ഈ ബോധത്തില്‍ നിന്നാണ് മാര്‍ച്ച് അവസാനത്തില്‍ അവര്‍ ഡല്‍ഹിയില്‍ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്. ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന ബി ജെ പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന പ്രതിപക്ഷ ഐക്യം ആവശ്യമാണെന്ന് കാഴ്ചപ്പാടിലേക്ക് എത്തിയിട്ടുണ്ട് മമത. സോണിയയുമായുള്ള ചര്‍ച്ചക്ക് ശേഷം ഇക്കാര്യം അവര്‍ വ്യക്തമാക്കുകയും ചെയ്തു. എന്‍ സി പി നേതാവ് ശരത് പവാര്‍, ഡി എം കെ, എം പി കനിമൊഴി, ടി ഡി പി നേതാവ് വൈ എസ് ചൗധരി എന്നിവരുമായും കൂടിക്കാഴ്ച നടത്തിയ മമത അഖിലേഷ് യാദവിനെയും മായാവതിയെയും കൂടെ മുന്നണിയിലേക്ക് കൊണ്ടു വരണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ യു പിയിലും മധ്യപ്രദേശിലും പരസ്പരം സഹായിക്കാന്‍ കോണ്‍ഗ്രസും ബി എസ് പിയും സന്നദ്ധമായതും ഈ ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പായാണ് വിലയിരുത്തപ്പെടുന്നത്.

ഈയൊരു സാഹചര്യത്തില്‍ പ്രതിപക്ഷ നേതാക്കളുടെ കര്‍ണാടക ഒത്തു ചേരലിന് പ്രത്യേക രാഷ്ട്രീയ പ്രാധാന്യമുണ്ട്. ബി ജെ പിക്കെതിരെ ഓരോ സംസ്ഥാനത്തും പ്രബല കക്ഷി തിരഞ്ഞെടുപ്പ് സഖ്യത്തിന് നേതൃത്വം നല്‍കണമെന്നും മറ്റു കക്ഷികള്‍ അവരെ പിന്തുണക്കണമെന്നുമാണ് മമത മുന്നോട്ട് വെക്കുന്ന നിര്‍ദേശം. എങ്കിലേ ബി ജെ പിക്കെതിരെ പരമാവധി എം പിമാരെ ജയിപ്പിക്കാന്‍ സാധിക്കൂ. ഇതനുസരിച്ചു കോണ്‍ഗ്രസിന് ശക്തിയുള്ള സംസ്ഥാനങ്ങളില്‍ പ്രതിപക്ഷ കക്ഷികള്‍ അവരെ സഹായിക്കുകയും തിരിച്ചു കോണ്‍ഗ്രസും ആ സമീപനം സ്വീകരിക്കുകയും വേണം. ബംഗാളില്‍ തൃണമൂലിന് കോണ്‍ഗ്രസിന്റെ ആവശ്യമില്ലെങ്കിലും ദേശീയ തലത്തില്‍ കോണ്‍ഗ്രസിനുള്ള പ്രസക്തി മനസ്സിലാക്കിയാണ് മമത ഈ നിലപാടിലേക്ക് എത്തിയത്. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും ഈ വര്‍ഷാവസാനം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. പ്രതിപക്ഷ നിരയില്‍ കോണ്‍ഗ്രസിന് മേല്‍കൈയുള്ള ഈ സംസ്ഥാനങ്ങളില്‍ മേല്‍തീരുമാനം നടപ്പാക്കാനായാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലും അതു തുടരാനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായാല്‍ 69 ശതമാനം വോട്ടുകള്‍ സമാഹരിക്കാമെന്ന് ബി ജെ പി വിമത നേതാവ് അരുണ്‍ഷൂരിയും പ്രതീക്ഷ പ്രകടിപ്പിക്കുകയുണ്ടായി. കോണ്‍ഗ്രസുമായി അകല്‍ച്ച പാലിക്കുന്ന സി പി എമ്മും കൂടി ഈ കാഴ്ചപ്പാടിലേക്ക് ഇറങ്ങി വന്നാല്‍ അത് മതേതര സഖ്യത്തിന് കൂടുതല്‍ ശക്തിപകരും. എന്നാല്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഒപ്പിച്ചെടുക്കുന്ന ഒരു തട്ടിക്കൂട്ട് മുന്നണിയായി ഇത് മാറരുത്. പ്രത്യുത എത്രയും വേഗത്തില്‍ സഖ്യം രൂപപ്പെടുത്തുകയും ദളിത് വിവേചനം, എണ്ണവില വര്‍ധന തുടങ്ങിയ സര്‍ക്കാറിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ കൂട്ടായ പ്രക്ഷോഭത്തിലൂടെ ജനവിശ്വാസം ആര്‍ജിക്കുകയും വേണം. കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രമുഖ കക്ഷികളുടെ വിട്ടുവീഴ്ചയിലൂടെ മാത്രമേ ഇത്തരമൊരു സഖ്യം യാഥാര്‍ഥ്യമാകൂ.