ട്രംപ്- ഉന്‍ കൂടിക്കാഴ്ച; യു എസ് പിന്മാറി

  • ആണവ കേന്ദ്രം ഉത്തര കൊറിയ തകര്‍ത്തു
  • ഉന്നിന്റേത് വിദ്വേഷം പ്രകടിപ്പിക്കുന്ന പ്രസ്താവനയെന്ന് ട്രംപ്

'സുപ്രധാനമായ ഉച്ചകോടി നടക്കാവുന്ന നിലയില്‍ താങ്കളുടെ മനസ്സ് മാറുകയാണെങ്കില്‍ എന്നെ വിളിക്കാനോ എഴുതാനോ മടിക്കരുത്. നമുക്കിടയില്‍ അത്ഭുതകരമായ സംഭാഷണത്തിന്റെ സാഹചര്യം ഒരുങ്ങുന്നുവെന്നാണ് എനിക്കനുഭവപ്പെട്ടിരുന്നത്.'

- ഡൊണാള്‍ഡ് ട്രംപ് യു എസ് പ്രസിഡന്റ്‌

Posted on: May 24, 2018 8:41 pm | Last updated: May 25, 2018 at 10:22 am

വാഷിംഗ്ടണ്‍: ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നുമായുള്ള കൂടിക്കാഴ്ചയില്‍ നിന്ന് യു എസ് പിന്മാറി. അടുത്ത മാസം പന്ത്രണ്ടിന് സിംഗപ്പൂരില്‍ വെച്ച് നടക്കേണ്ടിയിരുന്ന കൂടിക്കാഴ്ചയില്‍ നിന്നാണ് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്മാറിയത്. യു എസുമായുള്ള ചര്‍ച്ചക്ക് മുന്നോടിയായി ആണവ പരീക്ഷണ കേന്ദ്രം ഉത്തര കൊറിയ തകര്‍ത്തിരുന്നു. യു എസുമായുള്ള ധാരണയുടെ ഭാഗമായാണ് ആണവ പരീക്ഷണ കേന്ദ്രം തകര്‍ത്തത്. ഇതിന് പിന്നാലെയാണ് ചര്‍ച്ചയില്‍ നിന്ന് യു എസ് പിന്മാറുന്നുവെന്ന വാര്‍ത്ത പുറത്തുവരുന്നത്. ചര്‍ച്ചയില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ച് കിം ജോംഗ് ഉന്നിന് ട്രംപ് കത്തയക്കുകയായിരുന്നു.

കൂടിക്കാഴ്ച റദ്ദാക്കി എന്നറിയിച്ച് ഉന്നിന് ട്രംപ് അയച്ച കത്ത്‌

സമീപകാലത്ത് നടത്തിയ, അതീവ രോഷവും വിദ്വേഷവും പ്രകടമാക്കുന്ന പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ ചര്‍ച്ചക്ക് അനുയോജ്യമായ സമയമല്ല ഇതെന്ന് ട്രംപ് കത്തില്‍ വ്യക്തമാക്കി. നഷ്ടപ്പെട്ട അവസരമാണിതെന്നും മറ്റൊരു ദിവസം കൂടിക്കാഴ്ച നടത്താന്‍ സാധിക്കുമെന്നും ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. ‘ആണവ സംവിധാനങ്ങളെ കുറിച്ചാണ് നിങ്ങള്‍ ഇപ്പോഴും സംസാരിക്കുന്നത്. പക്ഷേ, ഞങ്ങളുടെ കൈവശമുള്ളത് അതിലേറെ ശക്തവും പ്രഹരശേഷിയുമുള്ളതാണ്. അത് ഒരിക്കലും ഉപയോഗിക്കേണ്ടി വരരുതെന്നാണ് ഞാന്‍ ദൈവത്തോട് പ്രാര്‍ഥിക്കുന്നത്’- ഭീഷണിയുടെ സ്വരത്തില്‍ ട്രംപ് പറഞ്ഞു. ഉന്‍ മനസ്സ് മാറിയതിന് ശേഷം തന്നെ വിളിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചുകൊണ്ടാണ് കത്ത് അവസാനിപ്പിക്കുന്നത്.

യു എസ് ഭരണകൂടത്തെ വിമര്‍ശിച്ചും ചര്‍ച്ചയില്‍ അവിശ്വാസം രേഖപ്പെടുത്തിക്കൊണ്ടുമുള്ള ഉന്നിന്റെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ടാണ് ട്രംപിന്റെ കത്ത്. ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്തമായി നടത്തുന്ന സൈനിക അഭ്യാസത്തില്‍ പ്രതിഷേധിച്ച് കൂടിക്കാഴ്ചയില്‍ നിന്ന് പിന്മാറുമെന്ന് കഴിഞ്ഞ ദിവസം ഉത്തര കൊറിയ ഭീഷണി മുഴക്കിയിരുന്നു. സൈനികാഭ്യാസം തങ്ങളെ ലക്ഷ്യമിട്ടുള്ളതാണെന്നായിരുന്നു ഉത്തര കൊറിയയുടെ നിലപാട്. ഏകപക്ഷീയമായ ആണവനിരായുധീകരണമാണ് ലക്ഷ്യമെങ്കില്‍ ചര്‍ച്ചയുടെ ആവശ്യമില്ലെന്ന് ഉത്തര കൊറിയ വ്യക്തമാക്കുകയും ചെയ്തു.

ഇതിനോട് യു എസ് രൂക്ഷമായാണ് പ്രതികരിച്ചത്. ആണവായുധങ്ങള്‍ ഉപേക്ഷിച്ചാല്‍ അധികാരത്തില്‍ തുടരാമെന്നും അല്ലാത്തപക്ഷം ലിബിയയുടെ മുന്‍ ഭരണാധികാരി മുഅ്മ്മര്‍ ഗദ്ദാഫിയുടെ വിധിയാണ് കാത്തിരിക്കുന്നതെന്നും യു എസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. തീര്‍ത്തും അവിവേകമായ പ്രസ്താവനയാണിതെന്നായിരുന്നു ഉത്തര കൊറിയയുടെ പ്രതികരണം.

അന്താരാഷ്ട്ര മാധ്യമങ്ങളെ വിളിച്ചുവരുത്തിയാണ് പ്യുംഗ്യേ റിയിലെ ആണവ പരീക്ഷണ കേന്ദ്രം ഉള്‍പ്പെടുന്ന തുരങ്കം വ്യാഴാഴ്ച ഉത്തര കൊറിയ തകര്‍ത്തത്. ആണവ പരീക്ഷണം അവസാനിപ്പിക്കുന്നതിന്റെ തെളിവാണിതെന്ന് ഉത്തര കൊറിയ വ്യക്തമാക്കുകയും ചെയ്തു.

ചര്‍ച്ചക്ക് ഇരു രാജ്യങ്ങളും തയ്യാറായതോടെ കൊറിയന്‍ ഉപദ്വീപില്‍ സമാധാനത്തിന് കളമൊരുങ്ങിയിരുന്നു. ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് മുന്നോടിയായി ഉന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നും കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.