പിണറായിക്ക് മമതയുടെ പിറന്നാള്‍ ആശംസ; അന്തംവിട്ട് പ്രവര്‍ത്തകര്‍ !

Posted on: May 24, 2018 12:37 pm | Last updated: May 24, 2018 at 2:15 pm

കൊല്‍ക്കത്ത: മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകള്‍ നേര്‍ന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ട്വിറ്ററിലൂടെയാണ് മമത പിണറായിക്ക് ആശംസകള്‍ നേര്‍ന്നത്. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും സിപിഎമ്മും ബദ്ധവൈരികളാണ് എന്നിരിക്കെ, രാജ്യത്തെ ഏക സിപിഎം മുഖ്യമന്ത്രിക്കുള്ള പിറന്നാള്‍ ആശംസ ഇതിനിടെ ചര്‍ച്ചയായി കഴിഞ്ഞു. ഇന്നലെ ബെംഗളൂരുവില്‍ എച്ച്.ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇരുവരും പങ്കെടുത്തിരുന്നെങ്കിലും ഒരു ആശയവിനിമയവും നടത്തിയിരുന്നില്ല.

സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണറായിയുടെ സമീപത്തുണ്ടായിരുന്നത് ലോക് തന്ത്രിക് ജനതാദള്‍ നേതാവ് ശരത് യാദവായിരുന്നു. ശരത് യാദവ് മമതാ ബാനര്‍ജിയുമായി കുശലാന്വേഷണം നടത്തുമ്പോള്‍ പിണറായി ശ്രദ്ധിക്കാതെ ഇരിക്കുകയായിരുന്നു. തുടര്‍ന്ന് ചടങ്ങിനെത്തിയ മുഴുവന്‍ നേതാക്കളുമായി മമതാ ബാനര്‍ജി സൗഹൃദ സംഭാഷണം നടത്തുകയും കൈകൊടുക്കുകയും ചെയ്തപ്പോള്‍ പിണറായി വിജയനെ കണ്ടില്ലെന്ന് നടിച്ചു. അതേസമയം, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മമതക്ക് കൈ കൊടുത്തിരുന്നു. ഇതിനിടെയാണ്, മമതാ ബാനര്‍ജിയുടെ ട്വീറ്റ് വന്നത്. പശ്ചിമ ബംഗാളില്‍ തദ്ദേശ തിരഞ്ഞെടുപ്പിനിടെ നിരവധി സിപിഎം പ്രവര്‍ത്തകര്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണത്തിന് ഇരയായിരുന്നു.