Connect with us

Editorial

വെടിവെച്ചു കൊല്ലുന്നോ?

Published

|

Last Updated

വ്യവസായ വികസനവും ഫാക്ടറികളുടെ പ്രവര്‍ത്തനവും മനുഷ്യരുടെ ജീവിതത്തിലുണ്ടാക്കുന്ന ആഘാതം കൃത്യമായി പഠിക്കുന്നതിലും പരിഹാരം കാണുന്നതിലും ഭരണകൂടങ്ങള്‍ കുറ്റകരമായ അനാസ്ഥ കാണിക്കുമ്പോള്‍ എന്തൊക്കെ സംഭവിക്കുമെന്നതിന്റെ ഏറ്റവും പുതിയ നിദര്‍ശനമാണ് തൂത്തുക്കുടിയിലെ വെടിവെപ്പ്. വേദാന്ത ഗ്രൂപ്പിന്റെ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരെ പ്രദേശവാസികള്‍ നടത്തിയ സമരമാണ് 12 മനുഷ്യരെ വെടിവെച്ച് കൊല്ലുന്നതില്‍ കലാശിച്ചിരിക്കുന്നത്. പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. വെടിവെപ്പിന് ശേഷം സമരം ഒരു നിലക്കും തളരുകയല്ല, കൂടുതല്‍ ജനപങ്കാളിത്തത്തോടെയും രാഷ്ട്രീയ സാമൂഹിക പിന്തുണയോടെയും ശക്തമാകുകയാണ്്. തീരദേശ, തുറമുഖ നഗരമായ തൂത്തുക്കുടിയിലെയും പരിസരത്തെയും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് നിര്‍ത്തി വെച്ചിരിക്കുന്നു. നിരോധനാജ്ഞ ലംഘിച്ച് പലയിടത്തും ജനങ്ങള്‍ സംഘടിക്കുകയാണ്. ഇതോടെ ഇന്നലെ വീണ്ടും വെടിവെപ്പുണ്ടായിരിക്കുന്നു.

വൈകിയാണെങ്കിലും, ഫാക്ടറിയുടെ വിപുലീകരണം നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നു. മരിച്ചവരുടെ ബന്ധുക്കള്‍ക്കും പരുക്കേറ്റവര്‍ക്കും സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുമുണ്ട്. ആശ്രിതര്‍ക്ക് തൊഴിലും നല്‍കും. ഇതൊന്നും ജനങ്ങളെ ശാന്തരാക്കാന്‍ പര്യാപ്തമല്ലെന്നതാണ് വസ്തുത. വാനിന്റെ മുകളില്‍ കയറി നിന്ന് വെടിവെക്കുന്നതടക്കം പോലീസ് നടപടിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ദൃശ്യങ്ങളും വീഡിയോകളും പുറത്ത് വരുന്നത് സര്‍ക്കാറിനെയും പോലീസ് സംവിധാനത്തെയും കൂടുതല്‍ പ്രതിരോധത്തിലാക്കുകയാണ്. വെടിവെപ്പിന് ആര് ഉത്തരവിട്ടുവെന്ന് വ്യക്തമല്ല. ആകാശത്തേക്ക് വെടിയുതിര്‍ത്ത് മുന്നറിയിപ്പ് നല്‍കുക പോലുള്ള നടപടിക്രമങ്ങള്‍ പോലും പാലിച്ചില്ലെന്നാണ് വിവരം.

1996ലാണ് വേദാന്ത കമ്പനി തൂത്തൂക്കുടിയില്‍ പ്ലാന്റ് ആരംഭിച്ചത്. ചെമ്പ് ശുദ്ധീകരിച്ച് ഇലക്‌ട്രോണിക് സര്‍ക്യൂട്ടുകള്‍ ഇലക്ട്രിക് വയറുകള്‍ എന്നിവയില്‍ ഉപയോഗിക്കുന്ന ചെമ്പ് നാരുകളും ചെമ്പ് ഘടകങ്ങളും നിര്‍മിക്കുകയാണ് കമ്പനി പ്രധാനമായും ചെയ്യുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ താത്കാലികമായി പലതവണ പ്ലാന്റ് അടച്ചുപൂട്ടിയിട്ടുണ്ട്. നിര്‍ബന്ധമായി ഉണ്ടാകേണ്ട ലൈസന്‍സ് ഇല്ലാതെയും കമ്പനി പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്ലാന്റില്‍ നിന്ന് ഉയരുന്ന വിഷപ്പുകയും രാസമാലിന്യങ്ങളും ശ്വാസകോശ രോഗത്തിനും അര്‍ബുദം ഉള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ക്കും കാരണമാകുന്നതായി പ്രദേശവാസികള്‍ കാലങ്ങളായി പരാതിപ്പെട്ടിരുന്നു. ജനവാസ മേഖലയിലെ പ്ലാന്റിന്റെ രണ്ടാം ഘട്ട വികസനത്തിനെതിരെയാണ് ജനകീയ പ്രക്ഷോഭം തുടങ്ങിയത്. പ്രത്യക്ഷ സമരം തുടങ്ങി നൂറ് ദിവസം പിന്നിടുന്നതിന്റെ ഭാഗമായാണ് സമരക്കാര്‍ ചൊവ്വാഴ്ച നിരോധനാജ്ഞ ലംഘിച്ച് കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്. പോലീസ് തടഞ്ഞതോടെ അക്രമാസക്തമായി. നിരവധി വാഹനങ്ങള്‍ക്ക് സമരക്കാര്‍ തീയിട്ടു. കണ്ണീര്‍വാതകം പ്രയോഗിച്ചെങ്കിലും ജനങ്ങള്‍ പിരിഞ്ഞു പോയില്ല. സാമൂഹിക പ്രവര്‍ത്തകരും പരിസ്ഥിതി രംഗത്തെ ഉന്നതരും പങ്കെടുത്ത മാര്‍ച്ച് പൊടുന്നനെ നിയന്ത്രണം വിടുകയായിരുന്നു. മറ്റൊരു വഴിയുമില്ലാതെ വന്നപ്പോള്‍ വെടിവെച്ചുവെന്നാണ് പോലീസ് ഭാഷ്യം.

ജനരോഷം അംഗീകരിക്കാനും ഇത്തരമൊരു അവസ്ഥയിലേക്ക് കാര്യങ്ങള്‍ വഴുതും മുമ്പ് വിഷയത്തില്‍ ഫലപ്രദമായി ഇടപെടാനും സാധിക്കാത്ത സംസ്ഥാന സര്‍ക്കാറിനെയും ജില്ലാ ഭരണകൂടത്തെയും തന്നെയാണ് ഇവിടെ പഴിക്കേണ്ടത്. പോലീസിനെ കയറൂരിവിട്ട് ഒരു ജനകീയ സമരത്തെയും ശിഥിലമാക്കാന്‍ സാധിക്കില്ല. ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാതെ വ്യാവസായിക വികസനം സാധ്യവുമല്ല. അടിച്ചൊതുക്കിയും വെടിവെച്ചും വ്യവസായത്തിന്റെ വഴിവെട്ടാന്‍ ശ്രമിച്ചവരൊക്കെ പരാജയമടഞ്ഞിട്ടേ ഉള്ളൂ. പ്രദേശത്ത് ആരോഗ്യപ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നുണ്ടെന്ന് വേദാന്ത യൂനിറ്റിന്റെ ആരംഭം മുതല്‍ തന്നെ വിവിധ പരിസ്ഥിതി സംഘങ്ങള്‍ നടത്തിയിട്ടുള്ള പഠന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയതാണ്. തൂത്തുക്കുടിയില്‍ എട്ട് നഗരങ്ങളിലും 27 ഗ്രാമങ്ങളിലുമായി 4.6 ലക്ഷം പേര്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്തെ ഓരോ വീട്ടിലും ശരാശരി ഒരാള്‍ വീതം പ്ലാന്റില്‍ നിന്നുള്ള മലിനീകരണം മൂലം രോഗിയാകുന്നതായാണ് റിപ്പോര്‍ട്ട്. കാന്‍സര്‍, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, ഹൃദ്രോഗങ്ങള്‍ എന്നിവ പ്രദേശവാസികളെ അലട്ടുന്നുണ്ട്. ജലചൂഷണം വേറെയും. കമ്പനിയുടെ പ്രവര്‍ത്തനം തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ പിഴയടച്ച് പ്രവര്‍ത്തനം തുടരാനാണ് ഉത്തരവ് വന്നത്. പിന്നെ ജനങ്ങള്‍ എന്ത് ചെയ്യും? അവര്‍ അക്രമാസക്തരായി എന്ന് പഴിക്കുന്നതില്‍ എന്ത് അര്‍ഥമാണുള്ളത്?

എന്ത്‌വില കൊടുത്തും പ്ലാന്റ് സംരക്ഷിക്കാന്‍ എടപ്പാടി പളനി സ്വാമി സര്‍ക്കാറിന് കേന്ദ്ര സര്‍ക്കാറിന്റെ പിന്തുണയുണ്ടെന്നാണ് പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് കുറച്ച് കൂടി കടന്ന് ഗുരുതരമായ മറ്റൊരു തലത്തിലെത്തുന്നു. തമിഴ് ജനത സംഘ് അജന്‍ഡയെ തിരസ്‌കരിക്കുന്നത് കൊണ്ടാണ് അവര്‍ ഇങ്ങനെ കൂട്ടക്കൊല ചെയ്യപ്പെടുന്നതെന്നാണ് രാഹുല്‍ തമിഴില്‍ നടത്തിയ ട്വീറ്റില്‍ പറയുന്നത്. തമിഴ് വികാരത്തെ അങ്ങനെയൊന്നും അടിച്ചമര്‍ത്താന്‍ സാധിക്കില്ലെന്നും രാഹുല്‍ പറഞ്ഞുവെക്കുന്നു.

വ്യവസായങ്ങള്‍ അടക്കമുള്ള എല്ലാ സംവിധാനങ്ങളും മനുഷ്യരെയും പ്രകൃതിയിലെ മറ്റെല്ലാ ജീവജാലങ്ങളെയും പരിഗണിച്ചുകൊണ്ടാകണം. ആഘാതം പരമാവധി കുറച്ച് കൊണ്ടാണ് ഇത്തരം വികസനങ്ങള്‍ നടക്കേണ്ടത്. ലോകത്താകെ ഈ ദിശയില്‍ വലിയ മാറ്റങ്ങള്‍ നടക്കുമ്പോള്‍ ചുറ്റും താമസിക്കുന്നത് ദരിദ്രരായ മനുഷ്യരാണ് എന്നതിനാല്‍ അവര്‍ മരിച്ചു തീരട്ടെ എന്ന നയം തുടരുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ല.

---- facebook comment plugin here -----

Latest